ഹൃദയവിശാലത നിറഞ്ഞ യു.എ.ഇ; പ്രതീക്ഷകളോടെ ഫ്രാൻസിസ് മാർപാപ്പ

pope-to-uae
SHARE

മനുഷ്യരോടും പരിസ്ഥിതിയോടും സഹിഷ്ണുതയുള്ളവരായിരിക്കാൻ ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ, സഹിഷ്ണുതയുടെ ഹൃദയവിശാലത നിറഞ്ഞ യു.എ.ഇയിലേക്ക് എത്തുകയാണ്. അതും സഹിഷ്ണുതാവർഷാചരണത്തിൽ. ഇരുന്നൂറിലധികം രാജ്യങ്ങളിൽ നിന്നു വിവിധ സംസ്കാരങ്ങളും ഭാഷകളും മതജീവിത രീതികളും പിൻതുടരുന്നവർ അല്ലലില്ലാതെ, കലഹങ്ങളില്ലാതെ കഴിയുന്ന രാജ്യം.

ഒരു മുസ്ലിം രാജ്യത്തേക്ക്, മതവിശ്വാസങ്ങൾ രാജ്യനിയമങ്ങളായ ഗൾഫ് മേഖലയിലേക്കു കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ആദ്യമായെത്തുന്നുവെന്ന കൌതുകത്തിനപ്പുറമാണ് മാർപാപ്പയുടെ സന്ദർശനം. വ്യത്യാസങ്ങളും വിഭാഗീയതകളും മറക്കാൻ ഈ ലോകത്ത് ഇനിയും ഇടമുണ്ടെന്ന ഓർമപ്പെടുത്തൽ. ഒരേ ലക്ഷ്യത്തിനായി, അതേ സമാധാനമെന്ന ലക്ഷ്യത്തിനായി കൈകോർത്ത് പ്രാർഥിക്കാനും പ്രവർത്തിക്കാനും ഇനിയും ജീവിതങ്ങളുണ്ടെന്ന ഓർമപ്പെടുത്തൽ.

കുരിശുയുദ്ധത്തിൽ തുടങ്ങിയ വെറുപ്പിൻറെ കാരണങ്ങളെ അകറ്റുന്ന സന്ദർശനം. അതേ, മാറിനിൽക്കാൻ കാരണമേറെയുണ്ടെങ്കിലും കൈകോർക്കാൻ ഒരു കാരണം മാത്രം. ലോകസമാധാനമെന്ന ആ ലക്ഷ്യത്തിലേക്കുള്ള ഏറ്റവും വലിയ ചുവടുവയ്പ്പുകളിലൊന്നായിരിക്കും മാർപാപ്പയുടെ യു.എ.ഇ സന്ദർശനം.

ചരിത്രത്തിലെ യു.എ.ഇ വത്തിക്കാൻ ബന്ധം

കേവലം പന്ത്രണ്ടു വർഷങ്ങൾക്കു മുൻപു 2007 ൽ മാത്രമാണ് യു.എ.ഇയും വത്തിക്കാനും ഔദ്യോഗിക നയതന്ത്ര ബന്ധം ആരംഭിച്ചത്. എന്നാൽ അതിനും മുൻപ്, 1951 ൽ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോമിലെത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. ഔദ്യോഗിക കൂടിക്കാഴ്ചകളൊന്നുമില്ലെങ്കിലും യുഎഇ വത്തിക്കാൻ ബന്ധത്തിൻറെ ആദ്യ ചുവടുവയ്പ്പായിരുന്നു രാഷ്ട്രപിതാവിൻറെ സന്ദർശനം. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് കത്തിലൂടെ സൌഹൃദബന്ധം തുടർന്നു. ബെനഡിക്ട് പതിനാറാമൻ മാാർപാപ്പയുടെ കാലത്ത് 2008   ഒക്ടോബറിൽ യു.എ.ഇയിൽ നിന്നും ഉന്നതസംഘം വത്തിക്കാനിലെത്തി നയതന്ത്ര ചർച്ചകൾ നടത്തി. 

with-bendict-16-pope
2008 ൽ വത്തിക്കാൻ സന്ദർശിച്ച യു.എ.ഇ സംഘത്തിൻറെ തലവൻ അബ്ദുൽ അസീസ് അൽ ഗുറൈർ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കൊപ്പം

2016 ൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വത്തിക്കാനിൽ നേരിട്ടെത്തി മാർപാപ്പയെ യു.എ.ഇയിലേക്ക് ക്ഷണിച്ചു. മൂന്നു വർഷങ്ങൾക്കിപ്പുറം ആ ക്ഷണം സ്വീകരിച്ച് ആദ്യമായി ഗൾഫ് രാജ്യത്തേക്ക് മാർപാപ്പയെത്തുന്നു.

അസീസിയിലെ ഫ്രാൻസിസും അറേബ്യയിലെ ഫ്രാൻസിസും

എന്നെ സമാധാനത്തിൻറെ ഉപകരണമാക്കി മാറ്റണേയെന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻറെ പ്രാർഥനയുടെ ആദ്യവരികളാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിൻറെ പ്രമേയം. 1219 ൽ അസീസിയിലെ ഫ്രാൻസിസ്, ഈജിപ്തിലെ സുൽത്താൻ മാലിഖ് അൽ കമീലുമായി സംവദിച്ചതിൻറെ എണ്ണൂറാം വാർഷികത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ അറേബ്യൻ മണ്ണിലേക്കുള്ള സന്ദർശനം.

പ്രകൃതിയ പ്രണയിച്ച് സകല ജീവജാലങ്ങളെയും സഹിഷ്ണുതയോടെ കാണണമെന്ന അസീസിയിലെ ഫ്രാൻസിസിൻറെ നിർദേശം ശിരസാവഹിച്ച് മറ്റൊരു ഫ്രാൻസിസ് സഹിഷ്ണുതയുടെ വർഷത്തിൽ ഹൃദയവിശാലത നിറഞ്ഞ രാജ്യത്തേക്കെത്തുന്നു. 

with-swiss-guard
യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദും സംഘവും 1951 ൽ റോമിലെ സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ സ്വിസ് ഗാർഡ്സിനൊപ്പം

അനുയായികളുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും വലിയ മതങ്ങളുടെ സംവാദം ചരിത്രത്തിൻറെ ആവർത്തനം മാത്രമല്ല, പുതി ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പു കൂടിയാണ്.

മതിലല്ല; പാലങ്ങളാണ് വേണ്ടത്

തകർക്കപ്പെട്ട മതിലുകൾ മറന്നു പുതിയ മതിലുകളുടെ പണിപ്പുരയിലായിരിക്കുന്ന രാഷ്ട്രനേതാക്കളോടു മതിലല്ല, മനുഷ്യരെ ബന്ധിപ്പിക്കുന്ന പാലങ്ങളാണ് ആവശ്യമെന്നുറക്കെ പ്രഖ്യാപിച്ച ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം മതാതീത ആത്മീയതയുടെ പ്രഖ്യാപനമാണ്. മാനവമതസൌഹാർദ്ദ സമ്മേളനത്തിൽ മാർപാപ്പയുടെ വാക്കുകൾക്കായാണ് ലോകം കാതോർത്തിരിക്കുന്നത്.

യെമനിലും സിറിയയിലും തുടരുന്ന ആഭ്യന്തര പ്രതിസന്ധികളിൽ തുടങ്ങി കുടിയേറ്റത്തെക്കുറിച്ചുള്ള വേവലാതികളടക്കമുള്ള മതം കാരണമായ വിഷയങ്ങളോടുള്ള മാർപ്പാപ്പയുടെ പ്രതികരണം കാലത്തിൻറെ ആവശ്യങ്ങളാണ്.

in-front-of-water-fountain
യു.എ.ഇ രാഷ്ട്രപിതാവ്ഷെയ്ഖ് സായിദും സംഘവും വത്തിക്കാൻ ഫൌണ്ടെയ്നു മുന്നിൽ. 1951ലെ റോം സന്ദർശനത്തിനിടെയെടുത്ത അപൂർവ ചിത്രം

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ മതസംസ്കാരങ്ങൾ പിൻതുടരുന്ന എഴുന്നൂറോളം ആത്മീയനേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം ചരിത്രത്തിൻറെ ഭാഗമാകും. സന്ദർശനത്തിനു മുന്നോടിയായുള്ള സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറയുന്നതിങ്ങനെ: "വിവിധരീതികളിലാണെങ്കിലും വിശ്വാസമാണ് നമ്മെ ഒരുമിപ്പിക്കുന്നത്.  വിദ്വേഷവും വ്യത്യാസവും അകറ്റാൻ നമ്മെ സഹായിക്കുന്നതും ഇതേ വിശ്വാസമാണ്."

ഇതേവിശ്വാസം പലപ്പോഴെങ്കിലും തീവ്രതയോടെ മതിലുകൾ പണിയുന്ന കാലത്തു ഇത്തരം പ്രഖ്യാപനങ്ങൾ പ്രതീക്ഷ നൽകുന്നുണ്ട്.

സമാധാനം നമ്മോടുകൂടെ

 

ഏറ്റവും ബഹുമാനത്തോടെയും സഹിഷ്ണുതയോടെയുമാണ് യു.എ.ഇ ഭരണകർത്താക്കൾ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെ സ്വീകരിക്കാനൊരങ്ങുന്നത്. കീഴ്വഴക്കങ്ങൾ മാനവികതയുടെ പേരിൽ മറികടക്കുകയാണ്.

പതിവുരീതികൾ മറികടന്നു പരിശുദ്ധ പിതാവേ എന്ന അഭിസംബോധനയോടെ മാർപാപ്പയെ സ്വാഗതം ചെയ്യുന്ന അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

അസലാമും അലൈക്കും എന്ന ഇസ്ളാം മതത്തിൻറെ അഭിസംബോധനാ രീതിയിൽ യുഎഇ ജനതയെ അഭിസംബോധനചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പ.

മതത്തിൻറെ മാറാപ്പുകൾ അഴിച്ചുവച്ചു മാനവികതയെ ചൂടാനുള്ള പ്രഖ്യാപനങ്ങൾ. ഒലിവ് ശാഖയുമായി പറക്കുന്ന പ്രാവിൻറെ രൂപമാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിൻറെ ലോഗോ. ഒലിവു ശാഖയും പ്രാവും സമാധാനത്തിൻറെ പ്രതീകങ്ങളാണ്. സമാധാനത്തിൻറെ സന്ദേശവുമായി പ്രാവ് പറക്കട്ടെ…മരുഭൂമിയിൽ നിന്നും മനുഷ്യഹൃദയങ്ങളിലേക്ക്…!

MORE IN GULF
SHOW MORE