ഖത്തറില്‍ പൗരന്മാരല്ലാത്ത വ്യക്തികള്‍ക്കും ഭൂവുടമസ്ഥാവകാശത്തിന് അനുമതി

qatar-new
SHARE

ഖത്തറില്‍ പൌരന്മാരല്ലാത്ത വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഭൂവുടമസ്ഥാവകാശത്തിന് ഉടൻ അനുമതി ലഭിക്കും. ഇതിനായുള്ള കരട് പ്രമേയത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. നിയന്ത്രണങ്ങളോടെയായിരിക്കും അനുമതി.

ഖത്തറില്‍ വാണിജ്യവ്യവസായ സംരംഭങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും കമ്പനിയുടമകള്‍ക്കും സഹായകരമായ തീരുമാനമാണ് മന്ത്രിസഭ പാസാക്കിയത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കരട് പ്രമേയം അംഗീകരിച്ചത്. ഇതോടെ പൌരന്മാരല്ലാത്തവര്‍ക്കും ഇനി  രാജ്യത്തെ ഭൂമിയുടെയും കമ്പനികളുടെയും ഉടമകളാകാം. ഖത്തറികളല്ലാത്തവര്‍ക്ക് പത്തു സ്ഥലങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ട്. 16 മേഖലകളില്‍ 99 വര്‍ഷത്തേക്ക് റിയല്‍എസ്റ്റേറ്റിനായി ഉപയോഗിക്കാനും അനുമതി നല്‍കും. റസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍ക്കുള്ളില്‍ റസിഡന്‍ഷ്യല്‍ വില്ലകളുടെയും ഉടമസ്ഥാവകാശം നേടാം. വാണിജ്യ കോംപ്ലക്സുകളില്‍ ഷോപ്പുകളുടെ ഉടമസ്ഥാവകാശത്തിനും അനുമതി നല്‍കും. രാജ്യത്തെ വസ്തുക്കളില്‍ ഖത്തറികളല്ലാത്തവര്‍ക്ക് ഉടമസ്ഥാവകാശവും ഉപയോഗവും അനുവദിക്കുന്നത് സംബന്ധിച്ച 2018ലെ 16ാം നമ്പര്‍ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രമേയം തയാറാക്കിയത്. കരട് പ്രമേയത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അടുത്തയാഴ്ച വാര്‍ത്താസമ്മേളനം വിളിക്കും. അതേസമയം, വിനോദ സഞ്ചാരം, നിർമാണം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നതാണ് പുതിയ തീരുമാനം.

MORE IN GULF
SHOW MORE