ദുബായിലും ഷാര്‍ജയിലും കനത്ത മഴ; അപകടം 66; ജാഗ്രത; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

dubai-rain
SHARE

യുഎഇയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. ദുബായിലും ഷാർജയിലും വിവിധയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ഷാർജയിലും വടക്കൻ എമിറേറ്റുകളിലും തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മഴ. ദൂരക്കാഴ്ച കുറയുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തതിനെത്തുടർന്ന് ദുബായിൽ 66 വാഹനാപകടങ്ങൾ ഉണ്ടായതായി പൊലീസ് പറഞ്ഞു. പരുക്കുകൾ ഗുരുതരമല്ലെന്നും അറിയിച്ചു. 

പുലർച്ചെ 6നും 9നും ഇടയിൽ പൊലീസ് സഹായം തേടി 1,812 ടെലിഫോൺ വിളികളാണ് എത്തിയത്. വടക്കൻ എമിറേറ്റുകളിലും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ എമിറേറ്റുകളിൽ ഞായറാഴ്ചയുണ്ടായ ശക്തമായ മഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലായി. വെള്ളക്കെട്ട് നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തീരപ്രദേശങ്ങളിലും പർവതമേഖലകളിലും പൊലീസ് പട്രോളിങ് ഊർജിതമാക്കി. ഉച്ചയോടെ അന്തരീക്ഷം തെളിഞ്ഞുവെങ്കിലും മലയോരമേഖലകളിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ശക്തമായ കാറ്റുമുണ്ട്. ഇന്നു മഴയ്ക്കു സാധ്യതയില്ലെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോർട്ട്.

മറ്റു ഗൾഫ് രാജ്യങ്ങളിലും മഴയില്ല. റാസൽഖൈമയിലും ഫുജൈറയിലും വാദികളും ജലസംഭരണികളും നിറഞ്ഞു. മലനിരകളിൽ നിന്നുള്ള നീരൊഴുക്കു കൂടി. റാസൽഖൈമയിലെ ജബൽ ജൈസ് മലനിരകളിൽ ശക്തമായ മഴയും കാറ്റുമാണ് ഉണ്ടായത്. വാദികളിൽ അപകടകരമായ നിലയിൽ വെള്ളം ഉയർന്നതിനെ തുടർന്നു പല റോഡുകളും അടച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പട്രോളിങ് ശക്തമാക്കി. അടിയന്തര സാഹചര്യമുണ്ടായാൽ 999, 901 എന്നീ നമ്പരുകളിൽ വിളിക്കണമെന്നു റാസൽഖൈമ പൊലീസ് അറിയിച്ചു.

ഒമാനിൽ ഞായറാഴ്ച രാത്രിയിൽ ഉൾപ്പെടെ  പെയ്ത മഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലായി. വാദികൾ നിറഞ്ഞൊഴുകുകയാണ്. വെള്ളം കുത്തിയൊഴുകി തലസ്ഥാന നഗരമായ മസ്കത്തിലടക്കം റോഡുകളിൽ കല്ലുകളും മണ്ണും അടിഞ്ഞുകൂടി.ഇന്നലെ മഴയില്ലാതിരുന്നത് ശുചീകരണ പ്രവർത്തനങ്ങൾ എളുപ്പമാക്കി. ആമിറാത്ത്, റൂവി, മത്ര, വാദി കബീർ, സീബ് എന്നിവിടങ്ങളിലെ റോഡുകളിൽ മണ്ണും കല്ലും നിറഞ്ഞിരുന്നു.സമാഈൽ, മുസന്ന, മുസന്ദം, കസബ്, സുഹാർ, ഷിനാസ്, സഹം, സുവൈഖ്, ദങ്ക്, നഖൽ, ബർക്ക, മത്ര എന്നിവിടങ്ങളിൽ ഞായറാഴ്ച രാത്രി ശക്തമായ മഴയാണു ലഭിച്ചത്. പലയിടങ്ങളിലും ആലിപ്പഴവർഷമുണ്ടായി. വാദികൾക്കു സമീപം പോകരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകി.

വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴയത്തും ദൂരക്കാഴ്ച കുറയുമ്പോഴും വാഹനങ്ങൾ ഓവർടേക്കിങ് ഒഴിവാക്കണമെന്നു പൊലീസ് നിർദേശിച്ചു. പെട്ടെന്നു ലൈനുകൾ മാറുന്നതും സഡൻ ബ്രേക്ക് ചെയ്യുന്നതും അപകടസാധ്യതകൾ വർധിപ്പിക്കും. ഡ്രൈവിങ് ബുദ്ധിമുട്ടായി തോന്നിയാൽ റോഡിൽ നിന്നു മാറി സുരക്ഷിതമായ സ്ഥലത്ത് വാഹനം ഒതുക്കി നിർത്തണം.വെള്ളക്കെട്ടുകളിൽ കുടുങ്ങാതിരിക്കാനും ശ്രദ്ധിക്കണം. മഴയുള്ളപ്പോൾ താഴ്ന്ന പാർക്കിങ് മേഖലകളിൽ നിന്നു വാഹനം മാറ്റിയിടണം.

ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തണം

*നീന്തൽക്കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ കുട്ടികൾ പോകാതിരിക്കാൻ ശ്രദ്ധിക്കുക.

 *മഴവെള്ളവും പൊടിക്കാറ്റും മുറികളിൽ അടിച്ചുകയറാതിരിക്കാൻ ജനാലകൾ അടച്ചിടണം.

*ഇടിമിന്നലുണ്ടെങ്കിൽ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക.

*വാദികൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കുക. മലയോരങ്ങളും സുരക്ഷിതമല്ല.

MORE IN GULF
SHOW MORE