ചതിയിൽ വീണ് 18 കാരി; ദിവസം അഞ്ചു പുരുഷൻമാർ; രക്ഷകരായി ദുബായ് പൊലീസ്

dubai-city
SHARE

പതിനെട്ടുകാരിയെ പെൺവാണിഭത്തിനായി ദുബായിൽ കൊണ്ടുവരികയും ചൂഷണം ചെയ്യുകയും ചെയ്ത കേസിൽ ബംഗ്ലാദേശ് പൗരൻ ഉൾപ്പെട്ട കേസ് കോടതിയിൽ. 44 വയസ്സുള്ള പ്രതിക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. ബംഗ്ലദേശ് സ്വദേശിനിയായ പെൺകുട്ടിയെ ഒരു ഫ്ലാറ്റിൽ നിന്നാണ് ദുബായ് പൊലീസിന്റെ രഹസ്യസംഘം രക്ഷിച്ചത്. മനുഷ്യക്കടത്ത്, പെൺവാണിഭം, പീഡനം തുടങ്ങിയ കുറ്റങ്ങൾ പ്രതി കോടതിയിൽ നിഷേധിച്ചു.

പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയും ചൈനീസ് യുവതിയുമായി ചേർന്ന് ഫ്ലാറ്റിൽ പെൺവാണിഭം നടത്തുകയുമായിരുന്നുവെന്നാണ് ആരോപണം. ഇവിടെ എത്തുന്ന പുരുഷൻമാരിൽ നിന്നും 100 ദിർഹം വാങ്ങിയാണ് ഇടപാട് നടത്തിയിരുന്നത്. അൽ ഖ്വായിസിലെ ഈ മേഖലയിൽ ദുബായ് പൊലീസിന്റെ രഹസ്യ സംഘം സെപ്തംബർ 23നാണ് റെയ്ഡ് നടത്തിയത്. പ്രോസിക്യൂഷന്റെ അന്വേഷണത്തിനിടെ തന്നെ ഫെബ്രുവരിയിൽ വിസിറ്റിങ് വിസയിലാണ് നാട്ടിൽ നിന്നും കൊണ്ടുവന്നതെന്ന് പെൺകുട്ടി പറഞ്ഞു. ‘പണത്തിന് അത്യാവശ്യം ഉള്ളതിനാലാണ് ജോലിക്കായി ഇങ്ങോട്ട് വന്നത്. എന്നാൽ, പെൺവാണിഭമായിരുന്നു ജോലി. തനിക്ക് 17 വയസ്സാണ് പ്രായമെന്ന് പ്രതിയോട് പറഞ്ഞിരുന്നു. പാസ്പോർട്ടിലെ വയസ്സ് തിരുത്തി 25 എന്നാക്കിയെന്നും’ പെൺകുട്ടി പറ‍ഞ്ഞു.

വിമാനത്താവളത്തിൽ നിന്നും പെൺകുട്ടിയെയും കൊണ്ട് പ്രതി ഫ്ലാറ്റിലേക്കാണ് പോയത്. അവിടെ വച്ച് പീഡനത്തിന് ഇരയാക്കി. ഇപ്പോൾ നീ ജോലി ചെയ്യാൻ തയാറായെന്നും ദിവസവും 4–5 പുരുഷൻമാർ വരുമെന്നും അയാൾ പറഞ്ഞുവെന്ന് പെൺകുട്ടി പറഞ്ഞു. 1500 ദിർഹം എല്ലാ മാസവും നാട്ടിലുള്ള മാതാവിന് അയച്ചുകൊടുക്കുമായിരുന്നു. പ്രതി താനുമായി നിരന്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടെന്നും പെൺകുട്ടി മൊഴി നൽകി. 

18 വയസ്സുള്ള പെൺകുട്ടി അൽ ഖ്വാസിസിലെ ഫ്ലാറ്റിൽ ചൂഷണം നേരിടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആവശ്യക്കാരൻ എന്ന വ്യാജേന അവിടേക്ക് അയക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. 200 ദിർഹവുമായാണ് രഹസ്യ പൊലീസ് ഫ്ലാറ്റിൽ എത്തിയത്. തനിക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആണ് ആവശ്യമെന്നും ഇയാൾ പറഞ്ഞു. പണം നൽകിയ ശേഷം രഹസ്യപൊലീസിന് പെൺകുട്ടിയെ കൈമാറി. ഈ സമയം മറ്റുള്ളവർക്ക് സിഗ്നൽ നൽകുകയും പെൺകുട്ടിയെ രക്ഷിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മൂന്നു മുറികളാണ് ഫ്ലാറ്റിന് ഉണ്ടായിരുന്നത്. വാതിലിനു മേൽ ഒരു ചെറിയ ക്യാമറ സ്ഥാപിച്ചിരുന്നു. ഈ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തന്റെ ബന്ധുവിൽ നിന്നാണ് ജോലിക്കാര്യം അറിഞ്ഞതെന്നും കുടുംബത്തെ സഹായിക്കാനാണ് ദുബായിലേക്ക് വന്നതെന്നും പെൺകുട്ടി പറഞ്ഞു. പ്രതിയായ വ്യക്തിയാണ് ദുബായിലേക്ക് പോകാൻ ആവശ്യമായ സഹായം ചെയ്തത്. പാസ്പോർട്ടിലെ വയസ്സ് തിരുത്തിയതും ഇയാൾ തന്നെയെന്ന് പൊലീസ് പറഞ്ഞു. കേസിൽ വാദം ഈമാസം 20ന് വീണ്ടും നടക്കും.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.