കേരളത്തിൽ‌ ഖത്തർ വീസകൾക്കായി പുതിയ കേന്ദ്രം ഉടൻ

qatar-visa-24-03-19
SHARE

കേരളത്തില്‍ ഖത്തര്‍ വീസ നടപടികൾക്കായി പുതിയ കേന്ദ്രം ഉടൻ പ്രവര്‍ത്തനമാരംഭിക്കും. ഖത്തർ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച പ്രത്യേക ഏജൻസിയുടെ കീഴിൽ ഇടപ്പള്ളിയിലായിരിക്കും സ്ഥാപനം. ഖത്തറിലേക്കുള്ള വീസയുടെ നടപടി ക്രമങ്ങൾ ഇവിടെ പൂർത്തിയാക്കാനാകും.

തൊഴില്‍ വീസയില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്ക് തൊഴിൽ കരാർ ഒപ്പുവയ്ക്കുന്നതും മെഡിക്കൽ പരിശോധന നടത്തുന്നതും അടക്കമുള്ള നടപടികളെല്ലാം ഇനി കേരളത്തിൽ വച്ചുതന്നെ പൂർത്തിയാക്കാനാകും. കൊച്ചി ഓഫീസിലെ നടപടിക്രമങ്ങൾക്കു ശേഷം ഖത്തറിലെത്തി നേരിട്ടു ജോലിയിൽ പ്രവേശിക്കാം.  ജോലിക്കു പ്രവേശിക്കുന്ന ദിവസം തന്നെ റസിഡൻസി ഐഡൻറിറ്റി കാർഡു ലഭിക്കും. ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളിലാണ് വീസ കേന്ദ്രങ്ങൾ തുടങ്ങുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. 

ഖത്തറിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് സുതാര്യമായ നടപടികളിലൂടെ കടന്നു പോകാനാകുമെന്നതാണ് ഏറ്റവും പ്രധാനം. ഇതുവഴി തൊഴിൽ ചൂഷണം അടക്കമുള്ളവ പൂർണമായും ഇല്ലാതാകും. ഇടനിലക്കാരുടെ ചൂഷണവും നിലയ്ക്കും.  ഖത്തറില്‍ എത്തിയ ശേഷം മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ട് മടങ്ങിപ്പോകുന്ന അവസ്ഥയും ഒഴിവാക്കാനാകും. മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നോ എന്നിവിടങ്ങളിലും വീസ കേന്ദ്രങ്ങള്‍ തുടങ്ങും.

MORE IN GULF
SHOW MORE