രക്ഷപ്പെടുത്തി, ടയർ മാറ്റിയിട്ടു; പ്രതീക്ഷകൾക്കപ്പുറം ഷാർജ പൊലീസ്, നന്ദിയോടെ മലയാളി കുടുംബം

sharjah-police
SHARE

ഷാർജ: ആദ്യം അവർ മരുഭൂമിയിൽ കുടുങ്ങിയ വാഹനത്തെ രക്ഷപ്പെടുത്തി, പിന്നെ ടയർ മാറ്റിയിട്ടു തന്നു–പ്രതീക്ഷകൾക്കപ്പുറം സഹായം നൽകി, പുഞ്ചിരി സമ്മാനിച്ചു സലാം പറഞ്ഞുപോയ ഷാർജ പൊലീസിനെ പ്രകീർത്തിക്കുകയാണ് മലയാളി കുടുംബം.

ഷാർജ മരുഭൂമിയിൽ ബുധനാഴ്ച രാത്രി പത്തരയ്ക്കായിരുന്നു സംഭവം. ഡെസേർട് ഡ്രൈവിന് എത്തിയപ്പോഴാണ് ഷാർജയിൽ താമസിക്കുന്ന പാലക്കാട് വല്ലപ്പുഴ ശാന്തിഗിരി ഗ്രാമം സ്വദേശി ബിഷ്റുദ്ദീൻ ഷർഖിയും കുടുംബവും മരുഭൂമിയിൽ കുടുങ്ങിയത്. ഇവർക്ക് രണ്ടിടങ്ങളിൽ സഹായവുമായെത്തിയത് ഷാർജ പൊലീസിലെ രണ്ടു ഉദ്യോഗസ്ഥർ.  ബിഷ്റുദ്ദീൻ, ഭാര്യ, ഭാര്യാമാതാവ്, മൂന്ന് മക്കൾ എന്നിവരടങ്ങുന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറിന്റെ ചക്രങ്ങൾ മണലിൽ താഴ്ന്നുപോകുകയായിരുന്നു. ഏറെ ശ്രമിച്ചിട്ടും കാർ മുന്നോട്ടോ, പിന്നോട്ടോ ചലിപ്പിക്കാൻ സാധിച്ചില്ല. 

പിന്നീട് കുടുംബത്തെ കാറിൽ നിന്നിറക്കി ചക്രങ്ങൾക്കടിയിൽ നിന്ന് മണൽ മാറ്റിനോക്കിയെങ്കിലും ഫലമുണ്ടായില്ല. കല്ലു വച്ചു ചലിപ്പിക്കാനുള്ള ശ്രവും വൃഥാവിലായി. നിസഹായനായി നിൽക്കുകയല്ലാതെ ബിഷ്റുദ്ദീന് വേറെ വഴിയില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ദുബായ് ഭരണാധികാരിയുടെ തോട്ടത്തിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി ക്വാഡ് ബൈക്കുമായി വന്നു. എല്ലാവരും ചേർന്ന് വീണ്ടും നടത്തിയ ശ്രമം പക്ഷേ ഫലം കണ്ടില്ല. ഭാര്യയും കുട്ടികളും ഭക്ഷണവും കളികളുമായി ആ സമയം ചെലവഴിച്ചതു കൊണ്ട് ബോറടിച്ചില്ല. 

അപ്പോഴാണ് ഒരു ഫോർ വീലറിൽ യു എ ഇ റെസ്ക്യു എന്നെഴുതിയ ജാക്കറ്റുമണിഞ്ഞ് ഒരാളെത്തിയത്. അദ്ദേഹം ആദ്യം ഒന്നു മെനക്കെട്ട് വണ്ടി ഡ്രൈവ് ചെയ്തെടുക്കാൻ നോക്കി. അതു ഫലിക്കാതായപ്പോൾ തന്റെ ഫോർവീലറിൽ കെട്ടിവലിക്കാൻ തീരുമാനിച്ചു. മണലിനകത്തു നിന്നും ഒരു മീനിനെ വലിച്ചിടുന്നതു പോലെ അദ്ദേഹം ബിഷ്റുദ്ദീന്റെ കാർ പുറത്തെടുക്കുകയായിരുന്നു.  ഞൊടിയിടയിൽ കാർ പുറത്തെടുക്കുന്ന ഹരം പിടിപ്പിക്കുന്ന ദൃശ്യവിരുന്നിൽ കുട്ടികൾ കയ്യടിച്ചു. 

നന്ദി പറഞ്ഞ് ‌‘സർവീസ് ചാർജ്’ എന്നു പറഞ്ഞു ബിഷ്റുദ്ദീൻ പാന്റ്സിന്റെ കീശയിൽ കയ്യിട്ടു. ഒരു പുഞ്ചിരി സമ്മാനിച്ച്, കാശൊന്നും വേണ്ടെന്നയാൾ പറഞ്ഞു. മണലിൽ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പകർന്നു കൊടുത്തു. ടയറുകളിൽ കാറ്റില്ലെന്നും സൂക്ഷിക്കണമെന്നും ഉപദേശിച്ചു. കാറ്റടിക്കാൻ തൊട്ടടുത്ത പമ്പിലേക്കെത്താനുള്ള മണൽ വഴി കാണിച്ചുകൊടുത്തു.  ആ വഴിയെ ചെന്നെങ്കിലും നിർഭാഗ്യവശാൽ പെട്രോൾ പമ്പ് കണ്ടില്ല. 

കാറ്റില്ലാത്ത ടയറുകളും വച്ച് റോഡ് വഴിയേ വണ്ടിയോടിക്കുന്നതിന്റെ റിസ്ക് മനസ്സിലാക്കി പതുക്കെ വിടാൻ തുടങ്ങി. പക്ഷേ പിന്നീട് മനസ്സിലായി, പതുക്കെ പോകുന്നത് അതിനേക്കാൾ വലിയ റിസ്കാണെന്ന്. വലിയ വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് മുന്നിൽ പതുക്കെ പോകുന്ന വാഹനങ്ങൾ അപകടം വരുത്തുന്നവയാണെന്ന് അറിയാമായിരുന്നു. പെട്ടെന്ന് ഒരു പൊലിസ് വാഹനം ഓവർടേക്ക് ചെയ്തു വന്നു. വണ്ടി സൈഡാക്കാനുള്ള സിഗ്നൽ നല്‍കി. ആശങ്കയോടെ വണ്ടി നിർത്തി. ഇറങ്ങി വന്ന ഓഫീസർ വണ്ടി പതുക്കെയാണ് പോകുന്നതെന്നും പിറകിലെ ഒരു ടയറിൽ തീരെ കാറ്റില്ലെന്നും പറഞ്ഞു. 

വളരെ മയത്തിലും ഭവ്യതയിലുമാണ് ഓഫീസർ സംസാരിച്ചത്.സ്റ്റെപ്പിനി ടയറുണ്ടോ എന്നായി പിന്നീടുള്ള അന്വേഷണം. ഉണ്ടെന്നു പറഞ്ഞപ്പോൾ അതു മാറ്റിയിടാൻ അറിയാമോ എന്നും ചോദിച്ചു. അറിയില്ലെന്ന് മറുപടി പറയാൻ ചമ്മലായിട്ടു, ഞാനാരെയെങ്കിലും വിളിക്കാമെന്ന് ഒരു അതി സാമർത്ഥ്യം പറഞ്ഞു. കുഴപ്പമില്ല, വരൂ ഞാൻ സഹിയിക്കാമെന്നായി അദ്ദേഹം. പിന്നീടങ്ങോട്ട് നടന്നത് ചമ്മലോടെയല്ലാതെ പറയാൻ കഴിയില്ലെന്ന് ബിഷ്റുദ്ദീൻ പറയുന്നു

ഒരു മെക്കാനിക്കിനെപ്പോലെ ആ പൊലീസുദ്യോഗസ്ഥൻ പണിതുടങ്ങി. ടൂൾസ് എടുത്തു കൊടുക്കുക എന്ന കർത്തവ്യം മാത്രമായിരുന്നു എനിക്ക്. മുട്ടുകുത്തിയും വണ്ടിക്കടിയിലേക്കു നൂണ്ടും സ്റ്റെപ്പിനി ടയറിലെ പൊടി തട്ടിയും ടയറൂരി ഉരുട്ടിയും നട്ടും ബോൾട്ടും അഴിച്ചെടുത്തും അദ്ദേഹം പണിതുടരുമ്പോൾ ഞാൻ ഷാർജ മലീഹ റോഡിൽ ചമ്മിത്തണുത്ത് നിന്നു. പണികഴിഞ്ഞ് ഉപദേശങ്ങൾ നൽകി എന്റെ മോനെ ഒന്നു താലോലിച്ചു. ഇന്ത്യക്കാരനെന്ന നിലക്ക് രണ്ടു മൂന്ന് ഹിന്ദി വാക്കുകൾ പറഞ്ഞ് കയ്യിലെ പൊടി തട്ടി യൂനിഫോം നേരെയാക്കി വണ്ടിയിൽ കയറി സലാം പറഞ്ഞിട്ടും ഒരു പൊലീസുദ്യോഗസ്ഥനെ കൊണ്ട് ടയർ മാറ്റി വയ്പ്പിക്കേണ്ടി വന്നതിലെ ചമ്മൽ നിന്നില്ല.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.