ദുബായിൽ സർക്കാർ ഫീസ് തവണകളായി അടക്കാം; പുതിയ പദ്ധതി

dubai-fees-29-04
SHARE

ദുബായിൽ സർക്കാർ ഫീസും പിഴയും തവണകളായി അടയ്ക്കാൻ സൌകര്യം. വിവിധ സർക്കാർ വകുപ്പുകൾ പ്രസിദ്ധീകരിക്കുന്ന പട്ടികയിലുൾപ്പെട്ട സേവനങ്ങൾക്കും പിഴകൾക്കുമാണ് പ്രത്യേകസൌകര്യം ലഭിക്കുക. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ തവണകളായി അടയ്ക്കാൻ നേരത്തേ സൌകര്യമൊരുക്കിയിരുന്നു.

പൊതുജനങ്ങൾക്കു ബുദ്ധിമുട്ടില്ലാതെ സർക്കാർ സേവനങ്ങളുമായി സഹകരിക്കാൻ സൌകര്യമൊരുക്കിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവു പുറപ്പെടുവിച്ചത്. വ്യക്തികൾക്ക് 10,000 ദിർഹത്തിനു മുകളിലുള്ള ഫീസും ബിസിനസ് സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം ദിർഹത്തിൽ കൂടുതലുള്ള ഫീസും തവണകളായി അടയ്ക്കാനാകുമെന്നു ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. വ്യക്തികൾക്കു അയ്യായിരം ദിർഹത്തിനും ബിസിനസ് സ്ഥാപനങ്ങൾക്കു ഇരുപതിനായിരം ദിർഹത്തിനും മുകളിലുള്ള പിഴ തവണകളായി അടയ്ക്കാനാണ് സൌകര്യം ഒരുങ്ങുന്നത്. പരമാവധി രണ്ടു വർഷത്തിനകം അടച്ചു തീർക്കണമെന്നാണ് നിർദേശം. 

എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ ധനകാര്യവകുപ്പിന് ഇക്കാര്യത്തിൽ ഭേദഗതി വരുത്താൻ അനുമതി നൽകിയിട്ടുണ്ട്. ഏതൊക്കെ സേവനങ്ങൾക്കും പിഴകൾക്കുമാണ് തവണകളായി അടയ്ക്കാൻ സൌകര്യമൊരുക്കുന്നതെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ദുബായ് ധനകാര്യവകുപ്പ് ഡയറക്ടർ ജനറൽ പ്രത്യേക ഉത്തരവിലൂടെ അറിയിക്കും.

MORE IN GULF
SHOW MORE