‘പാപ്പയുടെ വാഹനം എന്റെ മുന്നിൽ നിർത്തി’; അനുഭവം പങ്കുവച്ച് മലയാളി കുടുംബം

pope-fransis-gulf
SHARE

ഫ്രാൻസിസ് മാർപ്പാപ്പയുടെ യുഎഇ സന്ദർശനം ലോക ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുമ്പോൾ, ദുബായിലെ മലയാളി കുടുംബം അദ്ദേഹത്തെ റോമിൽ സന്ദർശിച്ച അപൂർ‌വാനുഭവം പങ്കുവയ്ക്കുന്നു. കഴിഞ്ഞ 13 വർഷമായി ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശ്ശേരി പെരുന്തുരുത്തി സ്വദേശി ബിജു കുന്നേൽ ബേബിയും ദുബായ് ഹെൽത്ത് അതോറിറ്റിയിൽ ജോലി ചെയ്യുന്ന ഭാര്യ റോസി മാത്യു എന്നിവരാണ് തങ്ങൾ കടന്നുപോയ അനിർവചനീയ അനുഭൂതി ഒാർത്തെടുക്കുന്നത്. ഇപ്പോൾ അൽ വർഖ ഔവർ ഓൺ ഹൈസ്കൂൾ അ‍ഞ്ചാം ക്ലാസ് വിദ്യാർഥി ക്രിസ്, കെജി 2 വിദ്യാർഥിനി കാതറിൻ എന്നിവരുമായാണ് ഇരുവരും 2017ഏപ്രിലിൽ റോമിലെത്തിയത്. ആ സംഭവം ബിജുവിന്റെ വാക്കുകളിൽ തന്നെ വായിക്കാം:

റോമിലേക്ക് യാത്ര പുറപ്പെട്ടപ്പോൾ ഞങ്ങളുടെ ഉള്ളിൽ ഒറ്റ പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു - പരിശുദ്ധ പിതാവ് വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പയെ ദൂരെനിന്നെങ്കിലും ഒരുനോക്കുകാണുവാൻ സാധിച്ചിരുന്നെങ്കിൽ എന്ന്. എന്റെ ജീവിത പങ്കാളിയായ റോസി യാത്രയിലുടനീളം കുട്ടികളായ ക്രിസിനും കാതറിനുമൊപ്പം ഉരുവിട്ടുകൊണ്ടിരുന്ന പ്രാർഥനയും മറ്റൊന്നായിരുന്നില്ല.

ഞായറാഴ്ച വൈകിട്ടോടെ റോമിലെത്തിയ ഞങ്ങൾ നേരത്തെ ബുക്ക് ചെയ്ത പ്രകാരം വത്തിക്കാൻ സെന്റ് പീറ്റേഴ്സ് സ്ക്വാറിനോട് ഏറ്റവും അടുത്ത ഹോട്ടലിൽ താമസമാക്കി. ഞങ്ങളുടെ കുടുംബ സുഹൃത്ത് കൂടിയായ ഫാദർ ഡോ. അരുൺ കലമറ്റത്തിൽ നേരത്തെ തന്നെ ‘പേപൽ ഓഡിയൻസ്’ പ്രവേശന പാസ് തരപ്പെടുത്തിതന്നു. രാവിലെ ഒൻപതിന് ആരംഭിക്കുന്ന ‘പേപൽ ഓഡിയൻസ്’ കൂടാൻ വെളുപ്പിന് നാലുമണിക്ക് എൻട്രി ഗേറ്റിലേക്ക് ചെല്ലുമ്പോൾ തന്നെ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള വിശ്വാസികളുടെ വലിയ ഒരു നീണ്ട നിര പ്രത്യക്ഷമായിരുന്നു. പ്രതീക്ഷ കൈവിടാതെ അതിലൊരു ഭാഗമായപ്പോൾ പാപ്പായെ ഒരു നോക്കുകാണാൻ പോകുന്ന സന്തോഷത്തിൽ ഹൃദയം വിതുമ്പി. നാലുമണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ എട്ടു മണിയോടെ ‘സെക്യൂരിറ്റി ചെക്ക് ഇൻ’ കഴിഞ്ഞു വത്തിക്കാൻ സ്ക്വയറിലേയ്ക്കു പ്രവേശിച്ചപ്പോൾ സന്തോഷം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.

ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ഒരു വലിയ ജനസമുദ്രത്തിന്റെ കൂടെയാണ് നിൽക്കുന്നതെന്ന യാഥാർഥ്യം ഉള്ളിലുണ്ടെങ്കിലും ഞങ്ങളുടെ പ്രാർഥന പാപ്പായെ ഒന്ന് തൊടാൻ സാധിച്ചിരുന്നെങ്കിൽ എന്നായി. അത്ഭുതം എന്ന് പറയട്ടെ, ദൈവം ഞങ്ങളുടെ ആഗ്രഹം സാധിച്ചുതന്നു. പാപ്പാ ആളുകളുടെ ഇടയിലേക്കിറങ്ങിവന്നപ്പോൾ ഒന്ന് ശ്രദ്ധിക്കാനായി ഞാൻ ഞങ്ങളുടെ കുഞ്ഞു മാലാഖ, 4 വയസുള്ള കാതറീനെ എന്റെ തലയുടെയും മുകളിലായി ഉയരത്തിൽ പിടിച്ചു. ‘ഡിയർ പാപ്പാ’ എന്നർഥം വരുന്ന ഇറ്റാലിയൻ ഭാഷയിൽ ‘കാരോ പാപ്പാ’ എന്ന് വിളിച്ചു കൂവിക്കൊണ്ടിരുന്നു. എന്നെ അത്ഭുതസ്തബ്ധനാക്കിക്കൊണ്ടു അതാ പാപ്പയുടെ വാഹനം എന്റെ മുന്നിൽ നിർത്തി ! ഫ്രാൻസിസ് പാപ്പാ എന്റെ നേരെ കൈ നീട്ടി. ഒരു നിമിഷം ഒന്നും മനസിലായില്ല, അപ്പോഴേയ്ക്കും പാപ്പയുടെ സെക്യൂരിറ്റി ചുമതലകളുടെ തലവൻ എന്റെ കൈയിൽനിന്നു കൊച്ചു കാതറീനെ പാപ്പായുടെ കൈയിലേയ്ക്ക് എത്തിച്ചിരുന്നു. ഒരു നിമിഷം ഞാൻ സ്വപ്നം കാണുകയാണോ എന്ന് തോന്നിപ്പിക്കുമാറ് പരിശുദ്ധ പിതാവിന്റെ കൈകളിൽ ഇരിക്കുന്ന എന്റെ മകളെയാണ് ഞാൻ കണ്ടത്. പിതാവ് അവളുടെ തലയിൽ ചുംബിച്ച് കൈവച്ചു അനുഗ്രഹിച്ചു തിരിച്ചു എന്റെ കൈകളിലേയ്ക്ക്. സ്വർഗം പുൽകിയ സന്തോഷം, റോസി എന്റെ അടുത്തുനിന്നു സന്തോഷം കൊണ്ട് കരയുന്നു. അടുത്തുനിന്നവരെല്ലാം എന്റെ മകളെ ആശ്ലേഷിക്കുന്നു. 

ഫാദർ ഡോ. അരുൺ കലമറ്റത്തിൽ പറഞ്ഞു: ‘നോ ഡൌട്ട്, ഇറ്റ് ഈസ് ഒഫ്‌കോഴ്സ് ഹെവൻലി ബ്ലസിങ്’. ഇതറിഞ്ഞ എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു: ‘ഇറ്റ് ഈസ് എ മിറക്കിൾ’. അബുദാബി അമേരിക്കൻ എംബസ്സിയിൽ ഉദ്യോഗസ്ഥനായ എന്റെ സഹോദരൻ ബിനു കുന്നേൽ പറഞ്ഞത് ‘ഇറ്റ് ഈസ് ഗോഡ്സ് ഗിഫ്റ് ഫോർ യുവർ പ്രയർ’ എന്നാണ്. എന്തിനധികം ഇതറിഞ്ഞ എന്റെയും ജീവിത പങ്കാളിയുടെയും മാതാപിതാക്കൾ സന്തോഷംകൊണ്ട് കരഞ്ഞു. ആ അപൂർവ നിമിഷം ഇന്നലെ കഴിഞ്ഞതുപോലെ ഇന്നും ഞങ്ങളുടെ ഓർമകളിൽ പച്ചപിടിച്ചു നിൽക്കുന്നു. ലോകത്തിന്റെ പല ഭാഗത്തുള്ള ഏതാണ്ട് ഒരു ലക്ഷത്തിലധികം വിശ്വാസികളുടെ ഇടയിൽനിന്നും എന്ത് മേന്മയാണ് ഞങ്ങൾക്കുണ്ടായിരുന്നത് ? അത് ഞങ്ങളുടെ പ്രാർഥന മാത്രമായിരുന്നിരിക്കണം, തീർച്ച. നിങ്ങൾ ആരാണെന്നോ, നിങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്നോ, നിങ്ങളുടെ വിശ്വാസങ്ങൾ എന്താണ് എന്നോ നോക്കാതെ എല്ലാവരോടും ആദരവ് കാട്ടുന്ന ഫ്രാൻസിസ് പാപ്പാ എന്ന് കേട്ടറിവ് മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ആ പരമമായ സത്യം അന്ന് ഞങ്ങൾ കണ്ടും കൊണ്ടും അറിഞ്ഞു.

റോമിൽനിന്നു തിരികെപ്പോരുന്നതിനു മുൻപായി ലോക കാതോലിക്ക സഭയിൽ മേജർ അല്ലെങ്കിൽ പേപൽ ബസിലിക്ക എന്നറിയപ്പെടുന്ന ഗ്രേറ്റ് പേപൽ ചർച്ചസ് ഓഫ് റോം ആയ സൈന്റ്റ് പീറ്റേഴ്സ് വത്തിക്കാൻ ബസിലിക്കയും ലാറ്ററൻ ബസിലിക്കയും സൈന്റ് പോൾസ് ബസിലിക്കയും സൈന്റ്റ് മേരി ബസിലിക്കയും സന്ദർശിക്കുവാനുള്ള അപൂർവ ഭാഗ്യവും ഞങ്ങൾക്ക് കൈവന്നു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.