വില്ലയിൽ എത്തിച്ച് വിദ്യാർഥിയെ പീഡിപ്പിച്ചു; ദുബായിൽ യുവാവിന് ജീവപര്യന്തം

representative-image
SHARE

വിദ്യാർഥിനിയായ ഈജിപ്ഷ്യൻ യുവതിയെ മർദിച്ച ശേഷം വില്ലയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍ 24 വയസ്സുള്ള ഇമിറാത്തി യുവാവിന് ശിക്ഷ. ജീവപര്യന്തം തടവുശിക്ഷയാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. യുവതിയെ ശാരീരികമായി ഉപയോഗിച്ച പ്രതി ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്തുവെന്നാണ് കേസ്. മാനഭംഗം, ലൈംഗിക പീഡനം, മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറാൻ ടെക്നോളജിയെ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു. 25 വർഷം തടവാണ് ജീവപര്യന്തം ശിക്ഷയുടെ കാലാവധി. ഈ വർഷം ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് പരാതിക്കാരിയായ വിദ്യാർഥിനി പറയുന്നത് ഇങ്ങനെ: ‘എന്തോ സംസാരിക്കാനുണ്ടെന്ന് ഫോണിൽ പറഞ്ഞതുകൊണ്ടാണ് അയാളുടെ സ്ഥലത്തേക്ക് പോയത്. അവിടെ ചെന്നപ്പോൾ എന്നെ തോളിൽ കയറ്റി മുകളിലേക്ക് കൊണ്ടുപോയി. ബെഡ്റൂമിൽ കൊണ്ടുപോയശേഷം എന്നോട് ഒന്നും സംസാരിക്കാനില്ലെന്നും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയാണ് വേണ്ടതെന്നും പറഞ്ഞു. എന്നാൽ, ഞാൻ അത് നിഷേധിച്ചു. പക്ഷേ, അയാൾ മർദിച്ച ശേഷം നിർബന്ധപൂർവം ചെയ്തു.’.

യുവതിയുടെ തലയ്ക്ക് മർദിച്ച് അവശയാക്കിയിരുന്നു. ബോധം വന്നപ്പോൾ നഗ്നയായി കിടക്കുന്നതാണ് കണ്ടത്. പ്രതി നിരവധി തവണ മർദിക്കുകയും മുടിപിടിച്ച് വലിക്കുകയും ചെയ്തുവെന്നും വിദ്യാർഥിനി മൊഴിയിൽ പറഞ്ഞു. വില്ലയിൽ നിന്നും പോകുമ്പോൾ മുടി ശരിയാക്കാനും മുഖത്ത് ഭയം വേണ്ടെന്നും പ്രതി പറഞ്ഞുവെന്നും പഴ്സ് തിരികെ നൽകുകയും ചെയ്തുവെന്നുമാണ് കോടതി രേഖകളിൽ വ്യക്തമാക്കുന്നത്.  

എന്നാൽ, യുവതിയുമായി പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പ്രതി പറഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നു. വില്ലയിൽ സൂക്ഷിച്ചിരുന്ന 50,000 ദിർഹം യുവതി മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് മനസിലാക്കിയപ്പോൾ യുവതിയെ മർദിച്ചുവെന്നാണ് പ്രതി പറയുന്നത്. ഇയാളുടെ രണ്ടു സുഹൃത്തുക്കളും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വൈദ്യപരിശോധനയിൽ കാര്യങ്ങൾ വ്യക്തമായി. പ്രതിയുടെ ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ടായതിന്റെ ലക്ഷണങ്ങൾ ഉണ്ട്. കൂടാതെ പ്രതിയുടെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച സംഭവത്തിന്റെ ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ലഭിച്ചു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.