200 ലക്ഷം ദിർഹത്തിന് പരിസ്ഥിതി സൌഹൃദ വില്ലകൾ; പ്രത്യേകതകൾ ഇവ

sharjah-sustainable-city-project
SHARE

പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ പുതിയ മാതൃകയുമായി ഷാർജയിൽ സുസ്ഥിരനഗര പദ്ധതി. ഇരുന്നൂറു ലക്ഷം ദിർഹത്തിൻറെ പദ്ധതിയിൽ പരിസ്ഥിതി സൌഹൃദ വില്ലകൾ നിർമിക്കും. ഷാർജ രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണ് പ്രവാസികൾക്കുകൂടി സഹായകരമാകുന്ന പദ്ധതി.

കാലാവസ്ഥാ മാറ്റം വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിലാണ് ഷാർജയിൽ പരിസ്ഥിതി സൌഹൃദ സുസ്ഥിരവികസന മാതൃക ഒരുങ്ങുന്നത്. പ്രകൃതിവിഭവങ്ങളും സൗകര്യങ്ങളും വരും തലമുറയ്ക്കു കൂടി കരുതിവയ്ക്കാൻ ലക്ഷ്യമിട്ടാണ് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയും ഡയമണ്ട് ഡെവലപ്പേഴ്സും ചേർന്നു പുതിയ നഗരം സൃഷ്ടിക്കുന്നത്. 7.2 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ ഷാർജ രാജ്യാന്തര വിമാനത്താവളത്തിന്റെയും സർവകലാശാലയുടേയും സമീപപ്രദേശമായ അൽ റഹ്മാനിയയിലാണ് സസ്‌റ്റൈനബിൾ സിറ്റി ഒരുങ്ങുന്നത്. 

200 ലക്ഷം ദിർഹം ചെലവഴിച്ചു നിർമിക്കുന്ന സുസ്ഥിര നഗരത്തിൽ ഉന്നത നിലവാരത്തിലുള്ള 1120 പരിസ്ഥിതിസൗഹൃദ വില്ലകളുണ്ടാവും. സ്വദേശികൾക്കും ഷാർജ സർക്കാരിന് കീഴിൽ ജോലിചെയ്യുന്ന വിദേശികൾക്കും വില്ലകളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാം.  വൈദ്യുതി ഉപഭോഗത്തിൽ നൂറു ശതമാനം വരെ കുറവ് വരുത്താൻ പാകത്തിലുള്ള സൗരോർജ പ്ലാന്റുകൾ പദ്ധതിയുടെ ഭാഗമാണ്. പഴവർഗ്ഗങ്ങളും പച്ചക്കറികളും തോട്ടങ്ങളിൽ ഉത്പാദിപ്പിക്കും. റെസ്റ്ററന്റുകൾ, തിയേറ്ററുകൾ, ഹെൽത്ത് സെന്റർ, ജോഗിങ് ട്രാക്ക്, ഷോപ്പിങ് മാളുകൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

സ്വദേശികൾക്കും വിദേശികൾക്കും ഷാർജയിൽ ഉന്നത നിലവാരത്തിൽ ജീവിക്കാനവകാശമുണ്ടെന്നു പദ്ധതി ഉദ്ഘാടനം ചെയ്തു ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.  ശുറൂഖ്‌ എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ, സസ്‌റ്റൈനബിൾ സിറ്റി സിഇഒ യൂസഫ് അൽ മുത്തവ, മലയാളി വ്യവസായി ഡോ. എം.എ. യൂസഫലി അടക്കമുള്ള പ്രമുഖർ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.