അബുദാബിയിൽ നിന്നും സൗദിയിലേക്ക് ഖാലിദിന്റെ ഓട്ടം, ലക്ഷ്യം മക്ക; ചരിത്രപ്രയാണം

khalid-running
SHARE

ദുബായ്: ഖാലിദിന്റെ ചരിത്ര പ്രയാണം ലക്ഷ്യം കാണാൻ ഇനി ദിവസങ്ങൾ മാത്രം. അബുദാബിയിൽ നിന്ന് സൗദി അറേബ്യയിലെ പുണ്യഭൂമിയായ മക്കത്തേയ്ക്കാണ് ഡോ. ഖാലിദ് അൽ സുവൈദിയുടെ ഒാട്ടം. 

ഇതിനകം 2,070 കിലോ മീറ്ററാണ് ഇൗ യുവാവ് ഒാടിത്തീർത്തത്. ഇൗ മാസം ഒന്നിന് അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് പള്ളിയില്‍ നിന്നാണ് ഖാലിദ് ചരിത്രപ്രധാനമായ യാത്ര ആരംഭിച്ചത്. 38 മുതൽ 40 ദിവസങ്ങൾക്കകം 2070 കിലോ മീറ്റർ യാത്ര ചെയ്ത് മക്കത്ത് എത്തുകയാണ് ലക്ഷ്യം.  23 ദിവസത്തെ യാത്രയ്ക്ക് ശേഷം തന്റെ ലക്ഷ്യ സ്ഥാനത്ത് നിന്ന് 600 കിലോ മീറ്റർ മാത്രം അകലെയാണ് ഖാലിദ് ഇപ്പോഴുള്ളത്. യുഎഇ 345 കിലോ മീറ്റർ പിന്നിട്ട ഇൗ യുവാവ്  സൗദി അതിർത്തി കടന്ന ശേഷം റുവൈദയിലുള്ള അദ്ദേഹത്തിന്റെ പിതാവ് ജമാൽ സനദ് അൽ സുവൈദിയെ സന്ദർശിച്ചു. സൗദിയിലേയ്ക്ക് പ്രവേശിച്ച ശേഷം അവിടുത്തെ അധികൃതർ ഏറെ സഹകരണം നൽകി വരുന്നതായി ഖാലിദ് പറഞ്ഞു. എന്റെ ലക്ഷ്യപൂർത്തീകരണത്തിന് ഇത് ഏറെ ഗുണകരമാകുന്നു. എല്ലാ പ്രതികൂല കാലാവസ്ഥകളെയും തരണം ചെയ്ത് ലക്ഷ്യം നേടാൻ എന്നെ പ്രചോദിപ്പിക്കുന്നു– ഖാലിദ് പറയുന്നു

ആരാണ് ഡോ.ഖാലിദ് ജമാൽ‌് അൽ സുവൈദി?

ദി എമിറേറ്റ്സ് സെൻ്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസേർച് എക്സിക്യുട്ടീവ് ഡയറക്ടറായ ഡോ.ഖാലിദ് ജമാൽ അൽ സുവൈദി എന്ന 35 കാരൻ യുഎഇ സ്വദേശിയാണ്.  ചരിത്ര യാത്ര എന്ന തീരുമാനത്തിലെത്തുന്നതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്.  2007 ൽ  യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്നപ്പോൾ അനാരോഗ്യകരമായ ജീവിതശൈലി മൂലംശരീര ഭാരം 127 കിലോ ഗ്രാം ആയിത്തീർന്നു. 2015ൽ ഖാലിദിന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി–പ്രമേഹ രോഗം താങ്കളെ പിടികൂടാൻ അധിക കാലമില്ല. 

അതോടെ ഞാൻ തകർന്നു. ജീവിത രീതികളിൽ മാറ്റം വരുത്തുക എന്നതായിരുന്നു ഏക പോംവഴി. കൃത്യമായ വ്യായാമം അന്നു മുതലാണ് ആരംഭിച്ചത്. തുടർന്നാണ് എല്ലാവർക്കും ആരോഗ്യകരമായ ജീവിത ശൈലിയെക്കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇൗ യാത്രയെക്കുറിച്ച് ചിന്തിക്കുന്നത്. അതിനിടെ നടത്തിയ കഠിന പ്രയത്നം 53 കിലോ ഗ്രാം ഭാരം കുറച്ചു. 

ഭക്ഷണം ക്രമീകരിച്ചതും വ്യായാമവുമായിരുന്നു ഇതിന് കാരണമായത്. 2017ൽ ഞാനൊരു പിതാവായി. അതും ഇരട്ടക്കുട്ടികളുടെ. അതോടെ എന്റെ ചുമതല വർധിച്ചതായും ഏതുവിധേനയും കൂടുതൽ ആരോഗ്യവാനായി ജീവിക്കണമെന്ന ത്വര ഉണ്ടാവുകയും ചെയ്തു. അങ്ങനെ, ചരിത്ര യാത്ര യാഥാര്‍ഥ്യമാക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു–ഖാലിദ് പറയുന്നു. നിത്യേന 50 കിലോ മീറ്റർ ഒാടാനായിരുന്നു തീരുമാനം.  അതു യാഥാർഥ്യവത്കരിക്കാൻ സാധിച്ചു. യുഎഇയും സൗദിയും തമ്മിലുള്ള സാഹോദര്യം വർധിപ്പിക്കുകയും എന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

MORE IN GULF
SHOW MORE