ഞെട്ടിച്ച 'ബിരിയാണി'ക്കൊലയിൽ വാസ്തവമെന്ത്? ;അബുദാബി പൊലീസിന്റെ അപേക്ഷ ഇങ്ങനെ

biriyani-murder
SHARE

അൽഐയ്നിൽ കാമുകി, കാമുകനെ കൊലപ്പെടുത്തി ഭക്ഷണമാക്കി വിളമ്പിയെന്ന കേസിൽ വിശദീകരണവുമായി അബുദാബി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും യാഥാർഥ്യത്തേക്കാൾ വലിയ സംഭവമാണ് പ്രചരിക്കുന്നതെന്നും അബുദാബി പൊലീസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരം റിപ്പോർട്ടുകൾ ഇപ്പോൾ നടക്കുന്ന നടപടികളെ ബാധിക്കും. കേസ് കോടതിയുടെ പരിഗണനയിലാണെന്നും പൊലീസ് അധികൃതർ അറിയിച്ചു. 

കാമുകനെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ ഭക്ഷണമാക്കി ജോലിക്കാർക്ക് വിളമ്പിയെന്ന റിപ്പോർട്ടുകൾ ശരിയല്ല. ഇക്കാര്യം യുവതിയും നിഷേധിച്ചുവെന്ന് കേസ് അന്വേഷിക്കുന്ന സംഘത്തിലെ അബുദാബി പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കേസ് നടപടികൾ പുരോഗമിക്കുന്നതിനാൽ കുടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. മൊറോക്കൻ സ്വദേശിനിയായ കാമുകിയാണ് ഇതേനാട്ടുകാരനായ കാമുകനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അതിക്രൂരമായ വാർത്തകളായിരുന്നു അറബ് മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്തിരുന്നത്.

വെളിപ്പെടുത്തലുമായി അഭിഭാഷകൻ

യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ആണെന്നും മക്കൾ പിതാവിനൊപ്പം മൊറോക്കയിൽ ആണു താമസമെന്നും അഭിഭാഷകൻ കോടതിയിൽ വെളിപ്പെടുത്തി. യുവതി കഴിഞ്ഞ പത്തുവർഷമായി യുഎഇയിൽ ആണു താമസം. ഏഴു വർഷങ്ങൾക്കു മുൻപാണ് കൊല്ലപ്പെട്ട യുവാവിനെ പരിചയപ്പെടുകയും ഇഷ്ടത്തിലാകുകയും ചെയ്തത്. അടുത്തടുത്ത കടകളിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. സംഭവം നടന്ന ദിവസം ഇരുവരും സുഹൃത്തുക്കളുമായി കറങ്ങാൻ പോയിരുന്നു. പുലർച്ചെ മൂന്നു മണിയോടെ യുവതിയെ തിരികെ വീട്ടിലെത്തിച്ചതും കാമുകൻ തന്നെയാണ്. 

തുടർന്ന് ഉച്ചയോടെ വീണ്ടും യാത്രപോകാൻ കാമുകൻ യുവതിയെ വിളിച്ചെങ്കിലും അവർ അതിനു സമ്മതിച്ചില്ല. മറ്റൊരു ഫ്ലാറ്റിലേക്കു താമസം മാറുന്നതിന്റെ തിരക്കിലായിരുന്ന യുവതി വീട്ടുസാധനങ്ങൾ മാറ്റുന്നതിനു തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ കാമുകൻ യുവതിയെ അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും തല മേശയിൽ ഇടിപ്പിക്കുകയും ചെയ്തതായി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്നുണ്ടായ ദേഷ്യത്തിൽ യുവതി സമീപത്തുണ്ടായിരുന്ന കത്തിയെടുത്ത് കാമുകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു എന്ന് അഭിഭാഷകൻ വാദിച്ചു. തന്റെ കക്ഷിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. 

ക്രൂരത പുറത്തറിഞ്ഞത് ഇങ്ങനെ

യുവാവിന്റെ അജ്മാനിലുള്ള സഹോദരൻ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്നു മാസം മുൻപ് കാമുകൻ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടതോടെ ഇരുവരും തമ്മിൽ തെറ്റുകയും താമസിച്ചിരുന്ന ക്വാർട്ടഴ്സിൽ നിന്നു ഇയാളെ പുറത്താക്കിയെന്നും കാമുകി പറഞ്ഞു. എന്നാൽ, സംശയം തോന്നിയതിനെത്തുടർന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. ഇതിലാണ് നിർണായകമായ കാര്യങ്ങൾ പുറത്തറിഞ്ഞത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.