ഉമ്മൻചാണ്ടി സദസ്സിൽ; കൈപിടിച്ച് വേദിയിൽ കയറ്റിയിരുത്തി രാഹുൽ; കരഘോഷം

rahul-gandhi-oommen-chandy
SHARE

രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത് കശ്മീർ മുതൽ കേരളം വരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള പ്രവാസികൾ. യുഎഇയിലെ 7 എമിറേറ്റുകൾക്കു പുറമെ സൗദി, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നും മറ്റു വിദേശരാജ്യങ്ങളിൽനിന്നും വരെ ആളുകളെത്തിയിരുന്നു. പതിനായിരത്തിലേറെപ്പേർ ഇരിപ്പിടം കിട്ടാത്തതിനെ തുടർന്നു സ്റ്റേഡിയത്തിനു പുറത്തുനിന്നാണു പ്രസംഗം കേട്ടത്. 

ദുബായ് ജബർ അലിയിലെ ലേബർ ക്യാപിൽ തൊഴിലാളികളെ അഭിസംബോധന ചെയ്യവേ രാഹുൽ ഗാന്ധി വേദിയിൽ ഐഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയെ വിളിച്ചിരുത്തിയത് സവിശേഷ ശ്രദ്ധയാകർഷിച്ചു. സദസ്സിൽ നിന്ന് ഉമ്മൻചാണ്ടിയെ രാഹുൽ വേദിയിലേയ്ക്ക് വിളിച്ചിരുത്തുകയായിരുന്നു. വേദിയിൽ രാഹുൽ ഗാന്ധിക്കും അധ്യക്ഷനും പ്രവാസി കോൺഗ്രസ് ചെയർമാനുമായ  സാം പിത്രോദയക്കു വേണ്ടി രണ്ട് ഇരിപ്പിടങ്ങൾ മാത്രമേ സജ്ജമാക്കിയിരുന്നുളളു. ഉമ്മൻചാണ്ടിയെ രാ‌ഹുൽ വേദിയിലേയ്ക്ക് കൈപിടിച്ചു കയറ്റുകയായിരുന്നു.. ''മൻ കി ബാത്' പറയാനല്ല, ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനാണ് വന്നിരിക്കുന്നത് എന്ന് രാഹുൽ പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും അതു നടപ്പിലാക്കുമെന്നും രാഹുൽ വ്യക്തമാക്കി. 

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കിയുള്ള രാഹുലിന്റെ പ്രസംഗവും ശരീരഭാഷയും നിമിഷനേരം കൊണ്ടാണ് രാജ്യത്ത് തരംഗമായത്. തിങ്ങി കൂടിയ ജനക്കൂട്ടം നിറഞ്ഞകയ്യടിയോടെയാണ് രാഹുലിന്റെ  ഒാരോ വാക്കുകളെയും വരവേറ്റത്.‘ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങൾ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷൻ ആണോ, പ്രായമുള്ളവർ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങൾക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാൽ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാൻ കാത്തിരിക്കും.’ വാക്കുകളുടെ മൂർച്ചയിലും പ്രതിയോഗിയെ താറടിച്ചുകാണിക്കാതെ രാഹുൽ നയം വ്യക്തമാക്കി.

കോൺഗ്രസ് മുക്ത ഭാരതം എന്ന് ബിജെപി പറുമ്പോഴും കോൺഗ്രസ് ഒരിക്കലും ബിജെപി മുക്ത ഭാരതം എന്ന് പറയാൻ പോണില്ലെന്ന രാഹുലിന്റെ വാക്കുകളെ ആരവങ്ങളോടെയാണ് പ്രവാസികൾ ഏറ്റെുത്തത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നൽകിയത്. വസതിയിലെത്തിയ രാഹുൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളായ സാം പിത്രോഡ, മിലിന്ദ് ദിയോറ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. 

രാഷ്ട്രീയലാഭത്തിനുവേണ്ടി ബിജെപി രാജ്യത്തേയും ജനങ്ങളേയും വിഭജിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. ബിജെപി അധികാരമേറ്റശേഷമുള്ള നാലരവര്‍ഷം ഇന്ത്യയില്‍ അസഹിഷ്ണുതയുടെ കാലഘട്ടമാണ്. വിനയമില്ലാതെ സഹിഷ്ണുത അസാധ്യമാണെന്നും നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഐക്യമില്ലെങ്കില്‍ ഇന്ത്യ തീര്‍ത്തും ദുര്‍ബലമായിപ്പോകുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പുനല്‍കി.

MORE IN GULF
SHOW MORE