യുഎഇ പ്രസിഡന്‍ഷ്യല്‍ പാലസ് കാണാൻ പൊതുജനങ്ങൾക്കും അവസരം

uae-presidential-palace
SHARE

യു.എ.ഇയുടെ തലസ്ഥാന നഗരിയുടെ കൊട്ടാരവാതിലെന്നറിയപ്പെടുന്ന പ്രസിഡൻഷ്യൽ പാലസ് കാണാൻ പൊതുജനങ്ങൾക്കും അവസരം. ഖസർ അൽ വതൻ എന്ന ഭാഗത്തേക്കാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അറബ് വാസ്തുവിദ്യയുടേയും കലയുടേയും സമ്മേളനമാണ് കാഴ്ചക്കാർക്കായി കരുതിവച്ചിരിക്കുന്നത്.

യുഎഇ മന്ത്രിസഭയുടെയും യുഎഇയിലെ പരമോന്നത സമിതിയായ സുപ്രീം കൗണ്‍സിലിന്റെയും യോഗങ്ങളുടെ വേദിയാണ് പ്രസിഡന്‍ഷ്യല്‍ പാലസ്. അതീവപ്രാധാന്യത്തോടെ യുഎഇ സംരക്ഷിക്കുന്ന, പാരമ്പര്യത്തിന്റെയും വിജ്ഞാനത്തിന്റെയും സ്മാരകം കൂടിയാണ് ഈ കൊട്ടാരം. വിപുലമായ ഗ്രന്ഥ ശേഖരമുള്ള ഖസ്‍ര്‍ അല്‍ വത്വന്‍ ലൈബ്രറിയും പാലസിനുള്ളിലുണ്ട്. പുരോഗതിയിലേക്കുള്ള പടവുകള്‍ താണ്ടിയ യുഎഇയുടെ ചരിത്രവും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പിന്നിട്ട വഴികളുമെല്ലാം ഇവിടെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

അഞ്ചുവർഷമെടുത്ത് 2015 ൽ ആണ് കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയായത്. അബുദബിയിൽ എമിറേറ്റ്സ് പാലസിനോട് ചേർന്ന് കടൽക്കരയിൽ 150 ഹെക്ടറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. എമിറേറ്റ്സ് പാലസിന്റെയും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെയും നിർമ്മിതികളോട് സാമ്യതയുള്ള ശില്പകലാ രീതിയാണ് കൊട്ടാരത്തെ മനോഹരമാക്കുന്നത്. മുതിർന്നവർക്ക് 60 ദിർഹവും 4 മുതൽ 17 വരെയുള്ള കുട്ടികൾക്ക് 30 ദിർഹമുമാണ് പ്രവേശന നിരക്ക്. മൂന്നു വയസിനു താഴെയുള്ള കുട്ടികൾക്കു സൌജന്യം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോകനേതാക്കൾ ഇവിടം സന്ദർശിച്ചിട്ടുണ്ട്.

MORE IN GULF
SHOW MORE