ഗൾഫിൽ അപകടത്തിൽ ഭാര്യ മരിച്ചു; ഭർത്താവിൽ നിന്ന് 38 ലക്ഷം ദയാധനം ഈടാക്കി

divya-praveen-2
SHARE

റാസൽഖൈമയിലെ കറാനിൽ ഞായറാഴ്ച വാഹനാപകടത്തിൽ മരിച്ച മലയാളി യുവതി ദിവ്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെയാണ് ദിവ്യയുടെ മൃതദേഹം കോഴിക്കോട് വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. അതിനിടെ, യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശിയായ പ്രവീണിൽ നിന്നും രണ്ടു ലക്ഷം ദിർഹം (ഏകദേശം 38 ലക്ഷം രൂപ) ദയാധനമായി ഈടാക്കിയെന്ന് വിവിധ ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാസർകോട് നീലേശ്വരം പട്ടേന തുയ്യത്തില്ലം ശങ്കരൻ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ. ഷാർജയിൽ തിരുവാതിര ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. പ്രവീൺ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു സൈൻ ബോർഡിൽ ഇടിച്ചു തകരുകയായിരുന്നു. ഗുരുതരപരുക്കേറ്റ ദിവ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രവീണും ഇവരുടെ ഏക മകൻ ദക്ഷിണും (രണ്ട്) പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. വാഹനം ഓടിക്കുന്നതിനിടെ താൻ ഉറങ്ങിപ്പോയതാണ് അപകടം ഉണ്ടാകാൻ കാരണമെന്ന് പ്രവീൺ സമ്മതിച്ചതിനെ തുടർന്നാണ് യുവതിയുടെ ആശ്രിതർക്ക് രണ്ടു ലക്ഷം ദിർഹം ദയാധനം നൽകാൻ അറ്റോർണി ജനറൽ ഉത്തരവിട്ടത്. ഇതിനു പുറമേ 2500 ദിർഹം പിഴയും ചുമത്തി. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം സമാഹരിച്ചാണ് കോടതിയിൽ അടച്ചതെന്നും ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഈ തുക ലഭിക്കുന്നതിനായി പിന്നീട് കേസ് ഫയൽ ചെയ്യുമെന്നും സാമൂഹിക പ്രവർത്തകൻ രഘു പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചതിനു ശേഷമായിരിക്കും ഇത്. 

അപകടത്തെ തുടർന്ന് യുവതിയുടെ ഭർത്താവ് പ്രവീണിനെ നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെന്ന് റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയിലെ സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ പറഞ്ഞുവെന്ന് ഒരു ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തു. ദയാധനവും പിഴയും അടച്ച ശേഷമാണ് പ്രവീണിനെ വിട്ടയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MORE IN GULF
SHOW MORE