15 വയസ് വരെ ജോലി പാടില്ല;‌ സമഗ്രനിയമവുമായി യുഎഇ

UAE-DUBAI-HOTELS-TOURISM
SHARE

യു.എ.ഇയിൽ ശിശുസംരക്ഷണം ലക്ഷ്യമിട്ട് സമഗ്രനിയമത്തിന് രൂപം നൽകി. പതിനഞ്ചുവയസിൽ താഴെയുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ലെന്നതടക്കമുള്ള ഭേദഗതികളാണ് യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചത്. കുടുംബത്തിന് കുട്ടികളോടുള്ള ഉത്തരവാദിത്തവും നിയമത്തിലുൾപ്പെടും.

2016ലെ ശിശു സംരക്ഷണ നിയമത്തിലാണ് സുപ്രധാന ഭേദഗതികള്‍ വരുത്തിയത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ക്യാബിനറ്റ് തീരുമാനം കഴിഞ്ഞദിവസം ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്. 

കുട്ടികളുടെ തൊഴില്‍, പരിശീലനം, തൊഴില്‍ സാഹചര്യങ്ങള്‍, കുട്ടികള്‍ക്ക് നേരെയുള്ള അവകാശലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമം, ശിശു ക്ഷേമ ഉദ്യോഗസ്ഥർക്കുള്ള നിബന്ധനകള്‍,  കുട്ടികളെ ദത്തെടുക്കുന്ന  കുടുംബങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍ തുടങ്ങിയവയെല്ലാം പുതിയ ഭേദഗതിയിലുണ്ട്. പതിനഞ്ചുവയസെത്തിയാലും ജോലി ചെയ്യാവുള്ള ശാരീരിക ക്ഷമതയുണ്ടെന്ന് ഉറപ്പുവരുത്തണം. 

ഇതിനായി ലഭിക്കുന്ന അപേക്ഷകള്‍ സാമൂഹിക വികസന മന്ത്രാലയവും മാനവ വിഭവശേഷി മന്ത്രാലയവും ശ്രദ്ധാപൂര്‍വം പഠിച്ചശേഷമേ അനുമതി നല്‍കാവൂ. കുട്ടികളെ ജോലിക്ക് നിയോഗിക്കാന്‍ രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയും നിര്‍ബന്ധമാണ്.

സ്വന്തം അച്ഛനും മറ്റൊരാളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ എട്ട് വയസുകാരിയായ സ്വദേശി പെണ്‍കുട്ടി 'വദീമ'യുടെ പേരിലാണ് യുഎഇയിലെ ശിശുസംരക്ഷണ നിയമം അറിയപ്പെടുന്നത്. 2012ലായിരുന്നു രാജ്യം നടുങ്ങിയ ഈ കൊലപാതകം നടന്നത്. യുഎഇ പൗരന്മാരുടെയും ഇവിടെ താമസിക്കുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെയും കുട്ടികള്‍ക്ക് നിയമം ഒരുപോലെ ബാധകമാണ്. 

MORE IN GULF
SHOW MORE