ഈ സേവനങ്ങൾ ഇനി ഓൺലൈൻ വഴി; സുഗമ സേവനവുമായി ദുബായി പൊലീസ്

dubai-police-2603
SHARE

ദുബായ് പൊലീസിൻറെ എട്ടു സേവനങ്ങൾ കൂടി ഓൺലൈൻ വഴിയാക്കുന്നു. ഗതാഗത നിയമലംഘനങ്ങൾക്കു പിഴയടയ്ക്കുന്നതടക്കമുള്ള സേവനങ്ങൾ അടുത്തമാസം ഒന്നുതുടങ്ങി ഓൺലൈൻ വഴിയാകും. പൊതുജനങ്ങളിൽ എൺപതുശതമാനം പേരും ഓൺലൈൻ സേവനങ്ങളാണ് ഉപയോഗിക്കുന്നതെന്നു ദുബായ് പൊലീസ് വ്യക്തമാക്കി.

പൊതുജനങ്ങളുടെ സമയനഷ്ടം പരിഹരിക്കുന്നതിനും സേവനങ്ങൾ കൂടുതൽ ലളിതമാക്കാനും ലക്ഷ്യമിട്ടാണ് എട്ടു സേവനങ്ങൾ കൂടി ഓൺലൈൻ വഴിയാക്കുന്നത്. ആർക്കും പരുക്കേറ്റിട്ടില്ലാത്ത വാഹനാപകട റിപ്പോർട്ട്, അപകട റിപ്പോർട്ടുകളുടെ പകർപ്പ്, ട്രാഫിക്  ക്ലിയറൻസ് സർട്ടിഫിക്കറ്റ്, അജ്ഞാത വാഹനങ്ങൾ തട്ടിയുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എന്നിവയ്ക്ക് അപേക്ഷ നൽകൽ,  ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തവണകളായുള്ള പിഴയടയ്ക്കൽ, ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പരിശോധിക്കൽ, ഗതാഗതം സുഗമമാണോയെന്ന പരിശോധന എന്നിവയാണ് ഓൺലൈനിലാകുന്ന സേവനങ്ങൾ. അടുത്തമാസം ഒന്നുതുടങ്ങി ഈ സേവനങ്ങൾ ഓൺലൈൻ വഴി മാത്രമാകുന്നതോടെ പൊലീസ് സ്റ്റേഷനുകളിലും ഉപഭോക്തൃ ഇവ നിർത്തലാക്കും. 

അടുത്തഘട്ടമായി ജൂലൈ ഒന്നുമുതൽ നാലു സേവനങ്ങൾ കൂടി ഓൺലൈൻ വഴിയാക്കും. കേടായ വാഹനങ്ങൾ റോഡിൽ നിന്നു നീക്കാനുള്ള അപേക്ഷ, ഇതിനുള്ള പണമടയ്ക്കൽ തുടങ്ങിയവയാണ് ഓൺലൈൻ വഴിയാക്കുന്നതെന്നു പൊലീസ് ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.  അതേസമയം, സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ സ്മാർട് പൊലീസ് സ്റ്റേഷനുകളും 1,000 കിയോസ്ക്കുകളും തുറന്നിട്ടുണ്ടെന്നും ബ്രിഗേഡിയർ ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

MORE IN GULF
SHOW MORE