7 കോടി സമ്മാനമടിച്ച ടിക്കറ്റ് നാട്ടിൽ മറന്നുവച്ചു; പ്രാർഥിക്കാൻ പറഞ്ഞ് മടക്കം

malayali-win-dubai-lottery
SHARE

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയറിന്റെ ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ 7 കോടി രൂപ (10 ലക്ഷം യുഎസ് ഡോളർ) യിലേറെ സമ്മാനം നേടിയ തലശ്ശേരി സ്വദേശി അരയിലകത്ത് മുഹമ്മദ് അസ്‌ലം(31) ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല തനിക്കായി കോടികളുടെ മണിമുഴങ്ങുമെന്ന്. അതുകൊണ്ട് തന്നെ കഴിഞ്ഞ മാസം നാട്ടിലേയ്ക്ക് പോയപ്പോൾ കൈയിൽ കരുതിയ ടിക്കറ്റ് വീട്ടിൽ മറന്നുവയ്ക്കുകയായിരുന്നു: ഉമ്മയുടെ മുൻപിൽ വച്ച് ഉപ്പയുടെ കൈയിലായിരുന്നു ടിക്കറ്റ് നൽകിയത്. ആ സമയം ഒരു കാര്യം മാത്രം ആവശ്യപ്പെട്ടിരുന്നു. സമ്മാനം നേടാനായി പ്രാർഥിക്കണേ എന്ന്. ആ പ്രാർഥന ഫലിച്ചെന്ന് അസ്‍ലം പറയുന്നു.

ഷാർജയിൽ താമസിക്കുന്ന മുഹമ്മദ് അസ്‌ലം കഴിഞ്ഞ കുറേ വർഷങ്ങളായി ഷാർജ എമിറേറ്റ്സ് നാഷനൽ ഫാക്ടറി ഫോർ പ്ലാസ്റ്റിക് ഇൻ‍ഡസ്ട്രിയിൽ അക്കൗണ്ടന്റാണ്. ദുബായിലെ ഐറിഷ് വില്ലേജിൽ നിന്നാണ് നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള ടിക്കറ്റ് വാങ്ങിയത്. സമ്മാന വിവരം പറഞ്ഞ് അധികൃതരിൽ നിന്ന് ഫോൺ ലഭിച്ചപ്പോൾ വിശ്വസിക്കാനേ തോന്നിയില്ല. പിന്നീട് സംഗതി ശരിയാണെന്ന് ഉറപ്പായതോടെ ഏറെ സന്തോഷം തോന്നി. ഉടൻ തന്നെ നാട്ടിലേയ്ക്ക് ഫോൺ വിളിച്ച് ടിക്കറ്റ് അവിടെ ഭദ്രമായുണ്ടെന്ന് ഉറപ്പുവരുത്തി. തുടർന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനപ്രവാഹമായിരുന്നു. ഇതു സ്വീകരിച്ച് വൈകീട്ടോടെ ക്ഷീണിച്ചുപോയെന്ന് മുഹമ്മദ് അസ്‌ലം പറയുന്നു. നാട്ടിൽ മറന്ന ടിക്കറ്റ് എടുത്തുകൊണ്ടുവരാനായി ഇദ്ദേഹം നാളെ യാത്ര തിരിക്കും. 

കോടികൾ കൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. എന്നാൽ പിതാവിന് എന്തെങ്കിലും വിലപിടിപ്പുള്ള സമ്മാനം നൽകണമെന്നും കുടുംബത്തെയെല്ലാവരെയും യുഎഇയിലേയ്ക്ക് സന്ദർശനത്തിനായി കൊണ്ടുവരണമെന്നും ആഗ്രഹമുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി കൂട്ടുകാരോടൊപ്പമായിരുന്നു മുഹമ്മദ് അസ്‌ലം ടിക്കറ്റെടുത്തിരുന്നത്. എന്നാൽ ഇത്തവണ ഒറ്റയ്ക്ക് തന്നെ വാങ്ങിക്കുകയായിരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ജേതാവാകുന്ന 139–ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. 

ഇതേ നറുക്കെടുപ്പിൽ മലയാളിയായ ജോൺ കുര്യൻ(56) ഒാ‍ഡി ആർ8 ആർഡബ്ല്യുഎസ് വി10 കൂപെ കാർ സ്വന്തമാക്കി. പുതുവത്സത്തിൽ നാട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു ഇദ്ദേഹം ടിക്കറ്റെടുത്തത്. കൂടാതെ, കാസർകോട് ബങ്കര മഞ്ചേരം സ്വദേശി അബ്ദുല്ല(55)യ്ക്ക് ബിഎംഡബ്ല്യു ആർ9 കാറും സമ്മാനം ലഭിച്ചിരുന്നു.

MORE IN GULF
SHOW MORE