കോട്ടയം സ്വദേശി യുഎഇയിൽ ആത്മഹത്യ ചെയ്തു; പ്രവാസി സമൂഹത്തിൽ അമ്പരപ്പ്

shibin-godwin
SHARE

നഗരമധ്യത്തിലെ ജെംസ് ജുമൈറ കോളജിനകത്ത് ജീവനക്കാരനും കോട്ടയം മുണ്ടക്കയം സ്വദേശിയുമായ ഷിബിൻ ഗോഡ് വിൻ(32) ജീവനൊടുക്കിയത് ഇതുവരെ യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് ഉൾക്കൊളളാനായിട്ടില്ല. തിങ്കളാഴ്ച രാവിലെ 8.30നാണ് ഷിബിൻ സ്കൂളിനകത്തെ ഒരു മുറിയിൽ വാതിലടച്ച് തൂങ്ങിമരിച്ചത്.

ഇദ്ദേഹത്തിന്റെ ഭാര്യ അടുത്തിടെ സന്ദർശന വീസയിൽ യുഎഇയിലെത്തിയിരുന്നു. ദുബായിലെ സത്‌വയിൽ സഹോദരന്റെ കുടുംബത്തോടൊപ്പമായിരുന്നു അവർ താമസിച്ചിരുന്നത്. സ്കൂൾ അനുവദിച്ച അൽഖൂസിലെ ക്യാംപില്‍ താമസിക്കുന്ന ഷിബിൻ ആഴ്ചയിലൊരിക്കൽ കുടുംബത്തിനരികിലേയ്ക്ക് പോയിരുന്നു. ദമ്പതികളുടെ രണ്ടു മക്കൾ നാട്ടിലാണ്. 

മിതഭാഷിയായിരുന്ന ഷിബിൻ ബന്ധുക്കളോട് പോലും കൂടുതൽ സംസാരിക്കുമായിരുന്നില്ല. രണ്ടു വർഷം മുൻപ് കുടുംബത്തെ യുഎഇയിലേയ്ക്ക് സന്ദർശനത്തിനായി കൊണ്ടുവന്നിരുന്നു. എന്നാൽ, ഇത്തവണ ജോലി അന്വേഷിക്കാൻ വന്നതിനാൽ മക്കളെ നാട്ടിൽ തന്നെ ബന്ധുക്കളുടെ കൂടെ നിർത്തുകയായിരുന്നു. ഷിബിന്റെ സഹോദരൻ ജെംസ് ഗ്രൂപ്പിന്റെ തന്നെ മറ്റൊരു സ്കൂളില്‍ ജോലി ചെയ്യുകയാണ്. എന്തായിരുന്നു ആത്മഹത്യക്ക് പിന്നിലെ കാരണമെന്ന് കണ്ടെത്താൻ ആർക്കും സാധിക്കുന്നില്ല.ഷിബിന്റെ കൂടെ ജോലി ചെയ്യുന്ന അധ്യാപകരും മറ്റു ജീവനക്കാരും ഞെട്ടലിൽ നിന്ന് ഇതുവരെ മോചിതരായിട്ടില്ല. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷിബിൻ മാനസികമായി അസ്വസ്ഥനായിരുന്നതായി ബന്ധുക്കൾ പറയുന്നു. രാവിലെ സ്കൂളിലെത്തിയ ഇയാൾ സഹപ്രവർത്തകനോടൊപ്പം പ്രാതൽ കഴിച്ച ശേഷം സ്കൂളിലെ സ്റ്റോർ റൂമിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാളോടൊപ്പം സ്ഥിരമായി പ്രാതൽ കഴിക്കാറുള്ള മലയാളി ജീവനക്കാരൻ കുറേ നേരത്തേയ്ക്ക് ഷിബിനെ കാണാത്തതിനെ തുടർന്ന് തിരിച്ചിൽ നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്തിയത്. ഉടൻ തന്നെ സ്കൂൾ അധികൃതർ കുട്ടികളുടെ കൺമുന്നിൽ പെടാതിരിക്കാൻ ഷിബിനെ മാറ്റുകയും സ്കൂളിന് അവധി നൽകുകയും ചെയ്തു.

യുഎഇയിൽ ആത്മഹത്യ ചെയ്യുന്ന ഇന്ത്യക്കാരിൽ മലയാളികളുടെ എണ്ണം വല്ലാതെ വർധിക്കുന്നതായി അധികൃതരുടെ കണക്കുകളും സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ ഒരു മലയാളി യുവാവ് ഷാർജയിലെ കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയുണ്ടായി. ഇന്ത്യൻ തൊഴിലാളികളുടെ ഇടയിലും ആത്മഹത്യ പെരുകുന്നുണ്ട്. കുടുംബം നാട്ടിലുള്ള, ഇവിടെ ബാച്‌ലർമാരായി കഴിയുന്നവരുടെ ഇടയിലാണ് ആത്മഹത്യാ പ്രവണത കൂടുതലും കാണുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജോലി സ്ഥലത്തെയും കുടുംബത്തിന്റെയും സമ്മർദം മൂലം മാനസിക സംഘർഷത്തിലേയ്ക്കും അതുവഴി വിഷാദ രോഗത്തിലേയ്ക്കും വഴുതിവീഴുന്നവർ ഒടുവിൽ മരണത്തിൽ അഭയം തേടുകയാണ് ചെയ്യുന്നത്. ആത്മഹത്യ പ്രവണതയുള്ളവരെ കണ്ടുമുട്ടുകയാണെങ്കിൽ 998 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിക്കുന്നു.

MORE IN GULF
SHOW MORE