ദുബായിൽ മസാജിനായി സ്ത്രീകൾ യുവാവിനെ വിളിച്ചുവരുത്തി; ആക്രമണം; കവർച്ച; ശിക്ഷ

massage-centre-subai
SHARE

മസാജിനെന്ന പേരില്‍ യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പണം കവര്‍ന്ന കേസില്‍ ദുബായ് കോടതി നാലു സ്ത്രീകള്‍ക്ക് ശിക്ഷ വിധിച്ചു. ആറു മാസം തടവാണു നാലു സ്ത്രീകൾക്കും വിധിച്ചത്. ബിസിനസ് കാര്‍ഡിലെ പരസ്യം കണ്ടാണ് ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നേപ്പാളി പൗരന്‍ മസാജിനായി ഇവരുടെ അടുത്തേക്ക് പോയത്. യുവാവിനെ കെട്ടിയിട്ട ശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന 60,300 ദിർഹമാണ് സംഘം അപഹരിച്ചത്. 

അന്യായമായി തടങ്കലില്‍ വയ്ക്കുക, ഭീഷണിപ്പെടുത്തുക, ശാരീരിക പീഡനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 28നും 33നും ഇടയില്‍ പ്രായമുള്ള നാലു പ്രതികളും നൈജീരിയന്‍ പൗരത്വമുള്ളവരാണെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. റോഡില്‍ വെച്ച് കിട്ടിയ ബിസിനസ് കാര്‍ഡിലാണ് മസാജ് സെന്ററിന്റെ ഫോണ്‍ നമ്പര്‍ നേപ്പാള്‍ പൗരന് ലഭിച്ചത്. നമ്പറില്‍ വാട്സാപ് വഴി ബന്ധപ്പെട്ട ഇയാളോട് ഫ്ലാറ്റില്‍ വരാന്‍ നിര്‍ദേശിക്കുകയായിരുന്നു. അകത്ത് കയറിയപ്പോഴാണ് ചതിയിൽ അകപ്പെട്ടുവെന്ന് ഇയാള്‍ക്ക് മനസിലായത്. 

നാലു സ്ത്രീകള്‍ ചേര്‍ന്ന് നേപ്പാളി പൗരനെ കെട്ടിയിട്ടു. ക്രൂരമായി മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. പഴ്സില്‍ 300 ദിര്‍ഹവും പോക്കറ്റില്‍ 60,000 ദിര്‍ഹവുമായിരുന്നു ഉണ്ടായിരുന്നത്. പണം അപഹരിച്ച ശേഷം പൊലീസിനെ അറിയിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി യുവാവിനെ വിട്ടയക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂൺ 10നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികളുടെ ഫ്ലാറ്റില്‍ നിന്ന് രക്ഷപെട്ട ഇയാള്‍ അല്‍ റഫാ പൊലീസ് സ്റ്റേഷനിലാണ് പരാതിപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് സ്ത്രീകള്‍ ഇവിടെ നിന്ന് ഓടി പോവുകയായിരുന്നുവെന്ന് സെക്യൂരിറ്റി പറഞ്ഞു. പിന്നീട് നാല് പ്രതികളെയും പൊലീസ് പിടികൂടി. സമാനമായ രീതിയില്‍ ഇവര്‍ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. 

സംഭവത്തെ കുറിച്ച് 33 വയസ്സുള്ള നേപ്പാളി ഡ്രൈവർ പറയുന്നത് ഇങ്ങനെ: ‘ലഭിച്ച കാർഡിൽ നിന്നും കിട്ടിയ നമ്പറിൽ വാട്സാപ്പിലൂടെ ഞാൻ അവരുമായി ബന്ധപ്പെട്ടു. ഒരു ഫ്ലാറ്റിലേക്ക് വരാനാണ് പറഞ്ഞത്. ഞാൻ അകത്ത് കയറിയതും എട്ട് ആഫ്രിക്കൻ സ്ത്രീകൾ എന്നെ ആക്രമിക്കുകയായിരുന്നു’. ആക്രമണം നടത്തിയ സ്ത്രീകളിൽ ചിലരെ യുവാവ് പൊലീസ് സ്റ്റേഷനിൽ തിരിച്ചറിഞ്ഞു. 

രാത്രി പതിനൊന്നു മണിയോടെ മൂന്ന് ആഫ്രിക്കൻ സ്ത്രീകൾ കെട്ടിടത്തിൽ നിന്നും ഓടി പോകുന്നത് കണ്ടുവെന്നാണ് പാക്കിസ്ഥാൻ സ്വദേശിയായ സെക്യൂരിറ്റിയുടെ മൊഴി. അൽപസമയത്തിനകം പൊലീസ് സ്ഥലത്തെത്തുകയും ഒരു മോഷണം നടന്നിട്ടുണ്ടെന്നും അറിയിച്ചു. ആ സ്ത്രീകൾ ഫ്ലാറ്റിൽ താമസിക്കുന്നവർ ആയിരുന്നില്ല. മറ്റൊരാൾ നൈജീരിയൻ യുവാവിനൊപ്പം അവിടെ താമസിക്കുന്ന യുവതിയാണെന്നും സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. വിധിക്കെതിരെ 15 ദിവസത്തിനുള്ളിൽ പ്രതികൾക്ക് അപ്പീൽ കോടതിയെ സമീപിക്കാം.

MORE IN GULF
SHOW MORE