ഒറ്റ സ്പോണ്‍സര്‍ക്കൊപ്പം 46 വര്‍ഷം; നിര്‍വൃതിയോടെ ബഷീര്‍ യുഎഇയോട് ‘സലാം’ പറയുന്നു

basheer-uae
SHARE

പുസ്തകങ്ങളുടെ പരിമളവും സംസ്കാരങ്ങളുടെ സ്വരച്ചേർച്ചയും നാലരപ്പതിറ്റാണ്ടിലധികം അനുഭവിച്ച് ബഷീർക്ക മടങ്ങുകയാണ്. ഒരു സ്പോൺസർക്കു കീഴിൽ 46 വർഷം തികച്ചുള്ള മടക്കയാത്ര മലയാളിയുടെ വിശ്വാസ്യതയുടെ പ്രതിഫലനം കൂടിയാണ്. കുളിർക്കാറ്റ് പോലെ ശാന്തമായിരുന്ന സുദീർഘ പ്രവാസത്തിനു തിരശ്ശീല താഴ്ത്തുമ്പോൾ തൈക്കാട്ടിൽ ബഷീറിന്റെ മനസ്സിൽ നിർവൃതിയുടെ നിലാവുണ്ട്. നിങ്ങൾ ഒരു അറബ് വീട്ടിലേയ്ക്ക് വിനയപൂർവം കയറിച്ചെല്ലുന്നു. മുറ്റത്ത് നിൽക്കുന്ന ഗൃഹനാഥനോട് വന്നകാര്യം പറയുന്നത് ഇങ്ങനെ: 'ഞാൻ നിങ്ങളുടെ തൊട്ടടുത്ത് താമസിക്കുന്ന ഹിന്ദിയാണ്.(ഇന്ത്യക്കാരനാണ്). നിങ്ങളുടെ വീടിനോട് ചാരി ഒരു കട തുടങ്ങട്ടെ...?'

അപേക്ഷ കേട്ട സ്വദേശി 'അതിനെന്താ, നീ തുടങ്ങിക്കോ' എന്നു പച്ചക്കൊടി കാണിക്കുന്നു. വൈകാതെ അവിടെ ഇഷ്ടിക കൊണ്ട് പടുത്ത ഒരു താൽക്കാലിക കെട്ടിടം ഉയരുകയായി. അത്യാവശ്യമുള്ളത് ഒന്നു മാത്രം. എയർ കണ്ടീഷണർ.  

മുനിസിപ്പാലിറ്റിയുടെ ലൈസൻസ് വേണ്ട, എക്കണോമിക് ഡിപ്പാർട്ട്മെന്റ് ചോദ്യങ്ങളില്ല. ലേബർ പരിശോധനയില്ല. വ്യവസ്ഥകളോ 'വാറ്റോ' ആയിട്ടില്ല. ഒരു വിദേശിയുടെ ഗൾഫ് ജീവിതം കടമ്പകളില്ലാതെ കടന്നു പോകാൻ കഴിഞ്ഞിരുന്ന 1974 കാലത്താണ് തിരൂരിനടുത്തുള്ള പറവന്നൂരിൽ നിന്നും ബഷീർ യു എ ഇ യിൽ എത്തുന്നത്. അംബരചുംബികളും ചരിഞ്ഞും തിരിഞ്ഞും നിൽക്കുന്നതോ ആയ കെട്ടിടങ്ങൾ അബുദാബിയിൽ അന്നില്ല. ചീറിപ്പായുന്ന വാഹനങ്ങളോ അതിനുള്ള വീഥികളോ വിരളം. 

കൊച്ചിയിൽ നിന്നും ഏതാനും കൂട്ടുകാർക്കൊപ്പം മുംബൈ എന്ന 'ബോമ്പായി'യിലെത്തി. മുണ്ടുടുത്ത് തിക്കിത്തിരക്കിയുള്ള തീവണ്ടിയാത്ര. കിട്ടിയ ബെർത്ത് വിട്ട് മൂത്രമൊഴിക്കാൻ പോലും ഊർന്നിറങ്ങാൻ കഴിയാത്ത വിധം മനുഷ്യർ ബോഗികളിൽ തിരൂർ ' വാഗൺ ട്രാജടി ' യെ ഓർമിപ്പിക്കും വിധം കുത്തനെ നിൽക്കുകയാണ്. നിശ്വാസമുണ്ടെന്ന സമാധാനം മാത്രം. കിട്ടിയ സീറ്റിൽ നിന്നുമിറങ്ങിയാൽ അവകാശം നഷ്ടമാകുമെന്നതാണ് ട്രെയിൻ യാത്രയിലെ അലിഖിത നിയമം. ടിക്കറ്റിനു മാത്രമല്ല, ഇരിപ്പിടത്തിനു വേണ്ടി വേറെ പണം ഇടനിലക്കാർക്ക് നൽകിയാണ് യാത്ര സൗകര്യപ്രദമാക്കിയതെന്ന കാര്യവും ബഷീർ ഓർത്തെടുത്തു.

മുംബൈയിൽ ഇറങ്ങിയ ശേഷം കൂടെയുള്ളവർ തിരിച്ചു പോയി. മഹാനഗരത്തിൽ അധികം അലയാതെ 'അക്ബർ' കപ്പലിലാണ് ദുബായ് യാത്ര തുടങ്ങിയത്. പേര് പോലെ തന്നെ വലിയ ജലവാഹനം. അന്നത്തെ 950 രൂപ നൽകിയാണ് ടിക്കറ്റെടുത്തത്. കാറ്റും കോളും തിരകളും നൃത്തം ചെയ്യുന്ന അറ്റമില്ലാത്ത കടലിലേക്ക് നോക്കി അടുക്കാൻ പോകുന്ന തീരവും സ്വപ്നം കണ്ട് കപ്പലിൽ കഴിഞ്ഞു. കീഴെ പ്രത്യേകം തയാറാക്കിയ അണ്ടർ ഗ്രൗണ്ട് മെസ്സ്. വിശപ്പടക്കാനുള്ള രുചി മാത്രം മതിയെന്ന മട്ടിൽ തയാർ ചെയ്യപ്പെട്ടതാണ് ഭക്ഷണം. തുളച്ചുകയറുന്ന സമ്മിശ്ര കടൽ ഗന്ധം കൊണ്ട് കഴിക്കാൻ കഴിയുന്നില്ല. ഭക്ഷണത്തിനു രുചിയും വീര്യവും കൂട്ടുന്ന പച്ചമുളകും ചെറുനാരങ്ങയും വിറ്റ് കാശുണ്ടാക്കുന്ന വിരുതന്മാരായ ചെറു വ്യാപാരികൾ കപ്പലിലെ കാര്യക്കാരായുണ്ട്. കയ്യിലുള്ള തുട്ടുകൾ നൽകി പച്ചമുളക് കൂട്ടിയാണ് വിശപ്പമർത്തിയത്.

പല നാടുകളിൽ പുറവാസം പരീക്ഷിച്ച് വിജയിച്ച മുതിർന്ന സഹോദരൻ സാലിഹാണ് ബഷീറിന് പ്രവാസത്തിന്റെ എൻട്രി പാസായ വീസ നൽകിയത്. ഒന്നല്ല രണ്ട് വീസ. അബുദാബിയിലെ വ്യക്തിഗത സ്പോൺസർഷിപ്പിലുള്ള വീസയാണ് അതിലൊന്ന്. വീസ നൽകുന്നതിൽ അക്കാലത്ത് ഉദാര നയമുണ്ടായിരുന്ന റാസൽഖൈമയിൽ നിന്നു കിട്ടിയതാണ് രണ്ടാമത്തെ വീസ. എമിറേറ്റുകൾ തമ്മിൽ ഓൺലൈൻ പ്രണയമില്ലാത്ത കാലത്തെ പ്രവാസമായതിനാൽ ആവശ്യമുള്ള വീസ ഇമിഗ്രേഷൻ ഉദ്യാഗസ്ഥരുടെ 'ദർശന 'ത്തിനു നൽകിയാൽ മതി. മുംബൈ- മസ്ക്കത്ത് വഴി സഞ്ചരിച്ച കപ്പൽ ഒടുവിൽ ദുബായ് റാഷിദിയ്യ തീരം തൊട്ടു. രണ്ടു ദിവസത്തെ ദുബായ് വാസത്തിനു ശേഷമാണ് അബുദാബിയിൽ അണഞ്ഞത്.

യു എ ഇ പ്രതിരോധ മന്ത്രാലയത്തിലാണു സഹോദരൻസാലിഹിനു ജോലി. തൊഴിലാളികളുടെ അഡ്രസ് ടൈപ്പ് ചെയ്യുക, കത്തെഴുതി കൊടുക്കുക തുടങ്ങിയ ലളിത തൊഴിൽ.

അന്യനഗരത്തിലെ വേദനാജനകമായ അനുഭവം പങ്കുവയ്ക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഒരു മനുഷ്യൻ' എന്ന കഥയെ അനുസ്മരിപ്പിക്കുന്ന 'അഡ്രസ് വിദ്യാഭ്യാസം'! അദ്ദേഹമാണ് ഉപജീവനത്തിനുള്ള വഴി തുറക്കുന്നത്. ജീവിതം പച്ച പിടിപ്പിക്കാൻ പല വഴി താണ്ടിയ സാലിഹ് അർബുദം ബാധിച്ചാണു മരിച്ചത്. കുടുംബത്തിനു കരുത്ത് നൽകിയ ആ കണ്ണി അറ്റു വീണതിലെ സങ്കടം ബഷീർക്കയുടെ ഓർമകളിലൂടെ ഒഴുകിവന്നു.

46വർഷം ബഷീർക്ക പുസ്തകങ്ങളുടെ സുഗന്ധമറിഞ്ഞിട്ടുണ്ട്. യൂറോപ്പിന്റെ കവാടമായ സ്പെയിനിന്റെ അറബിപ്പേരായ അൻദുലുസാണ് എയർപോർട്ട് റോഡിലുള്ള ഷോപ്പിന്റ പേര്. സ്പെയിനുകാരുടെ പുസ്തകപ്രേമം വിസ്മയാവഹമാണ്. എട്ട് നൂറ്റാണ്ട് ഭരിച്ച മുസ് ലിം ഭരണാധികാരികളുടെ ഖജനാവ് പുസ്തകങ്ങൾ വാങ്ങി തളർന്നൂവെന്നതാണ് ചരിത്രം. അമീർ ഹകമിന്റെ ലൈബ്രറിയിൽ മാത്രം നാല് ലക്ഷം അമൂല്യ ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നുവത്രെ!

അബുദാബിയിലെ ബഷീർക്കയുടെ സ്പെയിൻ പുസ്തകശാലയും സമ്പന്നമാണ്. അറബികൾക്കും വിദ്യാർഥികൾക്കും ആവശ്യമുള്ള പുസ്തകങ്ങളെല്ലാം ഈ കടയിൽ കിട്ടും. സുഡാനികളാണ് അറബിക് പുസ്തകങ്ങളെ വിലപേശാതെ വാങ്ങുന്നവർ. ഈജിപ്ഷ്യർ പുസ്തകം വാങ്ങുമെങ്കിലും വില കുറയാൻ ഏതറ്റം വരെയും പോകും. 'ആഖർ സഅർ' (അവസാന വില ) ഉറപ്പിച്ച ശേഷമാണ് കച്ചവടമുറപ്പിക്കുക . സ്കൂൾ പുസ്തകങ്ങളും പoന സഹായികളും നൽകി കുട്ടികളുടെയും അധ്യാപകരുടെയും പ്രിയ പുസ്തകക്കടയായി അൻദുലുസ് ഇന്നും ഊർജിതഭാവത്തിലാണ്. മകൻ ജഹീർ ഹാശിമിനു കടയും ഒപ്പം പ്രവാസവും കൈമാറിയാണ് ബഷീർക്ക തിരിച്ചു പോകുന്നത്.

നാലര പതിറ്റാണ്ടിലെ സമ്പാദ്യം ഗാഢമായ ഗൾഫ് സൗഹൃദങ്ങളാണ്. ഒരിക്കൽ കണ്ടവരെ മറക്കാതെ മനസ്സിൽ സൂക്ഷിക്കാൻ അസാധ്യസിദ്ധിയുണ്ട്. തിരൂർ, പറവന്നൂർ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ച കുടുംബത്തിലെ അംഗമാണ് ബഷീർ. നാല് മക്കൾക്കും ഉന്നത വിദ്യാഭ്യാസം നൽകുക മാത്രമല്ല, കുടുംബങ്ങൾക്ക് താങ്ങും തണലുമാകാനായ സന്തോഷം സൗമ്യഭാവമുള്ള മുഖത്ത് കളിയാടുന്നു. കിട്ടിയതിൽ സംതൃപ്തി മുദ്രാവാക്യമാക്കിയ അദ്ദേഹം അരുതാത്തതൊന്നും ആരോടും ആവശ്യപ്പെട്ടില്ല. അങ്ങനെയെങ്കിൽ നാലര പതിറ്റാണ്ട് പിന്നിട്ട പ്രവാസം കൊണ്ട് സാമ്പത്തിക വൃത്തം വികസിപ്പിക്കാമായിരുന്നൂവെന്ന് അടുത്തറിയുന്നവരും പറയുന്നു. വിവാഹത്തിനു മുമ്പ് കടൽ കടന്നതിനാൽ അബുദാബിക്കാരനായ ശേഷമാണ് മണവാളനായത്. 

ഗൾഫിൽ ആയുസ് ബാഷ്പീകരിച്ചുള്ള ബഷീർക്കയുടെ മടക്കം പ്രവാസത്തിന്റെ ഒരു ചരിത്ര പുസ്തകം മടക്കി വയ്ക്കുന്നതുപോലെയാണ്.

MORE IN GULF
SHOW MORE