അൽ ഹുദൈദയിൽ വെടിനിർത്തൽ കരാർ; യെമനിലേക്ക് സഹായമെത്തും

yemen
SHARE

യെമനിലെ അൽ ഹുദൈദ മേഖലയിലെ വെടിനിർത്തൽ കരാർ ഇന്ന് പ്രാബല്യത്തിൽ വരും. ഹൂതികളും യെമൻ സർക്കാരിൻറെ പ്രതിനിധികളും സ്വീഡനിൽ നടത്തിയ ചർച്ചയുടെ ഫലമായാണ് വെടിനിർത്തൽ കരാർ. ഇതോടെ, ഐക്യരാഷ്ട്രസംഘടനയുടേത് അടക്കമുള്ള സഹായങ്ങൾ യെമനിലെത്തും.  

ഹൂതി വിമതരും യെമൻ സർക്കാരുമായി നടത്തിയ മധ്യസ്ഥ ചർച്ചയുടെ ഫലമായാണ് തന്ത്രപ്രധാനമായ അൽ ഹുദൈദ തുറമുഖം, അൽ ഹുദൈദ നഗരം, തയിസ് എന്നിവിടങ്ങളിൽ നിന്നും ഹൂതി വിമതർ പിൻവാങ്ങുന്നത്. യമനിലെ യുദ്ധം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് വെടിനിർത്തൽ കരാറെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ. 

ഹുദൈദയിലാണ് രക്തരൂക്ഷിതമായ ഏറ്റുമുട്ടൽ നടന്നത്. ഹൂതി നിയന്ത്രണത്തിലുള്ള സന്‍ആയിലേക്കുള്ള വിമാനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏദനിലെത്തി പരിശോധന പൂര്‍ത്തിയാക്കാനും തീരുമാനമായിട്ടുണ്ട്. യെമനിലേക്ക് 70 ശതമാനം ചരക്കെത്തുന്ന ഹുദൈദ തുറമുഖത്തു നിന്നുള്ള ഹൂതിവിമതരുടെ പിൻമാറ്റം യെമനമിലേക്ക് റെഡ് ക്രോസ് അടക്കമുള്ള സംഘടനകളുടെ സഹായമെത്തിക്കുന്നത് വേഗത്തിലാക്കും. യു.എന്‍ മധ്യസ്ഥതയിലുള്ള രാഷ്ട്രീയ പരിഹാര ചര്‍ച്ചകളുടെ അടുത്തഘട്ടത്തിന് ജനുവരിയിൽ തുടക്കമാകും. ഇതിന് മുന്നോടിയായി വിവിധ രാജ്യങ്ങളുടെ സഹായം യെമനിലെത്തും.

MORE IN GULF
SHOW MORE