വിദേശതൊഴിലാളികളുടെ പാസ്പ്പോർട്ട് തടയൽ നിയലംഘനമാക്കി സൗദി

saudi
SHARE

വിദേശതൊഴിലാളികളുടെ പാസ്പ്പോർട്ട് തടഞ്ഞുവയ്ക്കുന്നത് നിയമലംഘനമാണെന്ന് സൌദി തൊഴിൽ മന്ത്രാലയം. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നു വ്യക്തമാക്കി തൊഴിൽ നിയമം ഭേദഗതി ചെയ്തു. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിന് പ്രാധാന്യം നൽകിയാണ് നിയമഭേദഗതി.

വിദേശതൊഴിലാളികളുടെ പാസ്പോര്‍ട്ട്, താമസാനുമതി രേഖയായ ഇഖാമ, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ തടഞ്ഞുവെക്കാന്‍ തൊഴിലുടമക്ക് അധികാരമില്ലെന്നു വ്യക്തമാക്കിയാണ് സൌദി തൊഴിൽ നിയമം ഭേദഗതി ചെയ്തത്. ഇത്തരം രേഖകള്‍ സൂക്ഷിക്കുന്നതിനുളള അവകാശം തൊഴിലാളികള്‍ക്കാണ്. തൊഴിൽ ഉടമകൾ പാസ്പോര്‍ട്ട് പിടിച്ചുവെക്കുന്ന നിരവധി സംഭവങ്ങള്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തൊഴിൽ മന്ത്രാലയത്തിൻറെ ഇടപെടൽ. 

ഇതുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് തൊഴില്‍ മന്ത്രാലയം സര്‍ക്കുലറിലൂടെ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, തൊഴിലാളികള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ 15 ദിവസം തുടര്‍ച്ചയായോ, 30 ദിവസം ഇടവിട്ടോ ജോലിയില്‍ നിന്ന് വിട്ടു നിന്നാല്‍ സേവനാനന്തര ആനുകൂല്യം ഇല്ലാതെ പിരിച്ചുവിടാൻ തൊഴിലുടമക്ക് അവകാശമുണ്ടെന്നും നിയമം വ്യക്തമാക്കുന്നു. സഹപ്രവര്‍ത്തകരെ അക്രമിക്കുക, തൊഴിലുടമ, മേലുദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന തൊഴിലാളികളെ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാനും ഭേദഗതി ചെയ്ത നിയമത്തില്‍ വ്യവസ്ഥയുണ്ട്. തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ലെന്ന് കഴിഞ്ഞ ആഴ്ച യു.എ.ഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയവും ഉത്തരവിട്ടിരുന്നു.

MORE IN GULF
SHOW MORE