ലോകസമാധാനത്തിന് ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ മടങ്ങി

pope-uae
SHARE

ലോകസമാധാനത്തിനു കൈകോർത്തു നീങ്ങാമെന്ന ആഹ്വാനവുമായി ത്രിദിനസന്ദർശനത്തിനു ശേഷം ഫ്രാൻസിസ് മാർപാപ്പ അബുദബിയിൽ നിന്നും മടങ്ങി.  ഗൾഫ് മേഖലയിൽ ആദ്യമായി ഒരു മാർപാപ്പയുടെ കാർമികത്വത്തിലുള്ള കുർബാനയ്ക്കു അബുദബി ഷെയ്ഖ് സായിദ് സ്റ്റേഡിയം വേദിയായി. മലയാളികളടക്കം ഒന്നരലക്ഷത്തോളം വിശ്വാസികൾ കുർബാനയിൽ പങ്കെടുത്തു. 

ചരിത്രസന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങി. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തി മാർപാപ്പയെ യാത്രയാക്കി.

മാനവസാഹോദര്യവും ലോകസമാധാനവും ഉയർത്തിപ്പിടിക്കാൻ ഒരുമിച്ചു നീങ്ങണമെന്നു യു.എ.ഇയുടെ തലസ്ഥാന നഗരിയിലർപ്പിച്ച കുർബാനക്കിടെ മാർപാപ്പ ആഹ്വാനം ചെയ്തു.

കേരളത്തിൽ നിന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ തുടങ്ങിയവർ കുർബാനയിൽ സഹകാർമികരായി. കുർബാനയ്ക്കിടയിലെ വിശ്വാസികളുടെ പ്രാർഥനകളിലൊരെണ്ണം മലയാളത്തിലായിരുന്നത് കേരളീയരായ പ്രവാസികൾക്കു അഭിമാനമായി.

രാവിലെ അബുദാബി സെൻ്ര് ജോസഫ് കത്തീഡ്രലിലെത്തിയ മാർപാപ്പ രോഗികളടക്കം നൂറിലധികം പേരെ വ്യക്തിപരമായി സന്ദർശിച്ചു. ചരിത്രസന്ദർശനം പൂർത്തിയാക്കി മടങ്ങിയ മാർപാപ്പയ്ക്കു യുഎഇ ഭരണാധികാരികളും ജനതയും നന്ദിയർപ്പിച്ചു

MORE IN GULF
SHOW MORE