മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചു; യുവാവിന് ദുബായിൽ ശിക്ഷ

dubai-court
SHARE

മാനസികവെല്ലുവിളി നേരിടുന്ന എമിറാത്തി യുവതിയെ  ഹോട്ടൽ മുറിയിൽ വച്ചു പീഡിപ്പിച്ച 32കാരനായ പാക്ക് പൗരന് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. 38 വയസ്സുള്ള യുവതിയെ പീഡിപ്പിച്ചതിന് രണ്ടു വർഷം തടവാണ് കോടതി വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയാൽ ഇയാളെ നാടുകടത്താനും ഉത്തരവിട്ടു. പാക്ക് സ്വദേശിയായ പ്രതി സ്വയം എമിറാത്തിയാണ് എന്നു പരിചയപ്പെടുത്തിയാണ് യുവതിയുമായി ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടത്. 17 വർഷമായി മാനസികവെല്ലുവിളി നേരിടുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. മരുന്ന് നിർത്തിയതിനാൽ അന്നു ഹോട്ടൽ മുറിയിൽ നടന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായി ഒന്നും ഓർമയില്ലെന്നാണ് യുവതിയുടെ മൊഴി. 

‘അയാൾ ഒരു എമിറാത്തി പൗരനാണ് എന്നാണ് എന്നോട് പറഞ്ഞത്. പൊതുസ്ഥലത്ത് വച്ച് എന്നെ കാണാൻ താൽപര്യമില്ലെന്നും ഹോട്ടലിലേക്ക് വരണമെന്നും പറയുകയായിരുന്നു’– യുവതി കോടതിയിൽ പറഞ്ഞു. 2018 സെപ്റ്റംബർ 18നാണ് യുവതി ഹോട്ടലിൽ പോയി പ്രതിയെ കണ്ടത്. ഹോട്ടൽ മുറിയിൽ എത്തിയ യുവതിയെ പ്രതി പിടിച്ചുവലിച്ച് കട്ടിലിൽ കിടത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് രക്ഷിതാക്കൾ അറിഞ്ഞാൽ എന്തു സംഭവിക്കുമെന്ന് ഓർത്ത് ഞാൻ ഭയന്നു. തുടർന്ന് എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ഞാൻ അബോധാവസ്ഥയിൽ ആയിരുന്നു. വ്യക്തമായി ഒന്നും കാണാൻ സാധിച്ചില്ല, ചില ശബ്ദങ്ങൾ മാത്രമാണ് കേട്ടതെന്നും യുവതി മൊഴി നൽകി.

പിന്നീട്, യുവതി കാര്യങ്ങൾ എല്ലാം മാതാവിനോട് പറഞ്ഞു. കുടുംബം യുവതിയെ സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയി പരിശോധന നടത്തുകയും ചെയ്തു. അൽ അമീൻ സർവീസിൽ വിവരം അറിയിച്ചപ്പോൾ അവർ പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചു. തുടർന്നാണ് ബർ ദുബായ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ടേഴ്സിനു മുന്നിൽ ഹാജരാക്കി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം നിഷേധിച്ചു. 

റാഷിദ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിൽ യുവതി നിരവധി സ്വകാര്യ–പൊതുമേഖല ആശുപത്രികളിൽ ബൈപോളാർ ഡിസോർഡർ, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾക്ക് ചികിൽസ തേടിയിരുന്നുവെന്ന് വ്യക്തമായി. പ്രതിക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ അപ്പീൽ കോടതിയെ സമീപിക്കാം.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.