യു.എ.ഇയുടെ സ്നേഹം നെഞ്ചേറ്റി, നന്ദി പറഞ്ഞ് രാഹുൽ മടങ്ങി

rahul-gandhi-dubai-12
SHARE

യുഎഇയിലെ രണ്ടു ദിവസത്തെ സന്ദർശനത്തിനു ശേഷം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിയിലേക്കു മടങ്ങി. രാവിലെ ഷാർജ ഭരണാധികാരിയുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. സന്ദർശനം വിജയകരമാക്കിയ കേരളത്തിലെ കോൺഗ്രസ് ഘടകത്തിനും മുസ്ലിം ലീഗ്, കെ.എം.സി.സി എന്നിവർക്കും രാഹുൽ നന്ദി പറഞ്ഞു.

രണ്ടായിരത്തിപത്തൊൻപതിലെ രാഹുൽ ഗാന്ധിയുടെ ആദ്യ വിദേശ സന്ദർശനം, രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും വിജയം നേടിയ ശേഷമുള്ള ആദ്യ വലിയ പൊതുപരിപാടി, ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഈ വർഷം ഗൾഫ് നാട്ടിലെത്തിയ ആദ്യ പ്രമുഖ രാഷ്ട്രീയ നേതാവ്..ഏറെ പ്രത്യേകതകളുള്ള സന്ദർശനം വൻവിജയമാക്കിയാണ് രാഹുൽ മടങ്ങുന്നത്. ദുബായ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനം ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടികളൊന്നാക്കി മാറ്റാനായതിൻറെ സന്തോഷത്തിലാണ് യുഎഇയിലെ കോൺഗ്രസ് പ്രവർത്തകർ. 

മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷ്യു വ്യാസ് തുടങ്ങിയവരുടെ ആസൂത്രണമികവായിരുന്നു പരിപാടികളുടെ വിജയം. സർക്കാർ അതിഥിയായല്ല സന്ദർശനമെങ്കിലും ദുബായ് ഭരണാധികാരിക്കു പിന്നാലെ ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളെക്കുറിച്ചു ചർച്ച നടത്തിയതായും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഒരുമിച്ചു പ്രവർത്തിക്കുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. തികഞ്ഞ രാഷ്ട്രീയ പക്വതയുള്ള രാഹുലിനെയാണ് യു.എ.ഇ സന്ദർശനത്തിൽ കണ്ടതെന്നായിരുന്നു പ്രാദേശിക മാധ്യമങ്ങളുടെ വിലയിരുത്തൽ. വ്യവസായികൾ, വിദ്യാർഥികൾ, തൊഴിലാളികൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ, ദുബായിലെ മാധ്യമപ്രവർത്തകരുടെ അഭ്യർഥന മാനിച്ച് വാർത്താസമ്മേളനവും നടത്തി. 

MORE IN GULF
SHOW MORE