സൂപ്പർ മാർക്കറ്റിന് എന്തുകൊണ്ട് ലുലു എന്നുപേരിട്ടു?; എം.എ യൂസഫലിയുടെ തുറന്നുപറച്ചിൽ

lulu-yusafali-life
SHARE

ജീവിതം കരകയറാൻ കടലുകടക്കുന്നവരാണ് മലയാളികൾ. ഗൾഫിൽ നിന്നും മലയാളി അയക്കുന്ന പണം കൊണ്ട് രക്ഷനേടിയത് ഇൗ നാട് തന്നെയാണെന്നത് ചരിത്രമാണ്. ഗൾഫിലും നാട്ടിലും ഒരു പോലെ പ്രശസ്തമായ സൂപ്പർമാർക്കറ്റ്. അതിനോളം തന്നെ പ്രിയങ്കരനായ തലവനും. എം.എ യൂസഫലിയും അദ്ദേഹത്തിന്റെ ലുലു സൂപ്പർമാർക്കറ്റുകളും മാളുകളും എക്കാലത്തും മലയാളിയുടെ പ്രിയ ചർച്ചാവിഷയമാണ്. എന്നാൽ എന്താണ് ലുലു എന്ന പദത്തിന്റെ അർഥം. എന്തുകൊണ്ടാണ് യൂസഫലി തന്റെ സ്ഥാപനത്തിന് ലുലു എന്ന പേരിട്ടത്. മനോരമ ഓൺലൈനിൽ രാജു മാത്യൂ എഴുതുന്ന ജീവചരിത്രത്തിലാണ് ഇൗ വെളിപ്പെടുത്തൽ. 

ഗൾഫ് യുദ്ധം മുറുകുന്ന സമയത്ത് ബാക്കിയെല്ലാവരും നാടുവിടുമ്പോൾ എന്തുകൊണ്ട് ഇവിടെ സൂപ്പർമാർക്കറ്റ് തുടങ്ങുന്നതെന്ന ഷെയ്ഖ് സായിദിന്റെ ചോദ്യവും അതിന് യൂസഫലി നൽകിയ ഉത്തരവുമാണ് ഇൗ മഹാവിജയത്തിന്റെ വഴിത്തിരിവ്.  തന്നെ പിച്ചവയ്ക്കാൻ സഹായിച്ച ഈ നാടിനെ ഉപേക്ഷിച്ചു പോകില്ലെന്ന ഉത്തരത്തിൽ നിന്നും ഒരു മഹാസാമ്രാജ്യത്തിനാണ് പിറവി കൊണ്ടത്. സൂപ്പർമാർക്കറ്റിന് അദ്ദേഹം ലുലു എന്ന പേരാണ് ഇട്ടത്. മുത്ത് എന്നാണ് ഇൗ വാക്കിനർഥം. അറബ് ജനതയുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയുമെല്ലാം ഭാഗമാണ് മുത്തും പവിഴവും. 

ഒരുകാലത്ത് ഈ നാടു പേരുകേട്ടത് അതിനാണ്. ലുലു എന്ന രണ്ടക്ഷരം ഇന്ന് അറബ്നാട്ടിൽ മാത്രമല്ല കേരളക്കരയിലും ലോകത്ത് മൂന്നു ഭൂഖണ്ഡങ്ങളിലും മുത്തുപോലെ തിളങ്ങുന്നു. ദുബായ് കരാമയിലാണ് രണ്ടാമത്തെ സൂപ്പർമാർക്കറ്റ് തുടങ്ങുന്നത്. 1995 ൽ ആയിരുന്നു അത്. അതും പിഴച്ചില്ല. ഒരു പ്രദേശത്തിന്റെ പേരുമായി ഇത്രയധികം താദാത്മ്യം പ്രാപിച്ച മറ്റൊരു പേരില്ല. ലുലു കരാമ എന്നാണ് എല്ലാവരും വിളിക്കുന്നത്. അക്കാലത്ത് ദുബായിൽ എത്തുന്നവർ നിശ്ചയമായും പോയിരുന്ന സ്ഥലമാണ് കരാമ ലുലു. സൂപ്പർ മാർക്കറ്റിൽനിന്ന് ഹൈപ്പർമാർക്കറ്റിലേക്കു കാര്യങ്ങൾ വളർന്നു. യൂസഫലിയുടെ സ്വപ്നങ്ങളും സമ്പാദ്യങ്ങളും ഇന്നും ഒരു പോലെ വർധിച്ചുകൊണ്ടിരിക്കുന്നു. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.