യു.എ.ഇയിൽ കനത്ത മഴ തുടരുന്നു; ജാഗ്രതാ നിർദേശം

uae
SHARE

യു.എ.ഇയിലെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദേശം. ദുബായിൽ മാത്രം ഒരുദിവസത്തെ മഴക്കിടെ ഇരുന്നൂറിലധികം വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. റാസൽ ഖൈമയിൽ കുടുങ്ങിയ നാന്നൂറോളം പേരെ പൊലീസ് രക്ഷപെടുത്തി.  

ഇന്നലെയും ഇന്നുമായി തുടരുന്ന ശക്തമായ മഴയിൽ ദുബായിൽ 203 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് അറിയിച്ചു. ദുബായ് പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻററിൽ അടിയന്തര സഹായം തേടി 5781 ഫോൺകോളുകൾ ലഭിച്ചതായി ആക്ടിങ് ഉദ്യോഗസ്ഥൻ കേണൽ മുഹമ്മദ് അബ്ദുല്ല അല്ഡ മുഹൈരി പറഞ്ഞു. റാസൽ ഖൈമയിലെ മലനിരകളിലും താഴ്വാരങ്ങളിലുമായി കുടുങ്ങിയ വിനോദസഞ്ചാരികളടക്കമുള്ള നാന്നൂറോളം പേരെ പൊലീസ് രക്ഷപെടുത്തി.

ഹെലികോപ്റ്ററിലെത്തിയാണ് പൊലീസ് രക്ഷാപ്രവർത്തനം നടത്തിയത്. മുനിസിപ്പാലിറ്റി, പൊലീസ്, സിവിൽ ഡിഫൻസ് സംഘങ്ങൾ റോഡിലെ വെള്ളക്കെട്ടുകൾ നീക്കുന്നതു തുടരുകയാണ്. റാസൽഖൈമയിൽ ജെബൽ ജൈസ്, യനാസ് മലനിരകൾ, അബുദാബിയിൽ ഷംഹ, അൽ ദഫ്‌റ, അൽ വത്ബ, മദിനത് സായിദ്, ദുബായിൽ മാർഗ്ഹാം,  അൽ ഐനിൽ അൽ ഫഖ, ഷാർജയിൽ മനാമ, ദൈദ്, ഫുജൈറയിൽ മസാഫി, അൽ തവിൻ, ഉം അൽ ഖുവൈനിൽ ഫലജ് അൽ മുഅല്ല എന്നിവിടങ്ങളിൽ കനത്ത മഴപെയ്തു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലനിരകൾ, കടൽത്തീരം തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് പൊലീസ് നിർദേശം. വാഹനമോടിക്കുന്നവർ കൃത്യമായ അകലം പാലിക്കുകയും ജാഗ്രത കാട്ടുകയും വേണമെന്നും പൊലീസ് അറിയിക്കുന്നു.

MORE IN GULF
SHOW MORE