ഞാനിതാ അരികിലെത്തിയില്ലേ; ബാലികയുടെ കവിളിൽ ഷെയ്ഖ് മുഹമ്മദിന്റെ വാൽസല്യമുദ്ര, വിഡിയോ

dubai-sheik
SHARE

ദുബായ്: സ്വദേശി ബാലിക സലാമ അൽ ഖതാനിക്ക് സങ്കടം സഹിക്കാനായില്ല. പ്രതീക്ഷിച്ച പോലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദേശീയദിന ആശംസാവചനങ്ങളുമായി ഫോൺ കോൾ ലഭിച്ചില്ലെന്നതായിരുന്നു ബാലികയുടെ ദുഃഖം. കരഞ്ഞുകലങ്ങിയ കണ്ണുകളോടെയായിരുന്നു അവൾ അൽഎെനിലെ മനോഹരമായ വീട്ടുമുറ്റത്തെ ബെഞ്ചിലിരുന്ന് മണിക്കൂറുകൾ തള്ളിനീക്കിയത്. കൂട്ടുകാർക്കെല്ലാം ഫോൺ കോൾ ലഭിച്ചു. തനിക്ക് മാത്രം എന്താണ് ലഭിക്കാത്തതെന്ന് എത്ര ആലോചിച്ചിട്ടും ആ കുഞ്ഞുമനസിന് മനസിലായില്ല.  എന്നാൽ, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് സലാമയുടെ വീട്ടിലെത്തി. പതുക്കെ നടന്നുവന്ന് ബാലികയെ ചേർത്തുപിടിച്ച് കൈ പിടിച്ചുകുലുക്കിക്കൊണ്ട് അദ്ദേഹം ആശംസകൾ നേർന്നു.

ഡിസംബർ ഒന്നിനായിരുന്നു യുഎഇ സ്വദേശികൾക്ക് 1971 എന്ന നമ്പരിൽ നിന്ന് ഷെയ്ഖ് മുഹമ്മദിന്റെ നേരത്തെ റെക്കോർഡ് ചെയ്ത ആശംസാ സന്ദേശമെത്തിയത്. ഒട്ടേറെ കുട്ടികൾ തങ്ങൾക്ക് സന്ദേശം ലഭിച്ചതിന്റെ ആഹ്ളാദത്തിൽ കഴിയവേ, സലാമയും ആ വിളിക്കായി കാത്തിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. അദ്ദേഹം എന്നെ വിളിച്ചില്ലെന്ന് പരിതപിച്ചുകൊണ്ടാണ് അന്ന് കുട്ടി കഴിഞ്ഞത്. 

ഇതറിഞ്ഞ് സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട ഷെയ്ഖ് മുഹമ്മദ് സലാമയുടെ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു. അവളുടെ അരികിലിരുന്ന് കുഞ്ഞുകൈകൾ പിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചു. മറ്റുള്ളവർക്ക് ഫോൺ കോൾ മാത്രമേ കിട്ടിയുള്ളൂ. എന്നാൽ ഇതു കണ്ടോ, സലാമയുടെ അരികിൽ നേരിട്ടെത്തി ഞാൻ ആശംസകൾ കൈമാറുന്നു. സലാമ എന്റെ മകളാണ്. ദൈവാനുഗ്രഹമുണ്ടാകട്ടെ. ഇനി എല്ലാവരോടും ചെന്ന് പറയൂ, ഞാൻ നേരിട്ട് മോളെ കണ്ടെന്ന്..– കവിളിൽ വാത്സല്യമുദ്ര ചാർത്തിക്കൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് ബാലികയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊടിഞ്ഞു. ഇൗ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വൈറൽ. ഇതു കണ്ടവരെല്ലാം ഷെയ്ഖ് മുഹമ്മദിന്റെ സഹാനുഭൂതിയെ അകമഴിഞ്ഞ് പ്രശംസിക്കുന്നു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.