അവനെ ഞാനങ്ങ് കൊന്ന് കൊലവിളിച്ചു; കാൻസറിനെ തോൽപിച്ച പ്രവാസി മലയാളി

sijith
SHARE

ഇതൊരു മലർത്തിയടിയുടെ ജീവിത സാക്ഷ്യമാണ്. ഏഴു കീമോകൾ പൂർത്തിയാക്കി ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്ന സിജിത്ത് ഊട്ടുമഠത്തിലിന്റെ ഫെയ്സ് ബുക് പോസ്റ്റാണിത്. ഹമദ് മെഡിക്കൽ സിറ്റിയിൽ, അർബുദ പരിചരണ ഗവേഷണ ദേശീയ കേന്ദ്ര (എൻസിസിസിആർ)ത്തിന്റെ 205-ാം നമ്പർ കെട്ടിടത്തിലാണ് സിജിത്ത് ഇപ്പോഴുള്ളത്. മറ്റുരോഗികൾക്ക് പാട്ടുപാടിക്കൊടുത്തും തമാശകൾ പറഞ്ഞ് അവരെ സന്തോഷിപ്പിച്ചും പ്രത്യാശ പകർന്നും ഈ തൃശൂർകാരൻ മനക്കരുത്തിന്റെ നേർസാക്ഷ്യമാകുകയാണ്.

കുന്നംകുളം സ്വദേശിയായ സിജിത്ത് 7 വർഷം മുൻപാണ് ട്രെയിലർ ഡ്രൈവറായി ഖത്തറിൽ എത്തുന്നത്. രക്താർബുദം മൂലമായിരുന്നു അച്ഛൻ സിദ്ധാർത്ഥന്റെ മരണം. അതോടെ സാമ്പത്തികമായി തകർന്ന കുടുംബത്തിന് വലിയ ആശ്വാസമായി സിജിത്തിന്റെ ഖത്തറിലെ ജോലി.എന്നാൽ ആദ്യം ചെറുതായി, പിന്നീട് കലശലായി മാറിയ നടുവേദന ജീവിതത്തെ തലകീഴായി മറിച്ചു– കാൻസർ: ചികിൽസിച്ചു സുഖപ്പെടുത്താൻ ഏറ്റവും വിഷമമുള്ള ഹോഡ്ജ്കിൻ ലിംഫോമ. 

അച്ഛനെ തോൽപിച്ച രോഗത്തെ  കീഴടക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് ആദ്യ രണ്ട് ഹൈഡോസ് കീമോകൾക്കും വിധേയനായത്. രണ്ടു കീമോകൾ കഴിഞ്ഞപ്പോഴേക്കും ശരീരം ഉടഞ്ഞു. ഇടതൂർന്ന മുടിയും താടിയും പോയി, കഷണ്ടിയായി. പുതിയ കോലംകണ്ട് ഉള്ളിൽ കരയുകയല്ല, പകരം തന്റെ പുതുരൂപംവച്ച് ട്രോളുകളുണ്ടാക്കി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. 4,214 പേരാണ് ഈ ട്രോൾപോസ്റ്റ് ഇതുവരെ ഷെയർചെയ്തത്. കാൻസറിനെ അതിജീവിച്ചവരുടെ 'അതിജീവനം' എന്ന ഫെയ്സ്ബുക് കൂട്ടായ്മയിൽ സിജിത്ത് സജീവമാകുന്നത് ഇങ്ങനെയാണ്. ഒരു മാസത്തെ റേഡിയേഷൻ കൂടി കഴിഞ്ഞാൽ പൂർണാരോഗ്യവാനായി നാട്ടിലേക്കു മടങ്ങാം. നാട്ടിൽ സിജിത്തിന്റെ തിരിച്ചുവരവു കാത്തിരിക്കുകയാണ് അമ്മ ശ്രീലതയും അനിയൻ സുജിത്തും. ഖത്തറിൽ ചികിൽസ തുടരാൻ സഹായിച്ച ഒട്ടേറെ സുമനസുകൾക്ക് ഹൃദയംകൊണ്ട് ഈ യുവാവ് നന്ദി പറയുന്നു. എൻസിസിസിയിലെ കേസ് മാനേജർ റെറ്റി പിള്ള, ബന്ധുക്കൾ, സുഹൃത്തുക്കൾ, സംഘടനകൾ... അങ്ങനെ ഒട്ടേറെപ്പേർ.

മെഡിക്കൽ സിറ്റിയിലെ അർബുദ പരിചരണ ഗവേഷണ ദേശീയ കേന്ദ്രത്തിൽ രോഗികൾക്കു ലഭിക്കുന്ന പരിചരണവും അവരുടെ മാനസികോല്ലാസത്തിന് അധികൃതർ ചെയ്തുകൊടുക്കുന്ന സൗകര്യങ്ങളും കേരളത്തിലെ കാൻസർ ആശുപത്രികൾ മാതൃകയാക്കേണ്ടതാണെന്ന അഭിപ്രായമാണു സിജിത്തിന്. 

ചികിൽസയുടെ ഇടവേളകളിൽ രോഗിയെന്ന തോന്നലില്ലാതെ സന്തോഷമായിരിക്കാൻ സഹായിക്കുന്ന എൻസിസിസിആർ അധികൃതർക്കും പ്രവാസിയായിട്ടും മികച്ച ചികിൽസ ഉറപ്പാക്കിയ ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർക്കും ഖത്തർ സർക്കാരിനും എത്ര നന്ദി പറഞ്ഞാലും തീരില്ലെന്ന് സിജിത്ത് പറയുന്നു.ഒപ്പം മറ്റുള്ളവർക്ക് ചെറിയൊരു ഉപദേശവും:;ശാരീരികാസ്വസ്ഥതകൾ അതെത്ര ചെറുതായാലും അവഗണിക്കരുത്.

MORE IN GULF
SHOW MORE