ബഹ്റൈനിൽ ജനുവരി ഒന്നു മുതൽ മൂല്യവർധിത നികുതി പ്രാബല്യത്തിൽ

behrain-flag
SHARE

ബഹ്റൈനിൽ ജനുവരി ഒന്നു തുടങ്ങി മൂല്യവർധിത നികുതി പ്രാബല്യത്തിൽ വരും. വാറ്റിൽ നിന്നും തൊണ്ണൂറ്റിനാലു അടിസ്ഥാന സേവനങ്ങൾക്കും ഉല്പന്നങ്ങൾക്കും ഇളവ് നൽകി.  അവശ്യഭക്ഷണ ഉൽപന്നങ്ങളും ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും വാറ്റിൻ്റെ പരിധിയിൽ വരില്ല.

വെള്ളം, ഇറച്ചി, മൽസ്യം, പച്ചക്കറി, ഉപ്പ്, പഞ്ചസാര, മുട്ട, ഗോതമ്പ് അടക്കമുള്ള ധാന്യങ്ങൾ തുടങ്ങിയ അവശ്യഭക്ഷ്യവസ്തുക്കളെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയും പ്രധാന മരുന്നുകളും വാറ്റിൻ്റെ പരിധിയിൽ വരില്ലെന്ന് ആരോഗ്യ മന്ത്രി ഫാഇഖ അസ്സാലിഹ് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സേവനങ്ങളിലും വാറ്റ് നൽകേണ്ടിവരില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഡോക്ടർ മാജിദ് അലി അൽ നുഐമിയും അറിയിച്ചു. രാജ്യത്തെ സൂപ്പർ മാർക്കറ്റുകളടക്കമുള്ള എഴുന്നൂറോളം സ്ഥാപനങ്ങൾ വാറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 

വാറ്റിനെക്കുറിച്ചു ബോധവത്കരണം നടത്താനും സംശയങ്ങൾ ദുരീകരിക്കാനും വ്യവസായ വാണിജ്യ വിനോദസഞ്ചാര മന്ത്രാലയങ്ങളുമായി സഹകരിച്ച് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് അധികൃതർ വിപണി സന്ദർശനം ഏകോപിപ്പിക്കുന്നുണ്ട്. മുന്നൂറു ബഹിറൈൻ ദിനാറിൽ താഴെ വിലയുള്ള സമ്മാനങ്ങൾക്കു വാറ്റ് ഈടാക്കില്ല. അതേസമയം, വായ്പ, പലിശ, പണം പിൻ വലിക്കൽ, എ.ടി.എം ഇടപാടുകൾ തുടങ്ങിയ ബാങ്ക് വ്യവഹാരങ്ങളെയും വാറ്റ് ബാധിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

MORE IN GULF
SHOW MORE