എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്ക് അധിക ഫീസ്

air-india3
SHARE

എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്ക് അധിക ഫീസ് ഏർപ്പെടുത്തി. വൺവേയ്ക്ക് നൂറ്റിഅറുപത്തിയഞ്ചു ദിർഹമാണ് അധികം നൽകേണ്ടത്. ടിക്കറ്റ് നിരക്കിനു പുറമേയാണ് അധികനിരക്ക് നൽകേണ്ടത്.

പതിവുപോലെ പ്രവാസികൾക്ക് തിരിച്ചടിയാകുന്ന തീരുമാനമാണ് ദേശീയ വിമാനക്കമ്പനിയായ എയർഇന്ത്യ എക്സ്പ്രസിൽ നിന്നുണ്ടായിരിക്കുന്നത്. ഒറ്റയ്ക്ക് നാട്ടിൽ പോയിവരുന്ന 5 മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ അൺഅക്കംപനീഡ് മൈനർ വിഭാഗത്തിലാണ് വിമാനത്തിൽ തനിച്ച് യാത്ര ചെയ്യാൻ അനുവദിക്കുന്നത്. നേരത്തെ പ്രത്യേക ചാർജ് ഇതിന് ഈടാക്കിയിരുന്നില്ല. എന്നാൽ ഇനി ഒരു കുട്ടി തനിച്ചു പോയി മടങ്ങിവരണമെങ്കിൽ ആറായിരത്തിനാന്നൂറു രൂപയോളം അധികം നൽകേണ്ടിവരും. പുതുതായി ഏർപ്പെടുത്തിയ നിരക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഈടാക്കും. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കിൽ എയർഇന്ത്യ എക്സ്പ്രസ് ഓഫിസിലെത്തി അധിക തുക അടയ്ക്കേണ്ടിവരും. യാത്ര റദ്ദാക്കിയാൽ തുക തിരികെ ലഭിക്കില്ല. മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റുകയാണെങ്കിൽ തുക വീണ്ടും അടയ്ക്കേണ്ടതില്ല. അതേസമയം, അധികഫീസ് ഈടാക്കുന്നതിനെതിരെ പ്രവാസിസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സ്കൂൾ അവധിക്കാലത്ത് മക്കളെ ഒറ്റയ്ക്ക് നാട്ടിലേക്ക് അയക്കുന്ന മാതാപിതാക്കളെ വെട്ടിലാക്കുന്ന തീരുമാനം പിൻവലിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് ആവശ്യം.

MORE IN GULF
SHOW MORE