എൽ.എൻ.ജി ഉൽപ്പാദനം വർധിപ്പിക്കാനൊരുങ്ങി ഖത്തർ; ഇന്ത്യയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കും

qatar-lng
SHARE

ഏഷ്യൻ രാജ്യങ്ങളുടെ പ്രകൃതിവാതക ആവശ്യകത പൂർണമായും നിറവേറ്റുന്ന തരത്തിൽ ഉൽപ്പാദനം വർധിപ്പിക്കാനൊരുങ്ങി ഖത്തർ. എൽ.എൻ.ജി രംഗത്ത് കൂടുതൽ നിക്ഷേപം നടത്തുമെന്നു ഖത്തർ ഊർജസഹമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിൽ നിന്നും പിൻമാറിയ ഖത്തർ, പ്രകൃതിവാതക ഉൽപ്പാദനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഏഷ്യൻ രാജ്യങ്ങളുടെ എൽ.എൻ.ജി ആവശ്യം പൂർണമായും നിറവേറ്റാൻ ഖത്തറിനാകുമെന്നു ഊര്‍ജ്ജ സഹമന്ത്രി കൂടിയായ ഖത്തര്‍ പെട്രോളിയം സി.ഇ.ഒ സാദ് ഷെരീദ അല്‍ കാഅബി അറിയിച്ചു. 

ഇതിനായി എല്‍.എന്‍.ജി ഉത്പാദന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തും. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഏഷ്യയുടേത്. എൽ.എൻ.ജി ആവശ്യം വർധിച്ചു വരികയുമാണ്. ഈ സാഹചര്യത്തിലാണ് ഖത്തര്‍ എല്‍.എന്‍.ജി ഉത്പാദനം വര്‍ധിപ്പിക്കുന്നത്. ഇന്ത്യക്ക് ചൈനയ്ക്ക് നൽകുന്ന തോതില്‍ എല്‍.എന്‍.ജി വേണ്ടി വരുമെന്നും ഇതെല്ലാം സാധ്യമാകുന്ന തരത്തില്‍ ഖത്തര്‍ എല്‍.എന്‍.ജി കയറ്റുമതി വര്‍ധിപ്പിക്കുമെന്നും ഊര്‍ജ്ജ സഹമന്ത്രി വ്യക്തമാക്കി. 2024 ആകുമ്പോഴേക്കും എല്‍.എന്‍.ജി വാര്‍ഷികോത്പാദനം 7.7 കോടി ടണ്ണില്‍ നിന്ന് 11 കോടി ആയി ഉയര്‍ത്താന്‍ ഖത്തർ തീരുമാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഉത്പാദനം ഇതിനേക്കാള്‍ കൂട്ടേണ്ടി വരുമെന്നും ജപ്പാനിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി. 

MORE IN GULF
SHOW MORE