തൊഴിൽപ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം; അതിവേഗകോടതിക്ക് തുടക്കം

abudhabi-court
SHARE

അബുദാബിയിൽ തൊഴിൽപ്രശ്നങ്ങൾക്ക് ഇനി ഒറ്റദിവസം കൊണ്ടു പരിഹാരം. തൊഴിൽ അനുബന്ധ കേസുകൾ തീർപ്പാക്കാൻ അതിവേഗക്കോടതിക്കു തുടക്കമായി. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെൻറിൻറെ ഏകദിനഅതിവേഗകോടതി സ്ഥാപിച്ചത്.

കമ്പനികളും ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾക്ക് അതിവേഗം പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിവേഗകോടതി സ്ഥാപിച്ചത്. തൊഴിൽപ്രശ്നങ്ങളിൽ പെട്ട് കാലങ്ങളോളം കുടുങ്ങിക്കിടക്കേണ്ട സാഹചര്യം ഇനിയുണ്ടാകില്ല. പാസ്പോർട്ട് പിടിച്ചുവെക്കുക, വേതനം കൃത്യസമയത്ത് നൽകാതിരിക്കുക തുടങ്ങി കമ്പനി ഉടമകൾക്കെതിരെയുള്ള പരാതികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് അതിവേഗകോടതി. പുതിയ സംവിധാനം തൊഴിലാളികൾക്ക് അവകാശം നേടിയെടുക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും നൽകുമെന്നാണ് കരുതുന്നത്. തവാഫക് സെന്ററിൽ മാനവ വിഭവശേഷി സ്വദേശീവത്കരണ മന്ത്രാലയത്തിൻറെ ഭാഗമായാണ് കോടതി പ്രവർത്തിക്കുക.

സഹിഷ്ണുതാവർഷത്തിൻറെ ഭാഗമായി ഉപപ്രധാനമന്ത്രിയും ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻറെ നിർദേശപ്രകാരമാണ് കോടതി സ്ഥാപിച്ചത്. ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് കോടതി പ്രവർത്തിക്കുക.

MORE IN GULF
SHOW MORE