20കാരിക്ക് ദുബായിൽ ആറു കോടി രൂപ സമ്മാനം; പണം എന്തു ചെയ്യും?

gulf-ticket
SHARE

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ 20 വയസ്സുള്ള വിദ്യാർഥിനിക്ക് ഒരു മില്യൺ യുഎസ് ഡോളർ (ഏതാണ്ട് ആറു കോടിയിൽ അധികം രൂപ) സമ്മാനം. ജോർദാൻ സ്വദേശിയായ ഡബ്യൂ. ടാലയാണ് ആ ഭാഗ്യവതി. പിതാവിനൊപ്പം ദുബായിൽ നിന്നും ജോർദാനിലെ അമാനിലേക്ക് പോകുമ്പോഴാണ് പെൺകുട്ടി ടിക്കറ്റ് എടുത്തത്. ഇത്രയും ചെറിയ പ്രായത്തിൽ ഇത്ര വലിയ സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഈ സമ്മാനം നേടുന്ന പത്താമത്തെ ജോർദാൻ സ്വദേശിനിയാണ് ടാല.

സമ്മാന തുകയിൽ നിന്നും ഒരു ഭാഗം ദുരിതം അനുഭവിക്കുന്ന സിറിയയിലെ അഭയാർഥികൾക്ക് നൽകുമെന്ന് പെൺകുട്ടി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയിൽ ആംഗമാണ് ഈ കംപ്യൂട്ടർ എൻജിനിയറിങ് വിദ്യാർഥിനി. ‘അഭയാർഥികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. വിദ്യഭ്യാസവും മെഡിക്കൽ സംരക്ഷണവും നൽകാനാണ് ആഗ്രഹിക്കുന്നത്. എന്നും സ്കൂളിൽ പോകുമ്പോൾ ഒരു ചെറിയ കുട്ടി തെരുവിൽ പണത്തിനായി യാചിക്കുന്നത് കാണാറുണ്ട്. എന്നും എന്നെ കാണുമ്പോൾ വിശേഷം പറയാറുണ്ട്. പണം നൽകിയാലും എനിക്ക് പൂക്കളോ അങ്ങനെ എന്തെങ്കിലും നൽകാതെ പണം സ്വീകരിക്കാറില്ല. അവനെ പോലുള്ളവരെ സഹായിക്കണമെന്നും ആഗ്രഹമുണ്ട്’–പെൺകുട്ടി പറഞ്ഞു. കുറച്ച് യാത്രകൾ നടത്താൻ പദ്ധതിയുണ്ട്. പിന്നെ, കുടുംബത്തെ സഹായിക്കണം. കൂടാതെ ഏതെല്ലാം തരത്തിൽ മറ്റുള്ളവർക്ക് സഹായം ചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്യുമെന്നും ടാല പറഞ്ഞു. 

നറുക്കെടുപ്പിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടു പേർക്ക് മറ്റു സമ്മാനങ്ങളും ലഭിച്ചു. ബഹ്റൈനിലുള്ള കെനിയൻ സ്വദേശി ജോയ്‍ലെൻ കിൽസാഗിക്ക് ഔഡി ആർ8 ആർഡബ്യൂഎസ് വി 10 കൂപ്പ കാർ ആണ് സമ്മാനം ലഭിച്ചത്. ഇന്ത്യക്കാരനായ ഷാഹുൽ ഹമീദിന് ആഡംബര ബൈക്കായ ഇന്ത്യൻ സ്കൗട്ട് ബോബർ ആണ് ലഭിച്ചത്. ഇയാൾ 11 വർഷമായി ദുബായിൽ താമസിക്കുന്ന വ്യക്തിയാണ്.

MORE IN GULF
SHOW MORE