തൊഴിലാളികൾ സ്വന്തം പോലെ; മലയാളി കമ്പനിക്ക് ദുബായ് സർക്കാർ അവാർഡ്

aroma-company
SHARE

തൊഴിലാളികളെ തങ്ങളുടെ അരുമകളായി കണ്ട് സംരക്ഷിക്കുന്നതിന് ദുബായ് സർക്കാരിന്റെ തഖ് ദീർ അവാർഡ് തുടർച്ചയായ മൂന്നാം വർഷവും മലയാളിയുടെ ഉടമസ്ഥതയിലുള്ള അരോമ ഇന്റർനാഷനൽ ബിൽഡിങ് കോൺട്രാക്ടിങ് കമ്പനിക്ക്. ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദ് മെയ് ദാൻ ഹോട്ടലിൽ രാവിലെ നടന്ന പരിപാടിയിൽ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് മാനേജിങ് ഡയറക്ടർ കൊല്ലം പൂയപ്പള്ളി സ്വദേശി പി.കെ.സജീവും ജീവനക്കാരും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 2016 ൽ തഖ് ദീർ അവാർഡ് ആരംഭിച്ചതുമുതൽ തുടർച്ചയായി മൂന്നു വർഷവും ഈ പുരസ്ക്കാരം സ്വന്തമാക്കിയ ഏക ഇന്ത്യൻ കെട്ടിട നിർമാണ സ്ഥാപനവും അരോമയാണ്.

തൊഴിലാളികൾക്കുള്ള  ക്ഷേമ പദ്ധതികൾ‍, അവകാശസംരക്ഷണം, മികവാർന്ന താമസസൗകര്യം, ആരോഗ്യസുരക്ഷാ വേതന കാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങി ഒരു സ്ഥാപനം ശ്രദ്ധ വയ്ക്കേണ്ട ഒട്ടുമിക്ക കാര്യങ്ങളിലും അരോമ കാത്തുസൂക്ഷിക്കുന്ന സേവനത്തുടർച്ചയ്ക്കാണ് പുരസ്കാരം. തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ‍ സൗഹൃദപൂർണമായ അന്തരീക്ഷത്തിൽ‍ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ‍ അരോമ പ്രതിജ്ഞാബദ്ധമാണെന്ന് പി.കെ.സജീവ് പറഞ്ഞു. 

ഇരുപതു വർഷത്തിലേറെയായി എന്റെ കമ്പനി ദുബായിൽ പ്രവർത്തിക്കുന്നു. ഇൗ കാലത്തിനിടയ്ക്ക് ഒരു തൊഴിലാളി പ്രശ്നവും തനിക്ക് നേരിടേണ്ടി വന്നിട്ടില്ല. 3500ലേറെ പേർ അരോമയിൽ ജോലി ചെയ്യുന്നു. കെട്ടിട നിർമാണ മേഖലയിലാണ് സാധാരണ തൊഴിൽ തർക്കങ്ങൾ കണ്ടു വരാറ്. എന്നാൽ, തൊഴിലാളികളുടെ ക്ഷേമ കാര്യത്തിൽ എന്നും പ്രത്യേക ശ്രദ്ധ പുലർത്തുന്നതിനാൽ അരോമ ഇത്തരത്തിലുള്ള യാതൊരു പ്രതിസന്ധിയും അഭിമുഖീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബഹുനിലക്കെട്ടിടങ്ങൾ, വാണിജ്യസമുച്ചയങ്ങൾ, ഷോപ്പിങ് മാളുകൾ, ഫാക്ടറികൾ, സ്‌കൂളുകൾ, തൊഴിലാളി വാസസ്ഥലങ്ങൾ എന്നിവ നിർമ്മിക്കുന്നതിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള മുൻനിര സ്ഥാപനമാണ് അരോമ. പ്രവൃത്തി പരിചയത്തിന്റെയും സേവനതൽപരതയുടെയും ഗുണഫലങ്ങൾ‍ ഒത്തുചേർന്ന് മുന്നോട്ടു കുതിക്കുന്ന എൻജിനീയർ കൂടിയായ സജീവ് 1998ൽ ആരംഭിച്ചതാണ് അരോമ. കേരളത്തിലെ വിവിധ നഗരങ്ങളിൽ‍ റിയൽ‍ എസ്റ്റേറ്റ്‌ രംഗത്തും റിസോർട്ട് , ഓർഗാനിക് ഫാമിങ് മേഖലകളിലും അപൂർവവിജയം കൈവരിച്ചിട്ടുള്ള ഇദ്ദേഹം ബ്ലസി–മോഹൻലാൽ ചിത്രം പ്രണയം, വി.എച്.നിഷാദ് സംവിധാനം ചെയ്ത കിണർ എന്നീ ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ്. 

ഇന്ത്യക്കാരടക്കം എട്ടു രാഷ്ട്രങ്ങളിൽനിന്നുള്ള  തൊഴിലാളികൾക്ക് സന്തോഷപൂർണമായ തൊഴിലന്തരീക്ഷം ഒരുക്കുന്നു. ഓരോ തൊഴിലാളിക്കും അവരുടെ ദൈനംദിന പ്രശ്നങ്ങളിൽ‍ ഏറ്റവും വേഗത്തിൽ‍ പരിഹാരവും സഹായവും എത്തിക്കുന്നതിൽ‍ തങ്ങൾ മുന്നിലാണെന്ന് സജീവ് പറഞ്ഞു. കൃത്യതയിലും ആത്മാർപ്പണത്തിലും പരിമിതചെലവിലും കാര്യക്ഷമതയോടെ പദ്ധതികൾ പൂർത്തിയാക്കുന്നതാണ് അരോമയെ വിശ്വാസയോഗ്യവും മികവിന്റെ ഉദാഹരണവുമാക്കുന്നത്. <

ഇത്തവണത്തെ തഖ് ദീർ അവാർഡ് നേടിയ മറ്റു കമ്പനികൾ

5- സ്റ്റാർ റേറ്റിങ്: മായ് ദുബായ്, അമാന സ്റ്റീൽ ബിൽഡിങ് കോൺട്രാക്ടിങ്, ഇംദാദ് എൽഎൽസി, കിമോഹ ഒാൺട്രപ്രണേഴ്സ്, അസ് വാക്ക് എൽഎൽസി.

4–സ്റ്റാർ: ബിഎെസി കോൺട്രാക്ടിങ്, യുനൈറ്റഡ് എൻജിനീയറിങ്, ഡൾസ്കോ, ഡെസേർട് ലാൻഡ് സ്കേപ്, മൾടിപ്ലക്സ് കൺസ്ട്രക് ഷൻസ്, ബാം ഹിഗ്സ്, അൽ നബൂദ, അറബ് ടെക്, ജിയോഡിസ്, എജിലിറ്റി ഗ്ലോബൽ ലോജിസ്റ്റിക്സ്.

3–സ്റ്റാർ: ഇറോസ് ഗ്രൂപ്പ്, ഡാൻവേയ് ഇലക്ട്രിക്കൽ, യുടിഎസ് കാരിയർ, ഹാർഡ് പ്രികാസ്റ്റ്, അൽ നാസർ കോൺട്രാക്ടിങ്, ഫ്യൂച്ചർ മെട്രോ ടെക്, നെസ് ലെ മിഡിലീസ്റ്റ്, ലാർസെൻ ആൻഡ് ടർബോ, ഇഎഫ് എസ് ഫെസിലിറ്റീസ്, ക്രൗൺ എമിറേറ്റ്സ്, ജീക്കോ മെക്കാനിക്കൽ, റോബർട് ബോഷ്, അൽ സാഹിൽ കോൺട്രാക്ടിങ്, എസ് ഡി മിഡിലീസ്റ്റ്, എംഎസ് കൺസ്ട്രക്ഷൻ.

MORE IN GULF
SHOW MORE