പേരന്‍പ് കണ്ടവര്‍ ഉറങ്ങിയില്ല; വിങ്ങലോടെ ഏറ്റുവാങ്ങി ദുബായിയും ഗള്‍ഫ് ജനതയും

peranbu44
SHARE

ദുബായ് മാളിലെ റീൽ സിനിമയിൽ പേരൻപിന്റെ പ്രിമിയർ ഷോ കണ്ടവരാരും ഉറങ്ങിയില്ല. ടാക്സി ഡ്രൈവർ അമുദനും അമുദവന്റെയും പ്രിയപ്പെട്ട മകൾ പാപ്പായും അവരെ അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു. മമ്മൂട്ടിയും ദുബായിയുടെ സ്വന്തം താരം സാധനയും തകർത്തഭിനയിച്ച തമിഴ് ചിത്രം പേരൻപ് ഒരു വിങ്ങലോടെയാണ് എല്ലാവരും കണ്ട് പൂർത്തിയാക്കിയത്.

കേരളത്തിനും തമിഴ്നാടിനുമൊപ്പം ഇന്നാണ് പേരൻപ് ഗൾഫിലും റിലീസായത്. അതിനു മുൻപ് ദുബായിലെ വേൾഡ് വൈഡ് ഫിലിംസ് മാധ്യമപ്രവർത്തകർക്കും മറ്റും ഷോ നടത്തുകയായിരുന്നു. ഏറെ കാലത്തിനു ശേഷം മികച്ചൊരു ചിത്രം കണ്ടു എന്ന് മിക്കവരും അഭിപ്രായപ്പെട്ടു. എല്ലാ വേദനയും ഒളിപ്പിച്ചുവച്ച് അമുദവനായി മമ്മൂട്ടി മാറിയപ്പോൾ മലയാളികൾക്ക് ഏറെ കാലത്തിന് ശേഷം മമ്മൂട്ടിയിലെ ലോകോത്തര അഭിനേതാവിനെ തിരിച്ചുകിട്ടി. ദുബായിൽ ജനിച്ചു വളർന്ന സാധ്ന എന്ന പ്ലസ് വൺ വിദ്യാർഥിനിയുടെ കുടുംബവും കൂട്ടുകാരും അധ്യാപകരുമെല്ലാം പ്രീമിയർ ഷോയ്ക്കെത്തി.

പേരൻപ് റിവ്യു – പേരന്‍പ് കരയിക്കുകയല്ല; ഉള്ളിലെ നന്‍മകളെ കാട്ടിത്തരും; ഭാവങ്ങളുടെ ടെക്സ്റ്റ്ബുക്ക്


സംവിധായകൻ റാമും എത്തിയിരുന്നു.  ഒാരോ ഫ്രെയിമും മനോഹരവും ശക്തവുമാക്കിയ സംവിധാനമികവ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. മമ്മൂട്ടിയെയും സാധ്നയെയും കൂടാതെ അഞ്ജലി, അഞ്ജലി അമീർ എന്നിവരും മികവ് പുലർത്തി. യുവൻ ശങ്കരർ രാജയുടെ സംഗീതവും തേനിയുടെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്.

peranabu4

പ്രദർശനത്തിനു ശേഷം റാം പ്രേക്ഷകരുമായി സംവദിച്ചു. ഇത്തരം കുട്ടികളുടെ ബന്ധുക്കളും ചിത്രം കാണാനെത്തിയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പലരും തങ്ങളുടെ അനുഭവം പങ്കുവച്ചത്.

peranbu6

ജൂറി കനിഞ്ഞാൽ മമ്മുട്ടിക്കും സാധ്നയ്ക്കും ദേശീയ അവാർഡ് ഉറപ്പെന്ന് റാംഷോയ്ക്ക് മുൻപ് റാം പറഞ്ഞു. പേരൻപ് ഒരു ചെറിയ ചിത്രമാണെന്നും മാനുഷികതയാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും റാം പറഞ്ഞു. ജൂറി കനിഞ്ഞാൽ മമ്മൂട്ടിക്കും സാധ്നയ്ക്കും മികച്ച അഭിനേതാക്കൾക്കുള്ള ദേശീയ അവാർഡ് ഉറപ്പാണ്. ഞാനാണ് ജൂറിയെങ്കിൽ മമ്മൂട്ടിക്ക് അവാര്‍ഡ് നൽകും. അദ്ദേഹത്തിന്റെ  ആരാധകനാണ് ഞാൻ. മലയാളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ നടനാണ് മമ്മുട്ടി. അദ്ദേഹമില്ലായിരുന്നെങ്കിൽ ഇൗ ചിത്രം യാഥാർഥ്യമാകുമായിരുന്നില്ല. ഇതൊരു ആർട് സിനിമയല്ല. ബാലുമഹേന്ദ്ര, ഭാരതിരാജ സിനിമകൾ പോലുള്ള കുഞ്ഞു ചിത്രമാണിത്. അവാർഡിന് വേണ്ടി എടുത്ത ചിത്രമല്ല ഇത്. വേണമെങ്കിൽ ഒരു സെമി കൊമേഴ്സ്യൽ ചിത്രം എന്നു തന്നെ പറയാം. തമിഴ് നാടിനൊപ്പം കേരളവും ചിത്രം ഹൃദയത്തോട് ചേർക്കുന്നതിൽ ഏറെ സന്തോഷമുണ്ട്.

മമ്മൂട്ടിയോടൊപ്പം റാം സംവിധാനം ചെയ്ത ഒരു ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് സാധന പറഞ്ഞു. ഞാൻ ദുബായിൽ ജനിച്ചു വളർന്ന കുട്ടിയാണ്. ഇപ്പോഴും ദുബായിൽ ജീവിക്കുന്നു. തങ്കമീനുകളിലെ എന്നെ സ്നേഹിച്ച പോലെ ഇൗ ചിത്രത്തിലെ പാപ്പായെയും സ്നേഹിക്കുമെന്ന് എനിക്കുറപ്പുണ്ട്. 

അഭിനയത്തിന് വീണ്ടും ദേശീയ അവാര്‍ഡ് ലഭിക്കുമോ എന്ന് അറിയില്ല. നിങ്ങളുടെ പ്രാർഥനകളും ആശംസകളും വേണം–സാധന പറഞ്ഞു. യുഎഇ അടക്കമുള്ള ഗൾഫിലെ തിയറ്ററുകളിൽ ഇന്നുമുതല്‍ പേരൻപ് പ്രദർശിപ്പിക്കുമെന്ന് വേൾഡ് വൈഡ് ഫിലിംസിന്റെ നൗഫൽ പറഞ്ഞു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.