യു.എ.ഇയിൽ സ്പോൺസർഷിപ്പ് നിയമം ഉദാരമാക്കി; ഇനി വരുമാനം അടിസ്ഥാനമാക്കും

dubai-city
SHARE

യു.എ.ഇയിൽ വിദേശികളുടെ കുടുംബത്തെ കൊണ്ടുവരാനുള്ള സ്പോൺസർഷിപ്പ് നിയമം ഉദാരമാക്കി. ജോലിക്കു പകരം വരുമാനം അടിസ്ഥാനമാക്കിയായിരിക്കും ഇനി കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനുള്ള അനുമതി നൽകുക. നിയമ ഭേദഗതിക്കു മന്ത്രിസഭ അംഗീകാരം നൽകി.

നിലവിൽ നിശ്ചിത പ്രഫഷനിലും കുറഞ്ഞതു 4000 ദിർഹം ശമ്പളവും ഉള്ളവർക്കാണ് സ്വന്തം സ്പോൺസർഷിപ്പിൽ കുടുംബത്തെ കൊണ്ടുവരാനാകുന്നത്. അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും കമ്പനി നൽകുന്ന കുടുംബ താമസ സൗകര്യവും വേണമെന്നാണ് നിബന്ധന. പുതിയ നിയമം അനുസരിച്ച് നിശ്ചിത വരുമാനം ഉള്ള ആർക്കും കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള അനുമതി ലഭിക്കും. 

വരുമാന പരിധി സംബന്ധിച്ച പ്രഖ്യാപനം ഉടനെ ഉണ്ടാകും. കുടുംബത്തിന്റെ സാന്നിധ്യം തൊഴിലാളികളുടെ പ്രവർത്തനക്ഷമത കൂട്ടുമെന്നാണ് വിലയിരുത്തൽ. വിദേശികളുടെ കുടുംബാംഗങ്ങൾക്ക് യു.എ.ഇ.യിൽ ജോലി കണ്ടെത്താൻ കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഇവർ തൊഴിൽ ചെയ്യാൻ തുടങ്ങിയാൽ കൂടുതൽ പേരെ വിദേശത്തുനിന്ന് കണ്ടെത്തേണ്ടി വരില്ലെന്നത് രാജ്യത്തിൻറെ സമ്പദ്ഘടനയ്ക്കു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നു. വിദേശ ജോലിക്കാരുടെ കുടുംബ ഭദ്രത ശക്തിപ്പെടുത്താനുള്ള നിയമഭേദഗതി മന്ത്രിസഭ കൊണ്ടുവരുമെന്ന് മനുഷ്യവിഭവ സ്വദേശിവൽകരണ മന്ത്രി നാസിർ ബിൻ താനി അൽ ഹംലി പറഞ്ഞു. 

വിദ്യാഭ്യാസ, ആരോഗ്യ, സേവന മേഖലകളിൽ വിദേശികൾക്കു നൽകിവരുന്ന സേവനങ്ങൾ പഠനവിധേയമാക്കാനും ആവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.