അബുദാബി കരാട്ടെ ചാംപ്യൻഷിപ്പിൽ മൂന്നര വയസുകാരിയുടെ അമ്പരപ്പിക്കുന്ന പ്രകടനം

kavya-rajput
SHARE

അബുദാബി ഇന്‍റർനാഷനൽ കരാട്ടെ ചാംപ്യൻഷിപ്പിൽ മൂന്നര വയസുകാരി കാവ്യ രജ്പുതിന്‍റെ  മിന്നുന്ന പ്രകടനം മത്സരാർഥികളെയും കാണികളെയും ആവേശത്തിലേറ്റി. ഡൽഹിയിൽ നിന്നെത്തിയ കാവ്യ പ്രായത്തെ വെല്ലുന്ന പ്രകടനത്തിലൂടെ ഒരു സ്വർണവും ഒരു വെള്ളി മെഡലുമാണ് സ്വന്തമാക്കിയത്.  കത്ത വിഭാഗത്തിലായിരുന്നു സ്വർണം. കുമിതെയിൽ അഞ്ചു വയസുകാരിയുമായി ഏറ്റുമുട്ടിയത്  വെള്ളിത്തിളക്കത്തോടെ.  ഏഴു വയസിന് താഴെയുള്ള വിഭാഗത്തിലായിരുന്നു മത്സരം. പിതാവ് രജ്പുതിന്‍റെ കീഴിലുള്ള കരാട്ടെ ക്ലബിൽ കുഞ്ഞുനാളിലേ പഠിതാവായ കാവ്യ രാജ്യാന്തര മത്സരത്തിനെത്തുന്നത് ഇതാദ്യാമാണ്. ചാംപ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയും കാവ്യയായിരുന്നു.

വിന്നർ കരാട്ടെ ക്ലബ് സംഘടിപ്പിച്ച രാജ്യാന്തര കരാട്ടെ ചാംപ്യൻഷിപ്പിൽ  ഇന്ത്യ, യുഎഇ, നേപ്പാൾ, ശ്രീലങ്ക, ഒമാൻ, ഫിലിപ്പീൻസ് തുടങ്ങി 24 രാജ്യങ്ങളിൽനിന്നുള്ള 560  വിദ്യാർഥികൾ പങ്കെടുത്തു.  കത്ത, കുമിതെ എന്നീ ഇനങ്ങളിലായി മൂന്നര മുതൽ 55 വയസുവരെയുള്ളവർ മത്സരിക്കാനെത്തിയിരുന്നു. ടൂർണമെന്‍റ് ഡയറക്ടറും വേൾഡ് കരാട്ടെ ഫെഡറേഷൻ എ ഗ്രേഡ് റഫറിയും ജഡജിയും കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ റഫറി കമ്മീഷൻ ചെയർമാൻകൂടിയായ കിയോഷി പരംജിത് സിങ്, സംഘാടക സമിതി ചെയർമാൻ ഷിഹാൻ മുഹമ്മദ് സലീം, കൺവീനർ ഷിഹാൻ എംഎ ഹക്കീം, ടൂർണമെന്‍റ് കോ ഓർഡിനേറ്റർ അരുൺ കൃഷ്ണൻ, സെൻസായി ഷാജഹാൻ, സെൻസായ് സഗീർ തുടങ്ങിയവർ ചാംപ്യൻഷിപ്പിനു നേതൃത്വം നൽകി.

MORE IN GULF
SHOW MORE