യുഎഇയിൽ സഹിഷ്ണുതാ വർഷം; സമിതിക്ക് രൂപം നൽകി

uae-tolerance-year
SHARE

യു.എ.ഇയിൽ സഹിഷ്ണുതാ വർഷത്തിൽ  കർമപരിപാടികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള പരമോന്നത സമിതിക്കു രൂപം നൽകി. ഏഴു തലങ്ങളിലായിരിക്കും സഹിഷ്ണുതാ വർഷം ആചരിക്കുന്നത്. ജെംസ് എജ്യുക്കേഷൻ ആൻഡ് വർക്കി ഫൌണ്ടേഷൻ സ്ഥാപകനും മലയാളിയുമായ സണ്ണി വർക്കിയെ സമിതി അംഗമായി തിരഞ്ഞെടുത്തു. 

2019 സഹിഷ്ണുതാവർഷമായിരിക്കുമെന്ന യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ  പ്രഖ്യാപനത്തിനു പിന്നാലെയാണ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സുപ്രീം നാഷനൽ കമ്മിറ്റി ഫൊർ ടോളറൻസ് എന്ന പേരിൽ സമിതി രൂപീകരിച്ചത്. വിദേശകാര്യ, രാജ്യാന്തര സഹകരണമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് സമിതി അധ്യക്ഷൻ. മന്ത്രിമാരും സന്നദ്ധസംഘടനാ പ്രതിനിധികളും അംഗങ്ങളാണ്. 

സഹിഷ്ണുതയിൽ അധിഷ്ഠിതമായ നയസമീപനങ്ങളും   നിയമങ്ങളും ഓരോ പ്രവൃത്തിയിലും യാഥാർഥ്യമാക്കി  യു.എ.ഇയെ ലോകത്തിനു മാതൃകയാക്കുമെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.  പ്രാദേശിക, മേഖലാ, രാജ്യാന്തര തലങ്ങളിൽ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും ഒാരോ ഘട്ടത്തിലും പുരോഗതി വിലയിരുത്തുകയും ചെയ്യും. നടത്തിപ്പ് ഏകോപിപ്പിക്കാൻ ഏഴു എമിറേറ്റുകളിലും പ്രത്യേക സമിതികൾ ഉണ്ടാകും. 7 തലങ്ങൾ കേന്ദ്രീകരിച്ചാകും സഹിഷ്ണുതാവർഷാചരണം. ഒാരോ വ്യക്തിക്കും പങ്കാളിത്തമുള്ള വ്യത്യസ്ത മേഖലകളിൽ സഹിഷ്ണുതാ ശീലങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യം. 

സാമൂഹികം, വിദ്യാഭ്യാസം, തൊഴിലിടങ്ങൾ, സാംസ്കാരികം, നിയമം, മാധ്യമരംഗം എന്നിവയ്ക്കു പുറമെ രാജ്യം പിന്തുടരുന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യുഎഇ മാതൃകയും മുന്നോട്ടുവയ്ക്കും. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ നൂറാം ജന്മവാർഷികം ഷെയ്ഖ് സായിദ് വർഷമായി ആചരിക്കുന്നതിനു പിന്നാലെയാണ് സഹിഷ്ണുതാ വർഷാചരണം.

MORE IN GULF
SHOW MORE