വർഷങ്ങളോളം സങ്കടം പേറിയ ഉമ്മ; സ്നേഹത്തിന്റെ ഒാർമകളിൽ ഷെയ്ഖ് മുഹമ്മദ്

dubai-sheikh-book
SHARE

അനുഭവങ്ങളുടെ മൂശയിലാണ് ജീവിതം കരുത്തും തിളക്കവും നേടുന്നത്, സ്വർണം തീയിൽ എന്ന പോലെ. യുഎഇ  വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജീവിതം അങ്ങനെ ശോഭ നേടിയതാണെന്ന് അദ്ദേഹത്തിന്റെ ജീവിതകഥയായ ഖിസ്സതി (എന്റെ കഥ) വായിച്ചാൽ വ്യക്തം. അപൂർണമായ ജീവിതകഥയെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഖിസ്സതിയിലെ 50 അധ്യായങ്ങൾ ഈ ദേശത്തിന്റെ കഥ കൂടിയാണ്. പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം.

ലത്തീഫ എന്നാൽ അർഥം നൈർമല്യവതി, അനുകമ്പയുള്ളവൾ, അത്യുൽകൃഷ്ട, കൂട്ടുകാരി ..... എന്നെല്ലാമാണ് സാങ്കേതികമായി ലതീഫ ഹൃദയവിശാലതയുള്ളവളാണ്. ജീവിതത്തിൽ അവരെന്റെ ഉമ്മയാണ്, എന്റെ നെഞ്ചിൽ തുടിക്കുന്ന ഖൽബാണ്. അതീവസുന്ദരി, മൃദുലഹൃദയ, അലിവിന്റെ അക്ഷയഖനി, എന്റെ ജീവിതത്തിലെ അവിഭാജ്യവനിത; ലതീഫ ബിൻത് ഹംദാൻ ബിൻ സായിദ്‌ അൽ നഹ്യാൻ 1912 മുതൽ 1922 വരെ അബുദാബി ഭരണാധികാരിയായിരുന്ന മഹാന്റെ പുത്രി.

ദുബായ് ഭരണാധികാരിയായിരുന്ന റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ ജീവിത പങ്കാളിയായി 4 പതിറ്റാണ്ട് ജീവിച്ചു. അവരുടെ മരണശേഷം റാഷിദ് ബിൻ സയീദ് ഏറെ മാറി. അദ്ദേഹത്തിന്റെ അന്ത്യം വരെ പഴയ റാഷിദിലേക്കു തിരിച്ചു വരാൻ സാധിച്ചിരുന്നില്ല. എന്റെ ഉമ്മ സമാധാനത്തിന്റെയും ശാന്തിയുടെയും മൂർത്തീഭാവമായിരുന്നു. റാഷിദുമായുള്ള അവരുടെ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം ആദ്യത്തെ കുഞ്ഞു ജനിച്ചു, ഷെയ്ഖ മറിയം. മൂന്നു വർഷം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ഷെയ്ഖ് മക്തൂം ബിൻ റാഷിദ്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭദശയിൽ ദുബായ് ഭരണാധികാരിയായിരുന്ന പൂർവപിതാവിന്റെ പേരാണ് നൽകിയത്. ഷെയ്ഖ് മക്തൂം വൻ വരവേൽപ് ഏറ്റുവാങ്ങി. കുറച്ച് കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ കുടുംബത്തിൽ അടുത്ത കൺമണി പിറന്നു.

ഹംദാൻ ബിൻ റാഷിദ്. മുൻ അബുദാബി ഭരണാധികാരി ഹംദാൻ ബിൻ സായിദിന്റെ പേരാണ് ഉപ്പ നൽകിയത്. പിന്നീട് ഒരു ആൺകുഞ്ഞു കൂടി കുടുംബത്തിലെ അംഗമായി. അവനെ മർവാൻ എന്നാണു വിളിച്ചത്. ചെറുപ്പത്തിൽ തന്നെ ദുഃഖകഥയായി മർവാൻ മടങ്ങി. ആ മരണം, അലിവിന്റെ നിറകുടമായ മാതാവിനു താങ്ങാനാകുന്നതായിരുന്നില്ല. വർഷങ്ങളോളം സങ്കട ഭാരം സഹിച്ചാണ് ഉമ്മ ദിനങ്ങൾ തള്ളിയത്. ഇനിയുണ്ടാകുന്ന കുഞ്ഞിന് ‘മുഹമ്മദ്’ എന്നു പേരിടുമെന്ന് ഉമ്മ സ്വപ്നം കണ്ടതായി പറഞ്ഞിരുന്നു. അങ്ങനെ അവർ ആൺകുഞ്ഞിനെ പ്രസവിച്ചു. അവർ അവനെ പേർ വിളിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എല്ലാ മക്കൾക്കും മാതാവ് സ്നേഹത്തിന്റെ മഹാപ്രവാഹമാണ്. ഞാൻ ഉമ്മയുമായി ഏറെ അടുപ്പമുള്ള മകനായിരുന്നു. സമാനതകളില്ലാതെ സ്നേഹം അനുഭവിച്ചു.

രണ്ടും മൂന്നും വയസ്സിൽ ഉപ്പ എന്നെ കുതിരയുടെ മുന്നിലിരുത്തി സവാരി ചെയ്തു. എവിടെ പോയാലും എന്നെയും കൊണ്ടായിരുന്നു സഞ്ചാരം. നേരത്തെ ഉണരാൻ ഞാൻ തൽപരനായിരുന്നു. വേലക്കാർ ഉണ്ടായിട്ടും ഉമ്മ സ്വയം പ്രാതൽ ഉണ്ടാക്കുമായിരുന്നു. ഉമ്മ ഉണ്ടാക്കുന്ന റൊട്ടിയുടെ ഗന്ധം ഇപ്പോഴും ഉള്ളിലുണ്ട്. പുലർച്ചെ ഉമ്മയുമായുള്ള കൊച്ചുവർത്തമാനം ഓർമയിൽ വരുന്നു. പച്ചമരുന്നുകൾ കൊണ്ടുള്ള ചികിത്സാവിധികൾ ഞാൻ ശ്രദ്ധാപൂർവം ശ്രവിക്കും. ഉമ്മയുടെ ആ രംഗത്തുള്ള വൈദഗ്ധ്യം വിശ്രുതമായിരുന്നു. ജനങ്ങൾ കുട്ടികളെയും ഉറ്റവരെയും കൂട്ടി വഴിത്താരകൾ താണ്ടി വിദൂര ദിക്കുകളിൽ നിന്നു പോലും ഉമ്മയുടെ അടുത്തു വരുമായിരുന്നു. പച്ചമരുന്നുകളുടെ മിശ്രിതത്തിൽ തീർത്ത ലേപനങ്ങളും ഔഷധങ്ങളും അവർക്ക് നൽകും.

ചില പുരുഷന്മാരെക്കാൾ വിദഗ്ധമായി ആയുധമുപയോഗിക്കാൻ ഉമ്മ പരിശീലിച്ചു. ഒട്ടകത്തെയും കുതിരയെയും മെരുക്കിയെടുക്കാനും അനായാസം സാധിക്കും. അവരുടെ മജ്‌ലിസുകൾ വനിതകളെ കൊണ്ട് നിറഞ്ഞിരുന്നു. അവരുടെ വിഷമതകൾ ഷെയ്ഖ് റാഷിദിന്റെ സമക്ഷം കൊണ്ടുവരാൻ ഉമ്മ ശ്രദ്ധിച്ചു. ശക്തവും സ്നേഹാർദ്രവുമായ വ്യക്തിത്വത്തിന്റെ ഉടമയാണ് ഉമ്മയെന്ന് അവരെ അറിയുന്നവരെല്ലം അടിവരയിടും. സ്കൂളിൽ പോകുന്നതിനു മുൻപ് തന്നെ പ്രാതൽ ഉമ്മ ഒരുക്കിയിരിക്കും. വഴിമധ്യേ ആ ഭക്ഷണം ഞാൻ രണ്ടായി ഭാഗിക്കും. ഒരു വിഹിതം എനിക്കും ശേഷിക്കുന്ന ഭാഗം ഏറ്റവും പ്രിയമുള്ള കുതിരക്കുഞ്ഞിനും. കാരണം മുട്ടയിൽ പാകം ചെയ്ത ധാന്യപ്പൊടി കൊണ്ടുള്ള റൊട്ടി കുതിരകൾക്ക് ഫലപ്രദമാണെന്ന് കുട്ടിക്കാലത്ത് ഞാൻ കരുതിയിരുന്നു.

വിശപ്പിന്റെ കാഠിന്യം കാരണം കൊടുത്തയയ്ക്കുന്ന ഭക്ഷണം എനിക്ക് തികയുന്നില്ലെന്നാണ് ഉമ്മ കരുതിയത്. എന്റെ വിഭവം രണ്ടായി പകുത്തു വയ്ക്കുന്നതും അവർ മനസ്സിലാക്കിയിരുന്നു. പിറ്റേ ദിവസം ഇരട്ടി ഭക്ഷണമാണ് ടിഫിൻ ബോക്സിൽ കിട്ടിയത്. അതൊരു യാദൃച്ഛികതയായി ഞാൻ വിശ്വസിച്ചു. വലുതായശേഷമാണ് എനിക്ക് ആ സത്യം ബോധ്യമായത്. ഉമ്മ എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്റെ പ്രാതൽ മതിയാകാത്തതിന്റെ കാരണവും അവർക്കറിയാമായിരുന്നു. അങ്ങനെയാണ് ഉമ്മ , നമ്മൾ ഭക്ഷണം കഴിക്കുന്നതു കാണുന്നതു വരെ അവർ ഭക്ഷിക്കില്ല. നമ്മൾ ഉറങ്ങുന്നതു വരെ അവർ വിശ്രമിക്കില്ല. നമ്മുടെ സങ്കടങ്ങളെല്ലാം തീരുന്നതുവരെ അവർ സന്തോഷിക്കില്ല !

തയാറാക്കിയത്: മുജീബ് എടവണ്ണ

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.