സ്പെഷ്യൽ ഒളിംപിക്സിന് നാളെ അബുദബിയിൽ തുടക്കം

special-olympics-13
SHARE

അബുദബി വേദിയാകുന്ന സ്പെഷ്യൽ ഒളിംപിക്സിന് നാളെ തുടക്കം. ഇന്ത്യ അടക്കം നൂറ്റിതൊണ്ണൂറു രാജ്യങ്ങളിൽ നിന്നുള്ള കായികപ്രതിഭകൾ ഇരുപത്തിനാലിനങ്ങളിൽ മാറ്റുരയ്ക്കും. വെള്ളിയാഴ്ച തുടങ്ങുന്ന മൽസരങ്ങൾ ഇരുപത്തിയൊന്നിനു സമാപിക്കും.

അറബ് മേഖലയിലേക്ക് ആദ്യമായെത്തുന്ന സ്പെഷ്യൽ ഒളിംപിക്സിൻറെ ഉദ്ഘാടന മഹാമഹത്തിനു വൈകിട്ട് ആറിനു അബുദബി സ്പോർട് സിറ്റി സാക്ഷിയാകും. പ്രശസ്ത ഗായകരും നർത്തകരും ഉൾപ്പെടുന്ന വൻ സംഘത്തിൻറെ അകമ്പടിയോടെയായിരിക്കും ഇരുപത്തിനാലിനങ്ങളിലായി മൽസരിക്കുന്ന ഏഴായിരത്തിഅഞ്ഞൂറിലധികം കായികപ്രതിഭകളെ വരവേൽക്കുന്നത്. 

അബുദാബിയില്‍ ഏഴും ദുബായിൽ രണ്ടും വേദികളിലായാണ് മത്സരങ്ങൾ. 28 മലയാളികൾ ഉൾപ്പെടെ 289 കായിക താരങ്ങളും 73 കോച്ചുമാരും അടക്കം 378 അംഗ സംഘവുമായി ഇന്ത്യ മൽസരങ്ങളിൽ സജീവമാകും. അത്ലെറ്റിക്സ്, ബാഡ്മിൻറൺ, വോളിബോൾ, സൈക്ളിങ്, ഫുട്ബോൾ, നീന്തൽ, ടേബിൾ ടെന്നിസ് തുടങ്ങി ജനപ്രിയ ഇനങ്ങളിലെല്ലാം നിശ്ചയദാർഡ്യത്തിൻറെ പ്രതീകമായ പ്രതിഭകൾ മാറ്റുരയ്ക്കും. നിശ്ചയദാർഡ്യക്കാർക്കു ലോകത്തോടുള്ള സന്ദേശം പ്രതിഫലിക്കുന്ന വേദികളാണ് ഒരുക്കിയിരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദബി കിരീടാവകാശിയും യു.എ.ഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉദ്ഘാടനത്തിനു സാക്ഷികളാകും. 

MORE IN GULF
SHOW MORE