ആദ്യത്തെ ഇലക്ട്രിക് ബസ് അബുദാബിയിൽ; മാര്‍ച്ച് വരെ സൗജന്യയാത്ര

electric-bus-uae
SHARE

മധ്യപൂർവദേശത്തെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് ബസ് അബുദാബിയിൽ സേവനം ആരംഭിച്ചു. പൂർണമായി തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക് ബസിൽ മാർച്ചു വരെ സൗജന്യമായി യാത്ര ചെയ്യാം. മസ്ദാർ, അബുദാബി ഗതാഗത വിഭാഗം, ഹാഫിലാത് ഇൻഡസ്ട്രീസ് എൽഎൽസി, സീമൻസ് മിഡിൽ ഈസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിസ്ഥിതി സൗഹൃദ ബസ് യാഥാർഥ്യമാക്കിയത്.

മറീന മാളിൽനിന്ന് അബുദാബി സെൻട്രൽ ബസ് സ്റ്റേഷൻ വഴി മസ്ദാർ സിറ്റിയിലേക്കും തിരിച്ചും ഇടവേളയില്ലാതെ സർവീസ് നടത്തും. ആറു സ്റ്റോപ്പുകളാണുണ്ടാവുക. യുഎഇയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിലാണ് പരിസ്ഥിതി സൗഹൃദ ബസ് നിർമിച്ചിരിക്കുന്നത്. 30 പേർക്ക് യാത്ര ചെയ്യാവുന്ന ബസിലെ ബാറ്ററി ഒരിക്കൽ ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ ഓടും. സൗരോർജത്തിലൂടെ ബാറ്ററി റീചാർജ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

യുഎഇയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് തദ്ദേശീയമായി നിർമിച്ച സമ്പൂർണ ഇലക്ട്രിക് ബസ് എന്ന് മസ്ദാറിലെ സസ്റ്റൈനബിൾ റിയൽ എസ്റ്റേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ യൂസഫ് ബേസ് ലെയ്ബ് പറഞ്ഞു. പരീക്ഷണാർഥം നടപ്പാക്കിയ പദ്ധതിയുടെ വിജയത്തെ തുടർന്ന് പരിസ്ഥിതി സൌഹൃദ ബസ് സേവനം യുഎഇയിൽ വ്യാപിപ്പിക്കുമെന്നും പറഞ്ഞു.

ബസിന്‍റെ സാങ്കേതിക ക്ഷമത നിരവധി തവണ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. സീമെൻസ് മിഡിൽ ഈസ്റ്റാണ് വാഹനത്തിന്‍റെ യന്ത്ര സാങ്കേതിക സംവിധാനം ഒരുക്കിയത്. ഹാഫിലാതിന്‍റേതാണ് പരിസ്ഥിതിസൌഹൃദ രൂപകൽപന. മസ്ദാറും ഗതാഗത വിഭാഗവും തമ്മിലുള്ള സഹകരണമാണ് ഇലക്ട്രിക് ബസ് യാഥാർഥ്യമാക്കുന്നതിൽ എത്തിയതെന്ന് ഗതാഗത വിഭാഗം ചെയർമാന്‍റെ ഉപദേഷ്ടാവ് എൻജിനീയർ അഹ്മദ് അതീഖ് അൽ മസ്റൂഇ പറഞ്ഞു.

പുറത്ത് ഉയർന്ന ചൂടാണെങ്കിലും ബസിനെ തണുപ്പിക്കാനുള്ള കൂളിങ് സംവിധാനം ഇതിലുണ്ട്.  കാലാവസ്ഥ വ്യതിയാനമനുസരിച്ച് ബസിനകത്ത താപനില സ്വമേധയാ ക്രമീകരിക്കും. യുഎഇയിൽ പ്രകൃതിസൌഹൃദ യാത്ര സാധ്യമാകുന്നതോടെ കാർബൺ മലിനീകരണം വൻതോതിൽ കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.