ദുബായ് എമിഗ്രേഷന്റെ മനം കവർന്ന മലയാളിക്ക് അവിസ്മരണീയമായ യാത്രയയപ്പ്

nazar-farewell
SHARE

രണ്ട് പതിറ്റാണ്ടിലേറെ ദുബായ് എമിഗ്രേഷനിൽ ജോലി ചെയ്ത മലയാളിക്ക് ഉന്നതോദ്യോഗസ്ഥരടക്കം കേക്ക് മുറിച്ച് യാത്രയയപ്പ് നൽകി. 24 വർഷം  എമിഗ്രേഷനിൽ  ഏവരുടെയും സ്നേഹവും  വിശ്വാസവും പിടിച്ചുപറ്റിയ ജീവനക്കാരൻ  മലപ്പുറം എടരിക്കോട് സ്വദേശി നാസർ മണമ്മലിനാണ്  അവിസ്മരണീയമായ യാത്രയയപ്പ്‌ ലഭിച്ചത്. 

കഴിഞ്ഞ ദിവസങ്ങളിൽ  വകുപ്പിന്റെ വിവിധ വിഭാഗങ്ങളിൽ പ്രത്യേകമായി നാസറിന് യാത്രയയപ്പ് ചടങ്ങുകൾ ഒരുക്കി. വിലപിടിപ്പുള്ള സമ്മാനങ്ങളും അംഗീകാര പത്രങ്ങളും നൽകി ഉദ്യോഗസ്ഥർ നാസറിന്റെ സുദീർഘമായ സേവനത്തെ പ്രശംസിക്കുകയും ചെയ്തു. ദുബായ് എമിഗ്രേഷനിൽ ജോലി ചെയ്യുന്ന  മലയാളി സഹപ്രവർത്തകരും യാത്രാ മംഗളങ്ങൾ നേരാൻ ചടങ്ങ് ഒരുക്കി. 4 തവണ വകുപ്പിന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം നേടിയ ഈ മലയാളിയുടെ വിടവാങ്ങൽ വകുപ്പിൽ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ളവരിൽ നേരിയ വിഷാദവും പകർന്നു. 

വകുപ്പിന്റെ  മുഖ്യകാര്യാലയമായ ജാഫ്‌ലിയ ഓഫീലാണ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സ്നേഹവായ്പ്പുകൾ നാസർ ഏറ്റുവാങ്ങിയത്. അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് അക്കൗണ്ട് ഡയറക്ടർ ബ്രി. ജനറൽ അവാദ് മുഹമ്മദ് ഗാനിം സയീദ് അൽവൈൻ , ഫൈനാൻസ് മേധാവി ഖാലിദ് അബ്ദുൽ കരീം , പബ്ലിക് റിലേഷൻസ് മേധാവി ക്യാപ്റ്റൻ ഹസൻ മമ്മറി, സെക്രട്ടറി അബ്ദുൽ അസീസ് സഹീൻ, തുടങ്ങിയ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു . ലീഗൽ ഡിപ്പാർട്ട്‌മെന്റിന്റെ മുഖ്യ മേധാവിയുടെ നേതൃത്വത്തിൽ നിയമകാര്യ വിഭാഗവും ഈ എടരിക്കോട്ടുകാരന്റെ സേവന മികവിന് നന്ദി പറയാൻ സദസ്സ് ഒരുക്കി

പിതാവ് പരേതനായ ഹസൻ മണമ്മൽ അയച്ച ഗാർഹിക വീസയിലായിരുന്നു നാസർ യുഎഇലേക്ക് എത്തിയത്. പിതാവ് ജോലി ചെയ്യുന്ന വീട്ടിൽ ഒരു വർഷം ജോലിചെയ്തു. തുടർന്ന് പിതാവിന്റെ ജ്യേഷ്ഠസഹോദരൻ ഹൈദ്രോസിനുള്ള  വകുപ്പിലെ ഉന്നതരുമായുള്ള  സൗഹൃദത്തിന്റെ ബലത്തിൽ  ദുബായ് എമിഗ്രേഷനിൽ ഓഫീസ് അസിസ്റ്റന്റായി ജോലി  ലഭിക്കുകയായിരുന്നു. അങ്ങനെ നീണ്ട 23 വർഷം  ജോലിയിൽ തുടർന്നു. ഈ കാലയളവിൽ  കുടുംബത്തിലെ ഒട്ടേറെ പേരെയും  സുഹൃത്തുക്കളെയും വകുപ്പിൽ ജോലിയ്ക്ക്  കയറ്റാനും അവരുടെ ജീവിതങ്ങൾ പച്ചപിടിപ്പിക്കാനും നാസറിന് കഴിഞ്ഞു.  

മാത്രവുമല്ല നാടിന്റെ നന്മയുറ്റ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം അറിയിക്കാക്കാനും സമയം കണ്ടെത്തി. എടരിക്കോട് പ്രവാസി സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായും  നിരവധി വർഷക്കാലം ചെയർമാനായും പ്രവർത്തിച്ചു വന്നു. എടരിക്കോട്  ഗ്ലോബൽ കെ എം സി സി യുടെ കോ ഒാർഡിനേറ്ററായിരുന്നു. ഹുസ്ന യാണ് ഭാര്യ. മുബഷിർ നാസർ, മുഹ്‌സിൻ നാസർ, മുർഷിദ ഷെറിന് എന്നിവർ മക്കൾ.

ഈ രാജ്യത്തിൽ  നിന്ന് മടങ്ങുമ്പോൾ  ഉന്നതരായ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും  സ്നേഹ വായ്പുകൾ ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടാണെന്ന്   നാസർ പറഞ്ഞു. ദുബായ് എമിഗ്രേഷൻ വകുപ്പ്  മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിക്ക് നന്ദി അറിയിച്ചു. വകുപ്പിലെ മലയാളികൾ നൽകിയ യാത്രയയപ്പ് ചടങ്ങിന് ഷാജഹാൻ തറയിൽ, സജിത്ത് വടക്കാഞ്ചേരി, ജലീൽ കോക്കൂർ ,ഷെബീർ ,ഇഖ്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി. 

MORE IN GULF
SHOW MORE