ദുബായ് മനോഹാരിതയെ ‘ടൈംലാപ്സി’ലാക്കി മലയാളി; അഭിനന്ദിച്ച് രാജകുടുംബം

dubai-sachin-ramdas-1
SHARE

സ്വപ്‌ന നഗരമായ ദുബായിയുടെ അദ്ഭുതക്കാഴ്ചകൾ എന്നും കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതാണ്. ഇവിടെ, സമയത്തിന്റെ സൗന്ദര്യം പകർത്തി സഫല സ്വപ്നങ്ങളുടെ വേഗം കാട്ടിത്തരികയാണ് സച്ചിൻ രാംദാസ്. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യാഥാർഥ്യമാക്കിയ ദുബായ് എന്ന വിസ്മയനഗരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം, സമയത്തിനും മുൻപേ കുതിക്കുന്ന മരുഭൂമിയിലെ അദ്ഭുതലോകം തുടങ്ങിയ ചില അപൂർവ നിമിഷങ്ങളാണ് ഈ കണ്ണൂരുകാരൻ സ്വന്തമാക്കിയത്. 'ഇമാജിൻ ദുബായ്' എന്ന പേരിലുള്ള 'ടൈം ലാപ്സ്' ദൃശ്യവിസ്മയത്തിൽ ദുബായിയുടെ നിശ്ചലദൃശ്യങ്ങൾ വാചാലമാകുന്നു.

ഫോട്ടോകൾ ചേർത്തുവച്ചു വിഡിയോ പോലെ ചിത്രീകരിക്കുന്ന സംവിധാനമാണ് ടൈം ലാപ്സ്. ചെറിയ ഇടവേളകളിൽ പകർത്തുന്ന ദൃശ്യങ്ങൾ കംപ്യൂട്ടറിൽ ചേർത്തുവച്ച് അതിവേഗക്കാഴ്ചകൾ ഒരുക്കുന്നു. 1.5 ലക്ഷം ചിത്രങ്ങളാണ് സച്ചിൻ ഇതിനായി ചേർത്തുവച്ചത്. മേഘങ്ങൾക്കും മുകളിൽ തല ഉയർത്തി നിൽക്കുന്ന ദുബായിയുടെയും താഴെ, തിരക്കിന്റെയും േവഗത്തിന്റെയും വർണങ്ങളുടെയും മോഹിപ്പിക്കുന്ന കാഴ്ചകളും രണ്ടു വർഷം കൊണ്ടാണു പകർത്തിയത്. ഫെയ്സ്ബുക്കിൽ ഈ മാസം 4ന് ചലച്ചിത്ര താരം പൃഥിരാജാണ് ഇത് റിലീസ് ചെയ്തത്.

ഇമാജിൻ ദുബായ്' ഷെയ്ഖ് മുഹമ്മദിനുള്ള സമർപ്പണം കൂടിയാണെന്ന് വർഷങ്ങളായി ഫുജൈറയിൽ താമസിക്കുന്ന സച്ചിൻ പറയുന്നു. കൂറ്റൻ കെട്ടിടങ്ങളുടെ മുകളിൽ രാത്രി മുഴുവൻ കാത്തിരുന്നാണ് മേഘത്തിനും മഞ്ഞിനും മുകളിലേക്കു തല ഉയർത്തി നിൽക്കുന്ന ദുബായിയുടെ ചിത്രങ്ങൾ പകർത്തിയത്. ദുബായിയുടെ രാത്രി സൗന്ദര്യം പകർത്താൻ നഗരത്തിലെ ഓരോ കോണിലും ക്യാമറയുമായി അലഞ്ഞു. കണ്ണൂർ അഴീക്കോട് സ്വദേശിയും ഫുജൈറ സീപോർട്ട് ഉദ്യോഗസ്ഥനുമായ രാംദാസ്, അമ്മ ജ്യോതി എന്നിവർക്കൊപ്പം 26 വർഷം മുൻപാണ് സച്ചിൻ യുഎഇയിൽ എത്തിയത്. യുഎഇയിൽ പഠിച്ച് എൻജിനീയറായ ഈ 29കാരൻ ഫൊട്ടോഗ്രഫിയോടുള്ള ഇഷ്ടം കൊണ്ടാണ് ഈ രംഗത്തേക്കു ചുവടുവച്ചത്.

തന്റെ രണ്ടാം വീടായ ഫുജൈറയെക്കുറിച്ചുള്ള ചിത്രമാണ് ടൈംപ് ലാപ്സ് ശ്രേണിയിൽ ആദ്യത്തേത്. 32,000 ചിത്രങ്ങൾ ഇതിനായി ഉപയോഗിച്ചു. ഇതു കണ്ട ഫുജൈറ രാജകുടുംബം നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. 75,000 ചിത്രങ്ങൾ ഉപയോഗിച്ച് ഷാർജയെക്കുറിച്ചുള്ളതായിരുന്നു ഈ ശ്രേണിയിൽ രണ്ടാമത്തേത്. ഇമാജിൻ ദുബായിയുടെ രണ്ടാം ഭാഗമാണ് അടുത്തലക്ഷ്യം. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിനു വേണ്ടി പ്രവർത്തിച്ചിട്ടുള്ള സച്ചിൻ അഞ്ചുവർഷത്തിനിടെ അൻപതോളം പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

MORE IN GULF
SHOW MORE