കനലുകള്‍ താണ്ടി യുഎഇയില്‍; എത്തിപ്പെട്ടത് ചതിക്കുഴിയില്‍: മലയാളി യുവതിയുടെ അനുഭവം

GULF
SHARE

‘കനലുകൾ ഏറെ ചവിട്ടി നൊന്താണ് ഇവിടെയെത്തിയത്. ഒടുവിൽ ഏജന്റിന്റെ ചതിമൂലം പെരുവഴിയിലുമായി. ഞങ്ങളുടെ ദുരനുഭവം മറ്റാർക്കുമു‌ണ്ടാകരുതെന്നാണ് പ്രാർഥന. അതുകൊണ്ടാണ് എല്ലാം തുറന്നുപറയുന്നത്...’ വീസാ ഏജന്റിന്റെ ചതിയിൽപ്പെട്ട് ഷാർജയിൽ കുടുങ്ങിയ മലയാളി യുവതിയുടേതാണ് ഇൗ വാക്കുകൾ. യുവതിയടക്കം ദുരിതത്തിലായ മൂന്നു കോട്ടയം സ്വദേശികൾക്ക് ഒടുവിൽ സാമൂഹിക പ്രവർത്തകർ തുണയായി. ഇവരിപ്പോൾ ഷാർജ മലയാളി കൂട്ടായ്മയുടെ പ്രവർത്തകരുടെ സംരക്ഷണയിലാണ്.

നവംബർ 26നാ‌ണ് 31കാരിയും നാട്ടുകാരും അകന്ന ബന്ധുക്കളുമായ 25, 22 വയസുകളുള്ള യുവാക്കളും ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. കൂട്ടിക്കൊണ്ടുപോകാൻ വിമാനത്താവളത്തിൽ ഏജന്റിന്റെ ആളെത്തിയിരുന്നു. ഇയാൾ ഇവരെ റോള മാളിനടുത്തേയ്ക്കാണ് കൂട്ടിക്കൊണ്ടുപോയത്. അവിടെ രണ്ട് മുറികളിലായി താമസ സൗകര്യമൊരുക്കി. പാസ്പോർട് കോഴിക്കോട് സ്വദേശിയായ ഏജന്റ് വാങ്ങിയെങ്കിലും ജോലി നൽകുന്ന കാര്യത്തിൽ വ്യക്തത കൈവന്നില്ല. പിന്നീട് ചോദിച്ചപ്പോൾ, ഇവിടെ എത്തിയാൽ കൂട്ടിക്കൊണ്ടുപോയി താമസ സ്ഥലത്താക്കണമെന്നു മാത്രമേ തനിക്ക് നാട്ടിലെ ഏജന്റിൽ നിന്നു നിർദേശം ലഭിച്ചുള്ളൂ എന്നായിരുന്നു മറുപടി .ഇതോടെ തങ്ങൾ കുടുക്കിൽപ്പെട്ടതാണെന്നു മൂവർക്കും മനസിലായി. പിറ്റേന്ന് രാവിലെ താമസ സ്ഥലത്തിന്റെ വാടക ചോദിച്ച് ആളെത്തിയപ്പോൾ തങ്ങൾ ചതിക്കപ്പെട്ടിരിക്കുകയാണെന്നും തിരിച്ചറിഞ്ഞു. കൈയിൽ ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ ബാഗുകളും മറ്റും എടുത്ത് പുറത്തിട്ടു, ഫ്ലാറ്റിൽ നിന്ന് ഇറക്കിവിട്ടു. മൂവർക്കും തങ്ങളുടെ ദുർവിധിയോർത്ത് കണ്ണീർപൊഴിക്കാനേ കഴിഞ്ഞുള്ളൂ.

സന്ദർശക വീസയ്ക്ക് 65,000 രൂപ; യുഎഇയിലേയ്ക്ക് ഡൽഹി വഴി

തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ സുഹൃത്ത് പരിചയപ്പെടുത്തിയ ഏജന്റ്  തൊഴിൽ വീസ എന്നു പറഞ്ഞ് ഒരാളിൽ നിന്ന് 65,000 രൂപ വീതം പിടുങ്ങി നൽകിയത് യുഎഇ സന്ദർശക വീസ. അതിലൂടെ ഇവിടെയെത്താൻ ഡൽഹിയാത്രയും നടത്തേണ്ടി വന്നു. 

ഇൗ മാസം 15നായിരുന്നു ഏജന്റിന്റെ നിർദേശപ്രകാരം മൂവരും ഡൽഹിയിലെത്തിയത്. 18ന് വിമാന ടിക്കറ്റ് ശരിയാകുമെന്ന് പറഞ്ഞു തലസ്ഥാന നഗരിയിലെ കുടുസ്സുമുറികളിൽ താമസ സൗകര്യം നൽകി. ആദ്യം 40,000 രൂപയാണ് ഒാരോരുത്തരും നൽകിയത്. ബാക്കി യുഎഇയിലെത്തി ജോലിയിൽ പ്രവേശിച്ചാൽ നൽകിയാൽ മതിയെന്നായിരുന്നു കരാർ. എന്നാൽ, ഡല്‍ഹിയിലെത്തിയപ്പോൾ നാട്ടിലെ ഏജന്റിന്റെ കണ്ണിയായ ഡൽഹിക്കാരൻ തനി സ്വഭാവം പുറത്തെടുത്തു. മുഴുവൻ തുക ലഭിക്കാതെ വീസയും വിമാന ടിക്കറ്റും നൽകില്ലെന്നായിരുന്നു നിലപാട്. പാസ്പോർട്ടുകളും ഇയാൾ പിടിച്ചുവച്ചു.

ഇതോടെ യാത്ര പാതിവഴിയിലാവുകയും വീണ്ടും നാട്ടിലേയ്ക്ക് തിരിച്ചുപോക്ക് ഒാർക്കാൻ പോലും വയ്യാത്തതിനാൽ ബാക്കി പണം ഒപ്പിച്ച് നൽകുകയും ചെയ്തു. ദുബായിലെ മറീന മാളിൽ ആയിരുന്നു മൂവർക്കും മികച്ച ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തിരുന്നത്! അങ്ങനെ ഒൻപത് ദിവസത്തെ ദുരിതത്തിന് ശേഷം 25ന് മൂവരും ഷാർജയിലേയ്ക്ക് വിമാനം കയറി.

യുഎഇയിൽ പ്രണയിച്ച് വിവാഹം; ഭർത്താവ് അർബുദ രോഗി

യുവതി നേരത്തെ മൂന്ന് വർഷം യുഎഇയിൽ ജോലി ചെയ്തിരുന്നയാളാണ്. ഷാർജ ഫ്രീസോണിലെ ഒരു കമ്പനിയിൽ പ്രതിമാസം 525 ദിർഹമയായിരുന്നു ശമ്പളം. ഇതിനിടെയാണ് ഒരു യുവാവുമായി പ്രണയത്തിലായത്. രണ്ടുപേരുടെയും ജാതിയും സാമ്പത്തിക നിലയും വ്യത്യസ്തമായതിനാൽ ബന്ധുക്കളിൽ നിന്ന് എതിർപ്പുകളുണ്ടായി. തീവ്ര പ്രണയത്തിന് മുൻപിൽ അതെല്ലാം അലിഞ്ഞില്ലാതായി. എങ്കിലും യുവതിയെ സ്വീകരിക്കാൻ ഭർത്താവിന്റെ കുടുംബം തയ്യാറായില്ല. യുവതി തിരിച്ച് യുഎഇയിലേയ്ക്ക് വന്നില്ല. എന്നാൽ, ഭർത്താവ് പിന്നീട് ജോലി തേടി സൗദിയിലേയ്ക്ക് പോയി. അടുത്തിടെയാണ് ഇയാൾക്ക്  അർബുദം ബാധിച്ചതായി മനസിലായത്. എന്നാൽ, നാട്ടിലെത്തിയാൽ ചികിത്സയ്ക്ക് വഴി കണ്ടെത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ് സൗദിയിൽ തന്നെ ജോലിയിൽ തുടരുന്നു. ഭർത്താവിന്റെയോ തന്റെയോ ബന്ധുക്കളിൽ നിന്ന് യാതൊരു സഹായവും ലഭിക്കാൻ ഇടയില്ലെന്ന് മനസിലാക്കിയാണ് താൻ വീണ്ടും ജോലി അന്വേഷിച്ച് യുഎഇയിലേയ്ക്ക് വരാൻ തീരുമാനിച്ചതെന്ന് യുവതി കണ്ണീരോടെ പറയുന്നു. വാർധക്യവും രോഗങ്ങളും മൂലം കഷ്ടപ്പെടുന്ന അച്ഛനുമമ്മയും മാനസികാസ്വാസ്ഥ്യമുള്ള സഹോദരനും യുവതിയുടെ സങ്കടം തന്നെ.

യുവാക്കൾ ഡ്രൈവർമാർ; മെച്ചപ്പെട്ട ജീവിതം തേടി ഗൾഫിലേയ്ക്ക്

നാട്ടിൽ ഡ്രൈവർമാരായിരുന്നു ചതിയിൽപ്പെട്ട രണ്ട് യുവാക്കളും. 25 വയസുള്ള യുവാവ് ഫോർവീലർ ഒാടിച്ച് ജീവിക്കുകയായിരുന്നു. അച്ഛൻ, അമ്മ, വല്യച്ഛൻ, വല്യമ്മ, സഹോദരി എന്നിവരുടെ ആശ്രയമായിരുന്നു ഇയാൾ. 

22 വയസുകാരൻ പാചക വാതക സിലിണ്ടറുകളുടെ വിതരണ കമ്പനിയിലെ ഡ്രൈവറായിരുന്നു. അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള രണ്ടുപേരും മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചാണ് ഗൾഫ് യാത്രയ്ക്കൊരുങ്ങിയത്. എന്നാൽ അതു ഇങ്ങനെ ദുരിതക്കടലിൽ മുങ്ങിയതോർത്ത് ഇപ്പോൾ കണ്ണീർ പൊഴിക്കാനേ കഴിയുന്നുള്ളൂ. 

ഏജന്റുമാരുടെ കെണിയിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

ഭാഗ്യം കൊണ്ട് മാത്രമാണ് മൂവരും യുഎഇയിലെ വീസാ ഏജന്റുമാരുടെ കെണിയിൽ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ ദുരിതം മനസിലാക്കിയ, ഇവർ താമസിച്ചിരുന്ന റോളാ മാളിനടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന ഷമീർ എന്നയാൾ ഷാർജ മലയാളി കൂട്ടായ്മയുടെ പ്രവർത്തകരെ വിവരം ധരിപ്പിക്കുകയായിരുന്നു. പ്രവർത്തകരായ ദിനൽ തൃശൂർ, റീമാ ജെയ്സൺ തുടങ്ങിയവർ ഉടൻ സംഭവ സ്ഥലത്തെത്തി മൂവരെയും കൂട്ടിക്കൊണ്ടുവന്നു. ഇവർക്ക് താമസിക്കാൻ താൽക്കാലിക ഇടം നല്‍കുകയും ജോലിക്ക് വേണ്ടിയുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ജോലി നൽകാൻ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ തങ്ങളെ ബന്ധപ്പെടണമെന്ന് ഇവർ പറഞ്ഞു. 

വീസാ ത‌ട്ടിപ്പുകൾ തുടരുന്നു; ഇരകള്‍ യഥേഷ്ടം

ഗൾഫിലേയ്ക്കുള്ള വീസാ തട്ടിപ്പു കേസുകളുടെ കഥകൾ നിരന്തരം മാധ്യമങ്ങൾ റിപ്പോർട് ചെയ്യുകയും വീസാ നടപടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ തുടർക്കഥകളാകുന്നു. തട്ടിപ്പിൽപ്പെട്ട് ഗൾഫിലെത്തുന്നവർ ഇപ്പോഴും തുടരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ ദിനൽ തൃശൂർ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ ആഴ്ചയിലൊന്നെങ്കിലും ഇടപെടേണ്ടി വരുന്നു. ഇതിൽ വിദ്യാഭ്യാസമുള്ള മലയാളികളുമുണ്ടെന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഷാർജയിൽ തന്നെ ഇത്തരം തട്ടിപ്പിൽപ്പെട്ട് മാനസികാസ്വാസ്ഥ്യത്തോടെ അലഞ്ഞു നടന്ന ഒരു യുവാവിനെ കണ്ടെത്തിയിരുന്നു. അൽഎെനിലെ അജ്ഞാത സ്ഥലത്ത് കുടുങ്ങിയ മലയാളി യുവതിയെക്കുറിച്ച് മനോരമ കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്തിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം നടന്നുവരുന്നു.

ഗൾഫിലേയ്ക്ക്  ജോലി ലഭിച്ചോ, അല്ലാതെയോ വരാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി സന്ദർശക വീസയാണോ തൊഴിൽവീസയാണോ തരുന്നതെന്നും ഇതിന് എത്ര ചെലവ് വരുമെന്നും അന്വേഷിക്കണം. യഥാർഥ കമ്പനിയുടെ വീസയാണോ എന്നന്വേഷിക്കേണ്ടതും പ്രധാന കാര്യം തന്നെ. മലയാളികളാണെങ്കിൽ കേരളത്തിൽ നിന്ന് തന്നെ യാത്ര പുറപ്പെടാനാണ് ഉദ്ദേശിക്കുന്നതെന്ന് ഏജന്റുമാരോട് പറയണം. നോർക്കാ സെൽ ഗൾഫിലെ തൊഴിലിന് വഴികാട്ടിയായി ഉണ്ട്. പലരും തങ്ങളുടെ മോശം ജീവിത സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ ഇതൊന്നും ചിന്തിക്കുന്നില്ല. അവരാണ് കുടുങ്ങുന്നത്. ഇവിടെ വന്ന് നരകയാതന അനുഭവിക്കുന്നതിലും ഭേദം നാട്ടിൽ കുറച്ച് സമയം അന്വേഷണത്തിനായി ചെലവിടുന്നതല്ലേ എന്ന് റീമാ ജെയ്സൺ പറയുന്നു.

MORE IN GULF
SHOW MORE