സമാധാനവും വികസനവും ഉറപ്പാക്കും; കൈകോർത്ത് മാർപ്പാപ്പയും യുഎഇയും

pope-francis-04-02
Image Courtesy: UAE News Twitter Page
SHARE

ലോകത്തിനു സമാധാനവും സ്ഥിരതയും വികസനവും ഉറപ്പുവരുത്താൻ ഒരുമിച്ചു നീങ്ങുമെന്ന പ്രഖ്യാപനവുമായി ഫ്രാൻസിസ് മാർപാപ്പയും യു.എ.ഇ ഭരണാധികാരികളും. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. അൽപസമയത്തിനകം മാനവസാഹോദര്യ സമ്മേളനത്തെ മാർപാപ്പ അഭിസംബോധന ചെയ്യും.  

അബുദബി പ്രസിഡൻഷ്യൽ പാലസിൽ നടന്ന ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ സഹിഷ്ണുത, സഹവർത്തിത്വം, സംവാദം എന്നിവ പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനും തീരുമാനമായി.  സഹിഷ്ണുതയുടെ രാജ്യത്ത് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനായതിൽ സന്തോഷമുണ്ടെന്നു അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്റ് ചെയ്ചു. ഉച്ചയ്ക്ക് പന്ത്രണ്ടിനു അബുദബി പ്രസിഡൻഷ്യൽ പാലസിൽ  മാർപ്പാപ്പയ്ക്കു ഔദ്യോഗിക സ്വീകരണം നൽകി. 

യുഎഇ സമയം വൈകിട്ട് എഴരയ്ക്കു മാർപാപ്പ, മാനവസാഹോദര്യ സമ്മേളനത്തെ അഭിസംബോധന ചെയ്യും. എഴുന്നൂറോളം മതസാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൻറെ സമാപന സമ്മേളനത്തിലാണ് മാർപ്പാപ്പ സംസാരിക്കുന്നത്. യെമനിലെ ആഭ്യന്തര യുദ്ധം അടക്കമുള്ള വിഷയങ്ങളിൽ മാർപാപ്പയുടെ പ്രതികരണമുണ്ടായേക്കും. കേരളത്തിൽ നിന്നും കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ, കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, സ്വാമി അമൃതസ്വരൂപാനന്തപുരി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. നാളെ രാവിലെ പത്തരയ്ക്കാണ് മാർപാപ്പയുടെ കാർമികത്വത്തിലുള്ള ദിവ്യബലി. മലയാളികളടക്കം ഒന്നരലക്ഷത്തോളം പേർ കുർബാനയുടെ ഭാഗമാകും.

MORE IN GULF
SHOW MORE