'ഖത്തറിനു മേലുള്ള ഉപരോധം ഗുണം ചെയ്യില്ല'; ഒരുമിച്ചു നിൽക്കണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി

mike-pompeo
SHARE

ഖത്തറിനെതിരെ തുടരുന്ന ഉപരോധം ഗള്‍ഫ് മേഖലക്ക് ഗുണം ചെയ്യില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പൊതുവെല്ലുവിളികളെ തരണം ചെയ്യാൻ ഒരുമിച്ചു നിൽക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. മധ്യേഷൻ രാജ്യങ്ങളിലെ സന്ദർശനത്തിനിടെ ഖത്തർ അമീർ, സൌദി രാജാവ് തുടങ്ങിയവരുമായി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി.

ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ അൽത്താനിയോടൊപ്പം ദോഹയില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് പോംപിയോ യു.എസ് നിലപാട് വ്യക്തമാക്കിയത്. ഗൾഫ് മേഖലയിലെ പ്രതിസന്ധി 19 മാസമായി തുടരുകയാണ്. 

ഖത്തറിനെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച ഉപരോധം ഗള്‍ഫ് ഐക്യത്തില്‍ വലിയ വിള്ളലുണ്ടാക്കിയെന്നും ഉപരോധം ആർക്കും ഗുണം ചെയ്യില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി പോംപിയോ കൂടിക്കാഴ്ച്ച നടത്തി. ഉപരോധം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകളുണ്ടായതായാണ് സൂചന.

റിയാദിലെത്തിയ സ്റ്റേറ്റ് സെക്രട്ടറി, സൌദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.  മാധ്യമപ്രവർത്തകൻ ജമാഷ ഖഷോഗിയുടെ കൊലപാതകക്കേസിനെക്കുറിച്ചു സൌദി കിരീടാവാകാശിയുമായി ചർച്ച നടത്തിയെന്നു സ്റ്റേറ്റ് സെക്രട്ടറി സ്ഥിരീകരിച്ചു. 

യെമനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഹൂതികളുമായുള്ള സമാധാനകരാർ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ചും ചർച്ച നടന്നു. അതേസമയം, ബന്ധുവിൻറെ മരണാനന്തര കർമങ്ങളിൽ പങ്കെടുക്കുന്നതിനായി മൈക്ക് പോംപിയോ സന്ദർശനം പകുതിക്ക് അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങി.

MORE IN GULF
SHOW MORE