പൊടിക്കാറ്റിൽ പാടുപെട്ട് യുഎഇ; തിരമാല 9 അടി വരെ ഉയർന്നു

uae-climate
SHARE

യുഎഇയിലെ ശക്തമായ പൊടിക്കാറ്റും ചാറ്റൽ മഴയും ജനജീവിതത്തെ ബാധിച്ചു. പുറത്തിറങ്ങാനാവാത്തവിധം വീശിയടിച്ച ശക്തമായ കാറ്റ് നിർമാണ തൊഴിലാളികളെയും കാൽനട, ബൈക്ക് യാത്രക്കാരെയും വീടുകളിൽ സാധനങ്ങൾ എത്തിക്കുന്നവരെയുമാണ് ഏറെ ബാധിച്ചത്. ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതവും ദുഷ്കരമാക്കി. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കുളിക്കാനിറങ്ങുന്നവർ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി.

നിർമാണ കേന്ദ്രങ്ങളിൽ താൽക്കാലിക വേലികൾ പൊളിഞ്ഞുവീണു. ടെറിസിന് മുകളിൽ സ്ഥാപിച്ച ഡിഷുകളും ഒടിഞ്ഞുവീണു. തിരമാല 9 അടി വരെ ഉയർന്നതിനാൽ വാരാന്ത്യമായിട്ടുകൂടി ബീച്ചുകൾ വിജനമായിരുന്നു. പാർക്കുകളിലും ആളുകൾ കുറവായിരുന്നു. അബുദാബി, ദുബായ്, ഫുജൈറ, റാസൽഖൈമ, ഷാർജ എമിറേറ്റുകളിലെ ചില ഭാഗങ്ങളിൽ ഇന്നലെ ചാറ്റൽ മഴയുണ്ടായി. റാസൽഖൈമയിൽ ആറുനിലയുള്ള പഴയ കെട്ടിടം ഇടിഞ്ഞുവീണു. ഒട്ടേറെ വാഹനാപകടങ്ങളുമുണ്ടായി. ആളപായമില്ല. ചൊവ്വാഴ്ച വരെ ഇതേ കാലാവസ്ഥ തുടരുമെന്നും വരും ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും ഇടിമിന്നലിന്റെ അകമ്പടിയോടെയുള്ള മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

തീരപ്രദേശത്തേക്ക് നീങ്ങുന്ന മഴ മേഘങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽകൂടി മഴയ്ക്ക് കാരണമാകും. അറേബ്യൻ ഉപദ്വീപിൽ രൂപംകൊണ്ട ന്യൂനമർദമാണ് കാറ്റ് ശക്തമാകാൻ കാരണം. അടുത്ത 2 ദിവസംകൂടി കാറ്റിന്റെ ശക്തികൂടും. പിന്നീട് കുറഞ്ഞുവരും. തണുപ്പിൽനിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണ് അസ്ഥിര കാലാവസ്ഥ. ആസ്മ, അലർജി രോഗങ്ങളുള്ളവർ പുറത്തിറങ്ങരുതെന്നും അത്യാവശ്യ ഘട്ടത്തിൽ പോകേണ്ടിവന്നാൽ മുഖാവരണം ധരിക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

വേഗപരിധി 80 കിലോമീറ്റർ

അബുദാബി∙ അസ്ഥിര കാലാവസ്ഥാ സമയങ്ങളിൽ പരമാവധി വേഗപരിധി 80 കിലോമീറ്ററായിരിക്കുമെന്ന് അബുദാബി പൊലീസ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് തീരുമാനം. മഴ, പൊടിക്കാറ്റ്, മൂടൽ മഞ്ഞ് തുടങ്ങിയ സന്ദർഭങ്ങളിൽ വേഗം കുറച്ചും അതീവ ശ്രദ്ധയോടെയും വാഹനമോടിക്കണം. വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കുകയും വേണം. പൊടിക്കാറ്റുള്ള സന്ദർഭങ്ങളിൽ ദൂരക്കാഴ്ച കുറയും. ലെയ്ൻ മാറുമ്പോഴും ശ്രദ്ധ പുലർത്തണം. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും പൊലീസ് ജനങ്ങളെ ബോധവൽക്കരിക്കുന്നുണ്ട്. ഇംഗ്ലിഷ്, അറബിക്, മലയാളം ഭാഷകളിൽ ദൃശ്യസഹിതമാണ് മുന്നറിയിപ്പ് സന്ദേശം നൽകുന്നത്.

ബോട്ട് മുങ്ങി; 7 പേരെ രക്ഷപ്പെടുത്തി

റാസൽഖൈമ ∙പുറംകടലിൽ മുങ്ങിയ ബോട്ടിൽ നിന്ന് ഏഷ്യക്കാരടക്കം 7 വിനോദസഞ്ചാരികളെ പൊലീസ് ദ്രുതകർമ വിഭാഗം രക്ഷപ്പെടുത്തി. തിരകളിൽപ്പെട്ടു മുങ്ങിത്താണ ഏഷ്യൻ വനിതയെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഇവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. മിന അൽ അറബിനു സമീപം വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പ്രക്ഷുബ്ധമായ കടലിൽ യന്ത്രത്തകരാർ മൂലം നിശ്ചലമായ ബോട്ട് മുങ്ങുകയായിരുന്നു. സഹായം തേടി സന്ദേശം ലഭിച്ചയുടൻ പൊലീസ് ബോട്ടുകൾ പാഞ്ഞെത്തി. ഉല്ലാസയാത്രയ്ക്കു പോകുന്നവർ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നു പൊലീസ് ഉപമേധാവി ബ്രിഗേഡിയർ ജനറൽ അബ്ദുല്ല ഖാമിസ് അൽ ഹദീദി പറഞ്ഞു. പ്രക്ഷുബ്ധകാലാവസ്ഥയിൽ കടൽയാത്ര സുരക്ഷിതമല്ല. പുറപ്പെടുംമുൻപ് പൊലീസിനെ അറിയിക്കണമെന്നും നിർദേശിച്ചു.

MORE IN GULF
SHOW MORE