സ്ത്രീ വേഷത്തിലെത്തി ബാലനെ പീഡിപ്പിച്ചു; കുടുക്കിയത് സിസിടിവി: വധശിക്ഷയ്ക്ക് അനുമതി തേടി

arrest-gulf
SHARE

പാക്കിസ്ഥാനി ബാലനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കുന്നത് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. ശിക്ഷ സുപ്രീം കോടതിയും ശരിവച്ച പശ്ചാത്തലത്തിലാണ് വിധി നടപ്പാക്കുന്നതിന് പ്രസിഡന്റിന്റെ അനുമതി തേടിയത്. 2017 ജൂൺ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.

പള്ളിയിൽ പ്രാർഥന കഴിഞ്ഞു മുറൂർ റോഡിലെ ഫ്ളാറ്റിലേക്ക് തിരിച്ചുവരികയായിരുന്ന അസാൻ മാജിദ് ജാൻജുവയെ പർദ ധരിച്ചെത്തിയ പ്രതി തന്ത്രപൂർവം ടെറസിന് മുകളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കയറുപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ രണ്ടാനമ്മയുടെ സഹോദരനാണ് 33കാരനായ പ്രതി.

പ്രാഥമിക കോടതി വിധിച്ച വധശിക്ഷ അപ്പീൽകോടതിയും ഡിസംബറിൽ സുപ്രീം കോടതിയും ശരിവച്ചിരുന്നു. ജഡ്ജിമാർ ഐക‌്യകണ്ഠ്യേനയാണ് വിധി പ്രസ്താവിച്ചത്. ഇതേസമയം കുട്ടിയുടെ കുടുംബത്തിന് രണ്ടു ലക്ഷം ദിർഹം ദയാധനം (ബ്ലഡ്മണി) നൽകണമെന്ന വിധി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

പാക്ക് പൗരനായ പ്രതി കൃത്യം നടത്തുന്നതിന് നാലുമാസം മുൻപ് മുതൽ കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. രക്ഷിതാക്കളുമായി ഇയാൾ അടുപ്പം കാണിച്ചിരുന്നു. വീട്ടിലെത്തുമ്പോൾ കുട്ടിയോട് വലിയ സ്നേഹപ്രകടനമാണ് കാണിച്ചിരുന്നത്. ഉച്ചയ്ക്കുശേഷം പ്രാർഥനയാക്കായി കുട്ടി പിതാവിനൊപ്പം പള്ളിയിൽ പോകുമെന്ന കാര്യം ഇയാൾക്കറിയാം. സംഭവം നടന്ന ദിവസം, പ്രതി പർദയും മറ്റും ധരിച്ച് സ്ത്രീവേഷത്തിലാണ് കുഞ്ഞും കുടുംബവും താമസിക്കുന്ന സ്ഥലത്തെത്തിയത്.

കുട്ടി പള്ളിയിൽ നിന്നും ഒറ്റയ്ക്ക് തിരിച്ചുവരുന്നത് വരെ പ്രതി കാത്തിരുന്നു. സ്ത്രീവേഷത്തിലെത്തിയ പ്രതി കുട്ടിയുമായി കെട്ടിടത്തിന്റെ മുകളിൽ പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പതിനൊന്നുകാരൻ പീഡനത്തിൽ നിന്നു െചറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രതിയ്ക്കെതിരെ ക്രോസ് ഡ്രസിങ്, നമ്പർ പ്ലേയ്റ്റ് ഇല്ലാതെ വാഹനമോടിക്കൽ, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. കേസിൽ നിർണായകമായത് പ്രതി കുട്ടിയുടെ താമസസ്ഥലത്ത് എത്തുന്നതിന്റെ സിസിടിവി ദൃശ്യമാണ്. സ്ത്രീവേഷത്തിൽ ഇയാൾ സ്ഥലത്ത് എത്തുന്നതിന്റെ വ്യക്തമായ ദൃശ്യം ലഭിച്ചിരുന്നു.

കൃത്യം നടക്കുമ്പോൾ പ്രതിയുടെ മാനസീകനിലയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ആദ്യം വാദിച്ചത്. എന്നാൽ വൈദ്യ പരിശോധനയിൽ ഇക്കാര്യം പൊളിഞ്ഞു. പിന്നീട് സിഐഡി ഓഫിസർമാരുടെ സമ്മർദത്തിന് വഴങ്ങിയാണ് മൊഴി നൽകിയതെന്നാണ് പ്രതി മുൻപ് കോടതിയിൽ പറഞ്ഞത്. വിഡിയോ ചിത്രീകരിച്ചതും ഇത്തരത്തിൽ ആണ്. ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും മർദനത്തിനിടെ തന്റെ പല്ല് പൊട്ടിയെന്നും പ്രതി പറ‍ഞ്ഞു. പൊലീസ് തെളിവുകൾ കൃത്രിമമായി നിർമിച്ചതാണ്. ഒരിക്കലും പർദധരിച്ചിട്ടില്ല. പൊലീസുകാർ നിർബന്ധിച്ച് പർദ ധരിപ്പിച്ച് ചിത്രമെടുക്കുകയായിരുന്നുവെന്നും പാക്ക് പൗരൻ പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടറും സിഐഡികളും ഉന്നയിച്ച വാദങ്ങൾ തെറ്റാണെന്നും കൊലപാതകത്തിൽ പങ്കില്ലെന്നും പ്രതി ആവർത്തിച്ചു.

പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കുനേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും വാദിച്ചിരുന്നു. സംഭവം നടക്കുമ്പോൾ കുറ്റാരോപിതനായ പാക്ക് പൗരൻ അബുദാബിയിൽ ഉണ്ടായിരുന്നില്ല എന്നാണ് പ്രതിഭാഗത്തിന്റെ വാദം. സംഭവം നടക്കുമ്പോൾ തന്റെ കക്ഷി ജോലി സ്ഥലമായ അബുദാബി അതിർത്തി പ്രദേശമായ മുസാഫയിൽ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഇത്തരം വാദങ്ങൾ എല്ലാം തള്ളിയാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

MORE IN GULF
SHOW MORE